ലോണിൽ കളിക്കുന്ന ലാറ ശർമയെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുമോ, വിവരങ്ങളുമായി ഇവാൻ വുകോമനോവിച്ച് | Ivan Vukomanovic

ഈ സീസണിന്റെ തുടക്കത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ആശങ്കപ്പെടുത്തിയ കാര്യമായിരുന്നു ഗോൾകീപ്പർ പൊസിഷനിൽ ആരായിരിക്കും വരികയെന്നത്. ഗില്ലിന്റെ അഭാവത്തിൽ മൂന്നു താരങ്ങളാണ് ഗോൾകീപ്പിങ് പൊസിഷനിൽ ഉണ്ടായിരുന്നത്. വെറ്ററൻ താരമായ കരൺജിത്ത്, അക്കാദമിയിൽ നിന്നും വന്ന സച്ചിൻ സുരേഷ്, ബെംഗളൂരു എഫ്‌സിയിൽ നിന്നും ലോണിൽ വന്ന ലാറ ശർമ്മ എന്നിവരായിരുന്നു അത്.

കരിയറിന്റെ അവസാനത്തെ ഘട്ടത്തിലെത്തിയതിനാൽ തന്നെ കരൺജിത്തിനെ പരിഗണിക്കാതിരുന്നപ്പോൾ ഉയർന്നു വന്നത് സച്ചിൻ സുരേഷാണ്. തുടക്കത്തിലെ പതർച്ചക്ക് ശേഷം മികച്ച പ്രകടനം നടത്താൻ സച്ചിൻ സുരേഷിന് കഴിഞ്ഞപ്പോൾ താരം ആദ്യ ഇലവനിൽ സ്ഥിരസാന്നിധ്യമായി. പിന്നീട് സച്ചിൻ പരിക്കേറ്റു പുറത്തു പോയപ്പോൾ കരൺജിത്തിനും അവസരങ്ങൾ ലഭിക്കുകയുണ്ടായി.

ഇതിനിടയിൽ തഴയപ്പെട്ടത് ലാറ ശർമയാണ്. സീസണിന്റെ തുടക്കം മുതൽ പുറത്തിരിക്കുന്ന താരത്തിന് ഐഎസ്എല്ലിൽ വല കാക്കാൻ അവസരം ലഭിച്ചത് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ കഴിഞ്ഞ മത്സരത്തിലാണ്. അതിൽ ഭേദപ്പെട്ട പ്രകടനം നടത്തിയ താരത്തിന് ഹൈദെരാബാദിനെതിരെയും അവസരം ലഭിക്കുമെന്ന് പറഞ്ഞ ഇവാൻ താരത്തിന്റെ ഭാവിയെക്കുറിച്ചും സംസാരിച്ചു.

“ലാറയെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ ഒരു സീസണായിരുന്നു ഇത്. അദ്ദേഹത്തിന്റെ അച്ഛൻ മരിച്ചു പോയി. അവസാനമായി താരം കളിച്ചത് 2022 ഒക്ടോബറിലോ മറ്റോ ആണ്. നിലവിൽ ലോണിലാണ് കളിക്കുന്നതെങ്കിലും സ്ഥിരം കരാറിൽ താരത്തെ സ്വന്തമാക്കാൻ ശ്രമിക്കും. ഹൈദരാബാദ് എഫ്‌സിക്കെതിരെ ഗോൾമുഖത്ത് ലാറയാവാൻ എല്ലാ സാധ്യതയുമുണ്ട്.” ഇവാൻ പറഞ്ഞു.

ലോണിലായതു കൊണ്ടും വ്യക്തിപരമായ പ്രശ്‌നങ്ങൾ നേരിട്ടത് കൊണ്ടുമാണ് ഈ സീസണിൽ ലാറാ ശർമയ്ക്ക് അവസരം കുറഞ്ഞതെന്ന് വ്യക്തം. ലോണിലുള്ള ഒരു താരത്തെ കളിപ്പിച്ച് അവർ സ്വന്തം ടീമിലേക്ക് തിരിച്ചു പോയാൽ ബുദ്ധിമുട്ടാകുമെന്നതിനാലാണ് സച്ചിൻ സുരേഷിനു അവസരങ്ങൾ കൂടുതൽ ലഭിച്ചത്. ഹൈദെരാബാദിനെതിരെ മികച്ച പ്രകടനം നടത്തിയാൽ പ്ലേഓഫിലും അടുത്ത സീസണിലും ലാറയെ ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിൽ കാണാൻ കഴിഞ്ഞേക്കും.

Ivan Vukomanovic On Lara Sharma Future With Kerala Blasters