ഗോവ ആരാധകരോട് യാത്ര ചോദിച്ച് നോഹ സദൂയി, ഇനി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക പ്രഖ്യാപനം മാത്രം ബാക്കി | Noah Sadaoui

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ആദ്യത്തെ പടിയായി എഫ്‌സി ഗോവയുടെ മിന്നും താരമായ നോഹ സദൂയിയെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി കഴിഞ്ഞു. ഇക്കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ലെങ്കിലും എല്ലാ റിപ്പോർട്ടുകളും അത് സംഭവിച്ചുവെന്നാണ് വ്യക്തമാക്കുന്നത്.

എന്തായാലും ഈ ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ ഒന്നുകൂടി ശരി വെച്ച് കഴിഞ്ഞ ദിവസം ഗോവ ആരാധകർക്ക് നോഹ സദൂയി സന്ദേശം നൽകിയിട്ടുണ്ട്. എഫ്‌സി ഗോവയിലെ തന്റെ കരിയർ അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കി സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് മൊറോക്കൻ താരം ആരാധകരോട് യാത്ര പറഞ്ഞുള്ള സന്ദേശം നൽകിയിരിക്കുന്നത്.

എഫ്‌സി ഗോവക്കൊപ്പമുള്ള സമയം വളരെ വിലപ്പെട്ടതാണെന്ന് വ്യക്തമാക്കിയ താരം ക്ലബ് നേതൃത്വത്തോടും കോച്ചിങ് സ്റ്റാഫുകളോടും ആദ്യത്തെ ദിവസം മുതൽ തനിക്ക് പിന്തുണ നൽകിയ ആരാധകരോടുമെല്ലാം നന്ദി അറിയിക്കുന്നു. ഇവിടം തനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ താരം ആരാധകർ ആഗ്രഹിച്ച നേട്ടങ്ങളെല്ലാം ഒരിക്കൽ തേടി വരട്ടെയെന്നും ആശംസിച്ചു.

നോഹ സദൂയി എഫ്‌സി ഗോവയോട് യാത്ര പറഞ്ഞതോടെ ഇനി താരത്തെ സ്വന്തമാക്കിയ വിവരം ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് മാത്രമാണ് ബാക്കിയുള്ളത്. കഴിഞ്ഞ രണ്ടു സീസണുകളായി എഫ്‌സി ഗോവക്ക് വേണ്ടി ഗംഭീര പ്രകടനം നടത്തിയ താരം 53 മത്സരങ്ങളിൽ നിന്നും 29 ഗോളും 16 അസിസ്റ്റുമടക്കം 45 ഗോളുകളിലാണ് പങ്കാളിയായിരിക്കുന്നത്.

മൊറോക്കൻ താരത്തിന്റെ സാന്നിധ്യം കേരള ബ്ലാസ്റ്റേഴ്‌സിന് നൽകുന്ന ഊർജ്ജം ചെറുതാവില്ല. ഐഎസ്എല്ലിൽ വളരെയധികം പരിചയസമ്പത്ത് നേടിയെടുത്ത താരത്തിന് കേരളത്തിലെ ആരാധകരുടെ പിന്തുണയിൽ കൂടുതൽ മികച്ച പ്രകടനം നടത്താൻ കഴിയും. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യത്തെ കിരീടനേട്ടം നോഹയിലൂടെ സംഭവിക്കുമെന്നാണ് ആരാധകർ എല്ലാവരും പ്രതീക്ഷിക്കുന്നത്.

fpm_start( "true" ); /* ]]> */

Noah Sadaoui Bids Farewell To FC Goa