അർജന്റീനയെ രക്ഷിച്ച സേവുമായി എമിലിയാനോ മാർട്ടിനസ്, വീണ്ടും കരുത്തു കാണിച്ച് അർജന്റൈൻ വൻമതിൽ

കോപ്പ അമേരിക്കയിലെ ആദ്യത്തെ മത്സരത്തിൽ അർജന്റീന മികച്ച പ്രകടനം നടത്തിയപ്പോൾ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ഗോളുകളൊന്നും പിറക്കാതിരുന്ന ആദ്യത്തെ പകുതിക്കു ശേഷം അർജന്റീന രണ്ടു ഗോളുകൾ നേടിയാണ് വിജയം സ്വന്തമാക്കിയത്. ഹൂലിയൻ അൽവാറസും ലൗടാരോ മാർട്ടിനസുമാണ് അർജന്റീനയുടെ ഗോളുകൾ നേടിയത്.

മത്സരത്തിൽ രണ്ടു സുവർണാവസരങ്ങൾ തുലച്ചു കളഞ്ഞെങ്കിലും ലയണൽ മെസി മികച്ച പ്രകടനമാണ് നടത്തിയത്. ആദ്യത്തെ ഗോളിന് വഴിയൊരുക്കിയ നിർണായകമായ ത്രൂ പാസ് നൽകിയ താരം അതിനു ശേഷം ലൗടാരോ മാർട്ടിനസ് നേടിയ ഗോളിന് വഴിയൊരുക്കുകയും ചെയ്‌തു. അഞ്ച് വമ്പൻ അവസരങ്ങളാണ് ലയണൽ മെസി മത്സരത്തിൽ സൃഷ്‌ടിച്ചത്‌.

അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്. മത്സരത്തിന്റെ ഗതി മാറ്റുമായിരുന്ന ഒരു സേവ് താരം ആദ്യപകുതിയിൽ നടത്തിയിരുന്നു. നാൽപത്തിമൂന്നാം മിനുട്ടിലാണ് സേവ് ഉണ്ടായത്. ഒരു ക്രോസിനു ശേഷം ക്ലോസ് റേഞ്ചിൽ നിന്നും വന്ന ഷോട്ട് അർജന്റീന ഗോൾകീപ്പർ അസാമാന്യമായ റീഫ്ലെക്സോടെ തട്ടിയകറ്റുകയായിരുന്നു.

ആ സേവ് മത്സരത്തിൽ കാനഡ മുന്നിലെത്തുന്നതിനെ തടഞ്ഞതിനൊപ്പം അർജന്റീനക്ക് ഒരു ക്ലീൻഷീറ്റും സമ്മാനിച്ചു. ഗോൾവലക്കു മുന്നിൽ മികച്ച പ്രകടനം താനുറപ്പു നൽകുന്നുവെന്ന് എമിലിയാനോ മാർട്ടിനസ് ആ സേവിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിയുള്ള മത്സരങ്ങളിൽ കൂടുതൽ കോൺഫിഡൻസോടെ കളിക്കാൻ ഇന്നത്തെ പ്രകടനവും ക്ലീൻഷീറ്റും താരത്തെ സഹായിക്കും.