അർജന്റീനയിലേക്ക് തിരിച്ചു വന്നാൽ കുടുംബാംഗങ്ങളെ ഇല്ലാതാക്കും, ഏഞ്ചൽ ഡി മരിയക്ക് കാർട്ടലിന്റെ ഭീഷണി | Angel Di Maria
കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ അർജന്റീന നേടിയ മൂന്നു പ്രധാന കിരീടങ്ങളും നേടിയ അർജന്റീന ടീമിന് വേണ്ടി തകർപ്പൻ പ്രകടനം നടത്തിയ താരമാണ് ഏഞ്ചൽ ഡി മരിയ. ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ താരം നടത്തിയ പ്രകടനം ഒരാൾക്കും മറക്കാൻ കഴിയില്ല. എന്നാൽ ഈ നേട്ടങ്ങളെല്ലാം അർജന്റീനക്ക് സ്വന്തമാക്കി നൽകിയ താരമിപ്പോൾ സ്വന്തം നാട്ടിൽ നിന്നും വലിയൊരു ഭീഷണി നേരിടുകയാണ്.
അർജന്റീനയുടെ പല പ്രദേശങ്ങളിലും കാർട്ടലുകളുടെ സ്വാധീനമുണ്ട്. അവിടുത്തെ ഗവണ്മെന്റിനെ പോലും നിയന്ത്രിക്കാൻ കഴിവുള്ള സഖ്യമാണ് കാർട്ടലുകൾ. ഇത്തരത്തിൽ ഡി മരിയയുടെ നാടായ റൊസാരിയോയിലുള്ള ഒരു കാർട്ടലിൽ നിന്നുമാണ് താരത്തിന് ഭീഷണി വന്നിരിക്കുന്നത്. താരത്തിന്റെ കുടുംബാംഗങ്ങൾക്കും സഹോദരിക്കും എതിരെയാണ് ഭീഷണിയുണ്ടായത്.
🚨😥 BREAKING: Ángel Di María's parents and sister have suffered threats by some cartel in Rosario!
"Tell your son Ángel not to return to Rosario, because otherwise we will ruin everything by kil**ng a family member. Not even [Santa Fé governor] Pullaro will save you.”
— All About Argentina 🛎🇦🇷 (@AlbicelesteTalk) March 25, 2024
“നിങ്ങളുടെ മകനോട് റൊസാരിയോയിലേക്ക് തിരിച്ചു വരരുതെന്ന് പറഞ്ഞേക്കുക. അതല്ലെങ്കിൽ നിങ്ങളുടെ കുടുംബാംഗങ്ങളിലൊരാളെ ഇല്ലാതാക്കി എല്ലാം ഞങ്ങൾ നശിപ്പിക്കും. സാന്റാ ഫോയിലെ ഗവർണറായ പുല്ലാറോക്ക് പോലും നിങ്ങളെ രക്ഷിക്കാൻ കഴിയില്ല.” ഇതായിരുന്നു കഴിഞ്ഞ ദിവസം കാർട്ടലിൽ നിന്നും ഡി മരിയയുടെ കുടുംബാംഗങ്ങൾക്ക് ലഭിച്ച സന്ദേശം.
റിപ്പോർട്ടുകൾ പ്രകാരം ഡി മരിയയുടെ കുടുംബത്തിനു വന്ന സന്ദേശം അർജന്റീന ടീമിനെ തന്നെ മാനസികമായി ബാധിച്ചിട്ടുണ്ട്. എല്ലാ താരങ്ങളും തങ്ങളുടെ കുടുംബത്തെ ആലോചിച്ച് ആശങ്കയിൽ നിൽക്കുകയാണ്. അതേസമയം ഈ വിഷയത്തിൽ എന്താണ് ചെയ്യേണ്ടതെന്നതിനെക്കുറിച്ച് ഡി മരിയ ചിന്തിക്കുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
ചില പ്രദേശങ്ങൾ കയ്യടക്കി വെക്കുന്ന കാർട്ടലുകൾ തങ്ങളുടെ ആധിപത്യം നിലനിർത്താനും ജനങ്ങളെ ഭയപ്പെടുത്താനുമാണ് ഇത്തരം ഭീഷണികൾ നടത്തുന്നത്. റൊസാരിയോ അടക്കമുള്ള പ്രവിശ്യയിൽ ഗവണ്മെന്റും കാർട്ടലും തമ്മിലുള്ള ഏറ്റുമുട്ടലുകൾ പതിവാണ്. അവിടുത്തെ പല പ്രദേശങ്ങളും ഭരിക്കുന്നത് കാർട്ടലുകൾ ആയതിനാൽ തന്നെ ഭീഷണി നിസാരമായി തള്ളിക്കളയാൻ കഴിയില്ല.
Angel Di Maria Family Receive Threats From Cartels