മൂന്നു താരങ്ങൾ കൂടി പുറത്തു പോകും, അർജന്റീനയുടെ സ്‌ക്വാഡ് പ്രഖ്യാപനം അടുത്ത മത്സരത്തിനു ശേഷം

കോപ്പ അമേരിക്ക ടൂർണമെന്റിനുള്ള ഒരുക്കങ്ങളുടെ ഭാഗമായുള്ള ആദ്യത്തെ മത്സരത്തിൽ അർജന്റീന മികച്ച പ്രകടനം നടത്തുകയും ഇക്വഡോറിനെതിരെ ഒരു ഗോളിന് വിജയം നേടുകയും ചെയ്‌തു. ഒരു ഗോൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂവെങ്കിലും അർജന്റീന മികച്ച കളിയാണ് കാഴ്‌ച വെച്ചത്. ഇക്വഡോറിനു യാതൊരു അവസരവും അർജന്റീന പ്രതിരോധം നൽകിയില്ലെന്നത് ശ്രദ്ധേയമാണ്.

നിലവിൽ 29 പേരുള്ള സ്‌ക്വാഡാണ് അർജന്റീനക്കുള്ളത്. കോപ്പ അമേരിക്കക്കു മുൻപ് സ്‌ക്വാഡിന്റെ എണ്ണം ഇരുപത്തിയാറാക്കി ചുരുക്കേണ്ടതുണ്ട്. ഗ്വാട്ടിമാലക്കെതിരെ ഇനിയൊരു സൗഹൃദമത്സരം കൂടി ബാക്കിയുള്ളതിനാൽ അതിനു ശേഷം മൂന്നു താരങ്ങളെ ഒഴിവാക്കി കോപ്പ അമേരിക്ക സ്‌ക്വാഡിനെ പ്രഖ്യാപിക്കുമെന്നാണ് ലയണൽ സ്‌കലോണി കഴിഞ്ഞ ദിവസം പറഞ്ഞത്.

പ്രതിരോധനിരയിൽ നിന്നും മുന്നേറ്റനിരയിൽ നിന്നുമാണ് താരങ്ങൾ പുറത്തു പോകാൻ സാധ്യതയുള്ളത്. സെൻട്രൽ ഡിഫെൻസിൽ ക്വാർട്ട, ബലേർഡി, പെസല്ല എന്നിവരിലൊരാൾ പുറത്തു പോയേക്കും. പെസല്ലയുടെ പരിക്കിന്റെ സ്ഥിതി അറിഞ്ഞതിനു ശേഷമാകും അക്കാര്യത്തിൽ തീരുമാനമാവുക. ക്വാർട്ട കഴിഞ്ഞ മത്സരത്തിൽ റൈറ്റ് ബാക്കായി ഇറങ്ങിയതിനാൽ താരത്തെ നിലനിർത്താനാണ് സാധ്യത.

ലെഫ്റ്റ് ബാക്ക് സ്ഥാനത്തു നിന്നാണ് മറ്റൊരു ഒഴിവാക്കൽ പ്രതീക്ഷിക്കാവുന്നത്. ബ്രൈറ്റൻ താരമായ വാലന്റൈൻ ബാർക്കോ സെവിയ്യ താരമായ അക്യൂന എന്നിവരിലൊരാൾ ഒഴിവാക്കപ്പെടും. അക്യൂനക്ക് ഫിറ്റ്നസ് പ്രശ്‌നങ്ങൾ ഉള്ളതിനാലാണ് ബാർകോയെ ടീമിലെടുത്തത്. അക്യൂന ഫിറ്റ്നസ് വീണ്ടെടുത്തതിനാൽ ബാർക്കോ തന്നെയാകും പുറത്തു പോകാൻ സാധ്യത.

ഏഞ്ചൽ കൊറേയ, വാലന്റൈൻ കാർബോണി എന്നീ താരങ്ങളിലൊരാളും അന്തിമ സ്‌ക്വാഡിലുണ്ടാകാൻ സാധ്യതയില്ല. കഴിഞ്ഞ ദിവസം സംസാരിക്കുമ്പോൾ അലസാൻഡ്രോ ഗർനാച്ചോ, കാർബോണി എന്നീ താരങ്ങളെ സ്‌കലോണി പ്രശംസിച്ചിരുന്നു. അതിനാൽ അന്തിമസ്‌ക്വാഡിൽ നിന്നും അത്ലറ്റികോ മാഡ്രിഡ് താരം കൊറേയ പുറത്തു പോകാനാണ് സാധ്യതയുള്ളത്.