2014 ലോകകപ്പിനെ അനുസ്‌മരിപ്പിക്കുന്ന പ്രകടനം, ഹമെസിന്റെ ചിറകിൽ കുതിക്കുന്ന കൊളംബിയ

യുറുഗ്വായ്‌ക്കെതിരെ കൊളംബിയ നേടിയ സെമി ഫൈനൽ വിജയം അവിസ്‌മരണീയമായ ഒന്നായിരുന്നു. മത്സരത്തിൽ ലീഡ് നേടിയതിനു പിന്നാലെ തന്നെ പത്ത് പേരായി ചുരുങ്ങിപ്പോയിട്ടും രണ്ടാം പകുതിയിൽ യുറുഗ്വായ് ടീമിനെ പിടിച്ചു നിർത്താൻ കൊളംബിയക്ക് കഴിഞ്ഞു. അതിനിടയിൽ ലീഡുയർത്താനുള്ള സുവർണാവസരങ്ങൾ തുലച്ചതാണ് ജയം ഒരു ഗോളിൽ മാത്രമൊതുങ്ങാൻ കാരണം.

കോപ്പ അമേരിക്ക ടൂർണമെന്റ് ആരംഭിക്കുമ്പോൾ യുറുഗ്വായ്, ബ്രസീൽ, അർജന്റീന എന്നീ ടീമുകൾക്കാണ് കിരീടം നേടാൻ ഏറ്റവുമധികം സാധ്യത കൽപ്പിച്ചിരുന്നത്. എന്നാൽ ഫൈനലിൽ എത്തിയപ്പോൾ അർജന്റീനക്കൊപ്പം തന്നെ കിരീടം നേടാനുള്ള സാധ്യത കൊളംബിയക്കുണ്ട്. നായകനായ ഹമെസ് റോഡ്രിഗസ് തന്നെയാണ് ടീമിന്റെ കുതിപ്പിനു പിന്നിലെ നിർണായകമായ സാന്നിധ്യമാകുന്നത്.

ടൂർണമെന്റിൽ അഞ്ചു മത്സരങ്ങൾ കളിച്ച ഹമെസ് റോഡ്രിഗസ് ആറു ഗോളുകൾക്ക് വഴിയൊരുക്കുകയും ഒരു ഗോൾ നേടുകയും ചെയ്‌തിട്ടുണ്ട്‌. 2014 ലോകകപ്പിൽ 6 ഗോളുകൾ നേടുകയും രണ്ടു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്‌ത്‌ ലോകഫുട്ബോളിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ താരം പത്ത് വർഷങ്ങൾക്കിപ്പുറം സമാനമായ പ്രകടനം തന്നെയാണ് കൊളംബിയക്ക് വേണ്ടി നടത്തുന്നത്.

കൊളംബിയയുടെ ആക്രമണങ്ങളുടെ അച്ചുതണ്ടായി പ്രവർത്തിക്കുന്ന ഹമെസ് റോഡ്രിഗസ് യുറുഗ്വായ്‌ക്കെതിരെ അസിസ്റ്റ് സ്വന്തമാക്കിയതോടെ ലയണൽ മെസിയുടെ റെക്കോർഡ് മറികടന്നു. ഒരു കോപ്പ അമേരിക്ക ടൂർണമെന്റിൽ ഏറ്റവും കൂടുതൽ അസിസ്റ്റെന്ന റെക്കോർഡാണ് താരം സ്വന്തമാക്കിയത്. 2021 കോപ്പ അമേരിക്കയിൽ മെസി നേടിയ അഞ്ച് അസിസ്റ്റുകളുടെ റെക്കോർഡാണ് പഴങ്കഥയായത്.

ഹമെസ് റോഡ്രിഗസിന്റെ കുതിപ്പിൽ കുതിക്കുന്ന കൊളംബിയ ഫൈനലിൽ അർജന്റീനക്ക് വെല്ലുവിളിയാകും എന്നുറപ്പാണ്. ടൂർണമെന്റിൽ ഏറ്റവും മികച്ച പ്രകടനം നടത്തുകയും എതിരാളികളെ നിഷ്പ്രഭരാക്കുകയും ചെയ്‌ത ടീമാണ് അവർ. വളരെയധികം ആവേശത്തോടെ കളിക്കുന്ന കരുത്തരായ താരങ്ങളുടെ സംഘമായ അവരെ പിടിച്ചു കെട്ടാൻ അർജന്റീനക്ക് കഴിയുമോയെന്നാണ് കണ്ടറിയേണ്ടത്.