സ്വീഡിഷ് മാന്ത്രികൻ എത്താനുള്ള സാധ്യതയുണ്ട്, ട്രാൻസ്‌ഫർ അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ | Mikael Stahre

മൈക്കൽ സ്റ്റാറെ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി എത്തിയതിനു പിന്നാലെ ടീമിൽ ഒരുപാട് അഴിച്ചുപണികൾ നടക്കാനുള്ള സാധ്യതയുണ്ട്. നിലവിൽ ടീമിലുള്ളവരിൽ മൂന്നു വിദേശതാരങ്ങൾ മാത്രമേ അടുത്ത സീസണിൽ തുടരൂവെന്ന് റിപ്പോർട്ടുകളുണ്ട്. ഏഷ്യൻ താരങ്ങൾ നിർബന്ധമില്ലെന്നു കൂടി വന്നതിനാൽ മികച്ച താരങ്ങളെ എത്തിക്കാൻ തന്നെയാകും ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുക.

കേരള ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് ഇപ്പോഴുള്ള അഭ്യൂഹങ്ങളിൽ പ്രധാനി സ്വീഡിഷ് താരമായ മാഗ്നസ് എറിക്‌സണാണ്. സ്റ്റാറെയുടെ ടീമിലേക്ക് ഒരു മധ്യനിരതാരമെത്തുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഒരു യുട്യൂബ് ചാനലിനോട് സംസാരിക്കുമ്പോൾ ഇതുമായി ബന്ധപ്പെട്ട് സ്റ്റാറെ തന്നെ പ്രതികരണം നടത്തുകയുണ്ടായി.

“മാങ്ങേക്ക് (മാഗ്നസ് എറിക്‌സൺ) പോകാൻ കഴിയുമെങ്കിൽ താരം ഒരു ഓപ്‌ഷൻ തന്നെയാണ്. എന്നാൽ നിങ്ങൾ മനസിലാക്കേണ്ട കാര്യം ഈ ലോകത്ത് നിങ്ങൾക്ക് താരങ്ങളെ ടീമിലേക്ക് ഉൾപ്പെടുത്താൻ കഴിയുക സ്വീഡനിൽ നിന്നും മാത്രമല്ല.” അദ്ദേഹം അറിയിച്ചു. മാഗ്നസ് എറിക്‌സൺ ടീമിലേക്ക് എത്താനുള്ള സാധ്യതയെ അദ്ദേഹം തള്ളിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

സ്റ്റാറെ മുൻപ് പരിശീലിപ്പിച്ചിട്ടുള്ള എഐകെയിലൂടെ കരിയർ ആരംഭിച്ച മാഗ്നസ് എറിക്‌സൺ കരിയറിൽ നിരവധി ക്ലബുകളിൽ കളിച്ചിട്ടുണ്ട്. സ്വീഡന്റെ ദേശീയ ടീമിന് വേണ്ടിയും താരം നാല് മത്സരങ്ങളിൽ കളിക്കാനിറങ്ങിയിട്ടുണ്ട്. സ്റ്റാറെയുടെ പദ്ധതികളിൽ പന്തടക്കം വളരെ പ്രധാനമായതിനാൽ തന്നെ ഒരു വിദേശതാരത്തിന്റെ സാന്നിധ്യം ഒരുപാട് ഗുണം ചെയ്യും.

അതേസമയം എറിക്‌സണിന്റെ ട്രാൻസ്‌ഫർ നടത്തണമെങ്കിൽ ഒരു പ്രതിബന്ധം ബ്ലാസ്റ്റേഴ്‌സിന് മുന്നിലുണ്ട്. നിലവിൽ കളിച്ചു കൊണ്ടിരിക്കുന്ന ഐസ്‌ലാൻഡ് ക്ലബുമായി താരത്തിന് ഒരു വർഷത്തെ കരാർ കൂടി ബാക്കിയുള്ളതിനാൽ ട്രാൻസ്‌ഫർ ഫീസ് നൽകേണ്ടി വരും. അത് നൽകാൻ ബ്ലാസ്റ്റേഴ്‌സ് തയ്യാറാകുമോ എന്നതാണ് കണ്ടറിയേണ്ടത്.

Mikael Stahre Respond To Eriksson Rumours