കേരള ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിട്ട താരം ക്ലബ് വിടാനൊരുങ്ങുന്നു, ആ ട്രാൻസ്‌ഫർ യാഥാർത്ഥ്യമാകുമോ | Magnus Eriksson

സ്വീഡിഷ് പരിശീലകനായ മൈക്കൽ സ്റ്റാറെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ചുമതല ഏറ്റെടുത്തതു മുതൽ നിരവധി മാറ്റങ്ങൾ ടീമിനകത്ത് സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഏതൊക്കെ താരങ്ങൾ തുടരുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. പുതിയ താരങ്ങളെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ ബ്ലാസ്റ്റേഴ്‌സ് സജീവമായി മുന്നോട്ടു കൊണ്ടു പോകുകയും ചെയ്യുന്നു.

മൈക്കൽ സ്റ്റാറെയെ പരിശീലകനായി പ്രഖ്യാപിച്ചതിനു പിന്നാലെ ഉയർന്നു വന്ന അഭ്യൂഹങ്ങളിലെ പ്രധാന പേരായിരുന്നു സ്വീഡിഷ് താരമായ മാഗ്നസ് എറിക്‌സണിന്റേത്. സ്റ്റാറെക്ക് കീഴിൽ മുൻപ് കളിച്ചിട്ടുള്ള താരം ടീമിലെത്തുമോ എന്ന ചോദ്യത്തിന് അതൊരു സാധ്യതയാണെന്നും എറിക്‌സൺ ഇപ്പോൾ കളിക്കുന്ന ക്ലബ് വിടുകയാണെങ്കിൽ നീക്കങ്ങൾ നടത്തുമെന്നുമാണ് സ്വീഡിഷ് പരിശീലകൻ പറഞ്ഞത്.

ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം നിലവിൽ കളിച്ചു കൊണ്ടിരിക്കുന്ന ക്ലബായ ഡ്യുർഗാദാൻ എഫ്‌സി വിടാനുള്ള തീരുമാനത്തിലാണ് എറിക്‌സൺ. ഒരു സീസൺ കൂടി കരാറിൽ ബാക്കിയുള്ള മധ്യനിര താരം സ്വീഡൻ വിട്ട് മറ്റേതെങ്കിലും ലീഗിലേക്ക് ചേക്കേറാനും മറ്റൊരു രാജ്യത്തെ വെല്ലുവിളി ഏറ്റെടുക്കാനുമുള്ള പദ്ധതിയിലാണ് ഇപ്പോൾ മുന്നോട്ടു പോകുന്നത്.

സ്വീഡനിൽ നിന്നുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സും എറിക്‌സൺ ലക്‌ഷ്യം വെക്കുന്ന ക്ലബുകളിൽ ഒന്നാണ്. മൈക്കൽ സ്റ്റാറെക്ക് കീഴിൽ താരം മുൻപ് കളിച്ചിട്ടുണ്ടെന്നത് എറിക്‌സൺ ടീമിലെത്താനുള്ള സാധ്യതകൾ വർധിപ്പിക്കുന്നു. ബ്ലാസ്റ്റേഴ്‌സിനേക്കാൾ മികച്ച ഓഫറുമായി മറ്റു ക്ലബുകൾ എത്തിയാലും സ്റ്റാറെയുടെ സാന്നിധ്യം ബ്ലാസ്റ്റേഴ്‌സിന് അനുകൂലമാണ്.

പുതിയൊരു വെല്ലുവിളി ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന എറിക്‌സണ് ചേരുന്ന ക്ലബാണ് ബ്ലാസ്റ്റേഴ്‌സ്. ഇതുവരെ ഐഎസ്എൽ കിരീടം നേടാൻ കഴിഞ്ഞിട്ടില്ലാത്ത ക്ലബിന് അത് നേടിക്കൊടുക്കാൻ വലിയൊരു അവസരമാണ് ഇതിലൂടെ വന്നു ചേർന്നിരിക്കുന്നത്. താരത്തിന്റെ സാന്നിധ്യം അതിനു സഹായിക്കുമെന്ന് തന്നെയാണ് ആരാധകരും കരുതുന്നത്.

Magnus Eriksson To Leave His Club