പ്രതിസന്ധി ഘട്ടത്തിൽ ടീമിനായി ഗംഭീര പ്രകടനം, യുവതാരത്തെ നിലനിർത്താനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഈ സീസണിൽ പരിക്കിന്റെ തിരിച്ചടികൾ ഏറ്റവുമധികം ബാധിച്ച ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. സീസണിന്റെ ആദ്യത്തെ പകുതി കഴിഞ്ഞപ്പോൾ ഒന്നാം സ്ഥാനത്തായിരുന്ന ടീം അതിനു ശേഷം തുടർച്ചയായ തോൽവികൾ വഴങ്ങി ഇപ്പോൾ അഞ്ചാം സ്ഥാനത്താണ് നിൽക്കുന്നത്. സീസൺ തുടങ്ങുമ്പോൾ ഉണ്ടായിരുന്ന അഞ്ചോളം താരങ്ങളെ നഷ്‌ടമായതാണ് ബ്ലാസ്റ്റേഴ്‌സിന് ഇത്രയും വലിയ തിരിച്ചടി നൽകിയത്.

സീസൺ തുടങ്ങുന്നതിനു മുൻപ് തന്നെ ജോഷുവ സോട്ടിരിയോയെ നഷ്‌ടമായ ബ്ലാസ്റ്റേഴ്‌സിന് സീസണിൽ മൂന്നാമത്തെ മത്സരത്തിൽ ലെഫ്റ്റ് ബാക്കായ ഐബാൻ ഡോഹ്‌ലിങ്ങിനെയും പരിക്ക് കാരണം നഷ്‌ടമായി. കഴിഞ്ഞ ഒക്ടോബറിൽ പരിക്കേറ്റു പുറത്തു പോയ താരം ഇപ്പോഴാണ് ജിം സെഷൻ ആരംഭിച്ചത്. ഈ സീസണിലിനി ഐബാൻ കളിക്കാനുള്ള സാധ്യത വളരെ കുറവാണ്.

പ്രധാന താരമായ ഐബാനെ നഷ്‌ടമായെങ്കിലും അതിന്റെ കുറവ് ബ്ലാസ്റ്റേഴ്‌സിന് ലെഫ്റ്റ് ബാക്ക് പൊസിഷനിൽ ഒരിക്കലും തോന്നിയിട്ടുണ്ടാകില്ല. അതിനു കാരണം ഐബാനു പകരക്കാരനായി ഇറങ്ങിയ ലെഫ്റ്റ് ബാക്കായ നവോച്ച സിംഗിന്റെ മികച്ച പ്രകടനമാണ്. മുംബൈ സിറ്റിയിൽ നിന്നും ലോണിൽ ബ്ലാസ്റ്റേഴ്‌സിലെത്തിയ താരം മികച്ച പ്രകടനം നടത്തി ആരാധകരുടെ പ്രിയപ്പെട്ട കളിക്കാരിലൊരാളായി മാറിയിട്ടുണ്ട്.

ഈ സീസണിൽ നടത്തിയ മികച്ച പ്രകടനം കണക്കിലെടുത്ത് നവോച്ച സിംഗിനെ ടീമിൽ തന്നെ നിലനിർത്താനുള്ള പദ്ധതി ബ്ലാസ്റ്റേഴ്‌സിനുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഐബാൻ തിരിച്ചു വരുമെങ്കിലും നവോച്ച സിങ് കൂടിയുണ്ടെങ്കിൽ ടീം ശക്തമായിരിക്കുമെന്നതാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷ. ആ പൊസിഷനിൽ കൂടുതൽ മത്സരം വരാനും അതുപകരിക്കും.

താരത്തെ നിലനിർത്തണമെങ്കിൽ മുംബൈ സിറ്റിയുടെ അനുമതി വേണമെന്ന കടമ്പയാണ് ബ്ലാസ്റ്റേഴ്‌സിന് മുന്നിലുള്ളത്. ഈ സീസണിൽ നടത്തിയ മികച്ച പ്രകടനം കാരണം മുംബൈ സിറ്റി നവോച്ചയെ തിരിച്ചു വിളിക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. മുൻപ് ഗോകുലം കേരളയിൽ കളിച്ചിട്ടുള്ള നവോച്ച സിങ് അവർക്കൊപ്പം ഐ ലീഗ് കിരീടം സ്വന്തമാക്കിയ താരമാണ്.

Kerala Blasters Want Naocha Singh To Stay