കോപ്പ അമേരിക്കയിൽ അർജന്റൈൻ പരിശീലകരുടെ ആധിപത്യം, പതിനാറിൽ ഏഴു പേരും അർജന്റീനയിൽ നിന്ന്

ലോകഫുട്ബോളിലെ മികച്ച പരിശീലകരെ എടുത്താൽ അതിൽ നിരവധി അർജന്റൈൻ പരിശീലകരും ഉണ്ടാകും. അർജന്റീന പരിശീലകനായ ലയണൽ സ്‌കലോണി, അത്ലറ്റികോ മാഡ്രിഡ് പരിശീലകനായ ഡീഗോ സിമിയോണി, ചെൽസി പരിശീലകനായിരുന്ന മൗറീസിയോ പോച്ചട്ടിനോ, യുറുഗ്വായ് പരിശീലകൻ മാഴ്‌സലോ ബിയൽസ എന്നിവരെല്ലാം അതിലെ ചില പേരുകളാണ്.

ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ഏറ്റവും മികച്ച പരിശീലകർ വരുന്നത് അർജന്റീനയിൽ നിന്നാണെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. കോപ്പ അമേരിക്കയിൽ പങ്കെടുക്കുന്ന ടീമുകളുടെ പരിശീലകരുടെ കണക്കെടുത്താലും ഇത് വ്യക്തമാണ്. ആകെ ടൂർണമെന്റിൽ മത്സരിക്കുന്ന പതിനാറു ടീമുകളിൽ ഏഴെണ്ണത്തിലും അർജന്റീനയിൽ നിന്നുള്ള പരിശീലകരാണുള്ളത്.

അർജന്റൈൻ പരിശീലകനായ ലയണൽ സ്‌കലോണി, യുറുഗ്വായ് പരിശീലകനായ മാഴ്‌സലോ ബിയൽസ എന്നിവർക്ക് പുറമെ ചിലിയുടെ മാനേജർ റിക്കാർഡോ ഗരേക്ക, വെനസ്വലയുടെ പരിശീലകൻ ഫെർണാണ്ടോ ബാറ്റിസ്റ്റ, കൊളംബിയയുടെ മാനേജർ നെസ്റ്റർ ലോറെൻസോ, കോസ്റ്റാറിക്കയുടെ പരിശീലകൻ ഗുസ്ഥാവോ ആഫ്രഡോ, പരാഗ്വയുടെ കോച്ച് ഓസ്‌കാർ ഗാർണറോ എന്നിവരെല്ലാം അർജന്റീനയിൽ നിന്നാണ്.

ഇതിൽ ലയണൽ സ്‌കലോണിയുടെ അർജന്റീനക്ക് പുറമെ മാഴ്‌സലോ ബിയൽസോയുടെ യുറുഗ്വായെ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ അർജന്റീനയെയും ബ്രസീലിനെയും തോൽപ്പിച്ച് കരുത്ത് കാട്ടിയവരാണവർ. സ്ഥാനമേറ്റെടുത്തതിന് ശേഷം ഇതുവരെ തോൽവിയറിയാത്ത നെസ്റ്റർ ലോറെൻസോയുടെ കൊളംബിയയും കോപ്പ അമേരിക്കയിൽ അത്ഭുതങ്ങൾ കാണിച്ചേക്കാം.

ബ്രസീലിൽ നിന്നുള്ള രണ്ടു പരിശീലകരാണ് കോപ്പ അമേരിക്കയിലുള്ളത്. ബ്രസീൽ പരിശീലകൻ ഡോറിവൽ ജൂനിയറിനു പുറമെ ബൊളീവിയ പരിശീലകൻ അന്റോണിയോ കാർലോസ് സാഗോയും. ഇതിനു പുറമെ രണ്ടു സ്‌പാനിഷ്‌ പരിശീലകരും അമേരിക്ക, കാനഡ, യുറുഗ്വായ്, ഐസ്‌ലാൻഡ്, മെക്‌സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ പരിശീലകരും കോപ്പ അമേരിക്കയിൽ പങ്കെടുക്കുന്നു.