പുതിയ പരിശീലകനു കീഴിൽ വമ്പൻ അഴിച്ചുപണി നടക്കും, ടീമിൽ സ്ഥാനമുറപ്പുള്ളത് മൂന്നു വിദേശതാരങ്ങൾക്ക് മാത്രം | Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഇന്ത്യൻ സൂപ്പർ ലീഗിലെത്തുന്ന ആദ്യത്തെ സ്വീഡിഷ് പരിശീലകനായി നാല്പത്തിയെട്ടുകാരനായ മൈക്കൽ സ്റ്റാറെയാണ് ടീമിനെ നയിക്കാൻ എത്തുന്നത്. ഉടനെ തന്നെ അദ്ദേഹം കേരളത്തിലേക്ക് വരുമെന്നും അടുത്ത സീസണിലേക്കുള്ള ടീമിന്റെ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം പുതിയ പരിശീലകൻ ടീമിൽ എത്തുന്നതോടെ ബ്ലാസ്റ്റേഴ്‌സ് നിരയിൽ വലിയൊരു മാറ്റം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പന്ത് കൈവശം വെച്ച് പിന്നിൽ നിന്നും പാസിംഗ് ഗെയിമിലൂടെ ആക്രമണം സംഘടിപ്പിക്കുന്ന ശൈലിയാണ് മൈക്കൽ പ്രധാനമായും ഉപയോഗിക്കുന്നത് എന്നതിനാൽ തന്നെ അതിനു കഴിയുന്ന താരങ്ങളെയാകും നിലനിർത്തുന്നത്.

റിപ്പോർട്ടുകൾ പ്രകാരം അടുത്ത സീസണിൽ ടീമിൽ സ്ഥാനമുറപ്പുള്ളത് മൂന്നു വിദേശതാരങ്ങൾക്ക് മാത്രമാണ്. നായകനായ അഡ്രിയാൻ ലൂണ, എഫ്‌സി ഗോവയിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ മൊറോക്കൻ താരമായ നോഹ സദൂയി, ടീമിലെ പ്രതിരോധതാരമായ മിലോസ് ഡ്രിൻസിച്ച് എന്നിവരാണ് പുതിയ പരിശീലകന്റെ കീഴിലും സ്ഥാനമുറപ്പുള്ള വിദേശതാരങ്ങൾ.

ലെസ്‌കോവിച്ച് നേരത്തെ തന്നെ ക്ലബ് വിട്ടതാണ്. കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന ഏഷ്യൻ താരമായ ഡൈസുകെയും അടുത്ത സീസണിൽ ഉണ്ടാകില്ല. മറ്റു താരങ്ങളായ ജോഷുവ, ഫെഡോർ, പെപ്ര എന്നിവരുടെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. ഫെഡോറിന്റെ കരാർ അവസാനിച്ചുവെങ്കിൽ മറ്റു രണ്ടു താരങ്ങൾക്കും ഒരു വർഷം കൂടി ടീമിനൊപ്പം കരാറുണ്ട്.

അടുത്ത സീസണിൽ ഏഷ്യൻ താരങ്ങൾ നിർബന്ധമില്ലെന്നതാണ് ജോഷുവ സോട്ടിരിയോ തുടരുമോയെന്നതിൽ ഉറപ്പില്ലാത്തതിന്റെ കാരണം. പെപ്ര പുതിയ പരിശീലകന്റെ പദ്ധതികൾക്ക് ചേരുന്ന താരമാണോ എന്ന് പരിശോധിച്ചതിനു ശേഷമാകും തീരുമാനം എടുക്കുക. എന്തായാലും പുതിയ താരങ്ങൾ ബ്ലാസ്റ്റേഴ്‌സിലേക്ക് വരുമെന്ന കാര്യത്തിൽ സംശയമില്ല.

Kerala Blasters Have Changes For Next Season