റോയ് കൃഷ്‌ണയെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് രംഗത്ത്, ദിമിയെ കൈവിടുമെന്ന സൂചനയോ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾക്ക് യാതൊരു പഞ്ഞവുമില്ലാത്ത സമയമാണിപ്പോൾ. നിരവധി താരങ്ങളെ ലക്ഷ്യമിട്ട് ക്ലബുകൾ വലയെറിഞ്ഞു തുടങ്ങിയിരിക്കുന്നു. പല താരങ്ങളുടെയും കരാർ അവസാനിക്കാൻ സമയമായതിനാൽ അവരുമായി ധാരണയിലെത്താനുള്ള ശ്രമവും തുടരുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സും പുതിയൊരു ടീമിനെ ഒരുക്കിയെടുക്കാനുള്ള ശ്രമത്തിലാണ്.

കേരള ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അഭ്യൂഹം ഒഡിഷ എഫ്‌സിയുടെ സ്‌ട്രൈക്കറായ റോയ് കൃഷ്‌ണക്ക് വേണ്ടി ക്ലബ് ശ്രമം നടത്തുന്നുണ്ടെന്നതാണ്. ഈ സീസണോടെ ഒഡിഷ എഫ്‌സിയുമായുള്ള കരാർ അവസാനിക്കുന്ന താരം അത് പുതുക്കാൻ ആഗ്രഹിക്കുന്നില്ല. താരത്തിനായി രംഗത്തു വന്നിട്ടുള്ള ക്ലബുകളിൽ ഒരെണ്ണം കേരള ബ്ലാസ്റ്റേഴ്‌സ് ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സിന് പുറമെ മുംബൈ സിറ്റിയും താരത്തിനായി ശ്രമം നടത്തുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഫിജി താരമായ റോയ് കൃഷ്‌ണ 2019 മുതൽ ഐഎസ്എല്ലിൽ കളിക്കുന്നുണ്ട്. എടികെ, എടികെ മോഹൻ ബഗാൻ, ബെംഗളൂരു എഫ്‌സി എന്നിവയിൽ കളിച്ചതിനു ശേഷം ഒഡിഷയിൽ എത്തിയ താരം ഒരിക്കൽ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടമുയർത്തിയിട്ടുണ്ട്.

കളിച്ച ക്ലബുകളിലെല്ലാം മികച്ച പ്രകടനമാണ് റോയ് കൃഷ്‌ണ നടത്തിയിട്ടുള്ളത്. ഈ സീസണിന്റെ തുടക്കത്തിൽ ഒഡിഷയിലേക്ക് ചേക്കേറിയ താരം സീസണിലെ ടോപ് സ്കോറർമാരിൽ ബ്ലാസ്റ്റേഴ്‌സ് താരമായ ദിമിത്രിയോസിന്റെ ഒപ്പം നിൽക്കുന്നു. മുപ്പത്തിയാറു വയസായെങ്കിലും തൊണ്ണൂറ് മിനുട്ടും ഊർജ്ജസ്വലതയോടെ കളിക്കാൻ കഴിവുള്ള താരം കൂടിയാണ് റോയ് കൃഷ്‌ണ.

മികച്ച താരാമാകാനെങ്കിലും മുപ്പത്തിയാറുകാരനായ റോയ് കൃഷ്‌ണയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശങ്ക കൂടി നൽകുന്നുണ്ട്. ഒരു സ്‌ട്രൈക്കറായ റോയ് കൃഷ്‌ണയെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയാൽ നിലവിലെ സ്‌ട്രൈക്കറായ ദിമിത്രിയോസ് ക്ലബ് വിടാനുള്ള സാധ്യത വർധിക്കും. ദിമിയുമായി കരാർ പുതുക്കണമെന്നാണ് ആരാധകരിൽ ഭൂരിഭാഗവും ആഗ്രഹിക്കുന്നത്.

Kerala Blasters Interested In Roy Krishna