രണ്ട് അർജന്റീന താരങ്ങൾ, കഴിഞ്ഞ സീസൺ യൂറോപ്പ ലീഗിൽ കളിച്ച താരം; പുതിയ സ്‌ട്രൈക്കർക്കു വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയ ശ്രമങ്ങൾ വെളിപ്പെടുത്തി മാർക്കസ്

പുതിയ സീസണിലേക്കായി കേരള ബ്ലാസ്റ്റേഴ്‌സ് പുതിയൊരു സ്‌ട്രൈക്കറെ നോട്ടമിട്ടിരിക്കുന്ന വിവരം ഏവർക്കും അറിയാവുന്നതാണ്. നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ വിദേശതാരങ്ങൾ കൃത്യമായി ഉണ്ടെങ്കിലും അവരിലൊരാളെ ഒഴിവാക്കി പുതിയൊരു താരത്തെ എത്തിച്ച് ടീമിന്റെ കരുത്ത് കൂട്ടാനുള്ള ശ്രമങ്ങളാണ് കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിക്കൊണ്ടിരിക്കുന്നത്.

നിരവധി താരങ്ങളുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒന്നും പൂർത്തിയാക്കാൻ ഇതുവരെ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിട്ടില്ല. ട്രാൻസ്‌ഫർ ജാലകം അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആരാധകർ ആകാംക്ഷയിലാണ്. കേരള ബ്ലാസ്റ്റേഴ്‌സ് അവസാന ദിവസങ്ങളിൽ ആരെയാണ് ടീമിലെത്തിക്കുകയെന്നാണ് ഏവരും ഉറ്റു നോക്കുന്നത്.

അതിനിടയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത് മികച്ച താരങ്ങളെ തന്നെയാണെന്ന് പ്രമുഖ ട്രാൻസ്‌ഫർ എക്സ്പെർട്ടായ മാർക്കസ് മെർഗുലാവോ വെളിപ്പെടുത്തുകയുണ്ടായി. കേരള ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിട്ടത് എങ്ങിനെയുള്ള താരത്തെയാണെന്നും കഴിഞ്ഞ സീസണിൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ ദിമിത്രിയോസിനു പകരക്കാരനാകാൻ കഴിയുമോയെന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

“ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല എന്നതിനാൽ തന്നെ ടീമിലേക്കെത്താൻ പോകുന്ന താരത്തെക്കുറിച്ച് കൂടുതൽ പറയാൻ കഴിയില്ല. എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടത്തുകയും, വളരെ അടുത്തെത്തുകയും ചെയ്‌ത മൂന്നു പേരുകളും മികച്ചതാണ്. രണ്ട് അർജന്റീന താരങ്ങളും ഒരു ജർമൻ താരവും അതിലുണ്ട്. അതിലൊരാൾ കഴിഞ്ഞ സീസണിൽ യൂറോപ്പ ലീഗ് കളിച്ചതാണ്.” അദ്ദേഹം പറഞ്ഞു.

അതേസമയം ഈ താരങ്ങൾ ആരൊക്കെയാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. ഈ താരങ്ങളിൽ ആരെങ്കിലുമാണോ വരാൻ പോകുന്നതെന്നും വ്യക്തമല്ല. എന്തായാലും ഒരു കാര്യം ഉറപ്പാണ്. കേരള ബ്ലാസ്റ്റേഴ്‌സ് ഒരു സ്‌ട്രൈക്കർക്കു വേണ്ടി ശക്തമായി ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്, ട്രാൻസ്‌ഫർ വിൻഡോ അവസാനിക്കും മുൻപ് താരത്തെ സ്വന്തമാക്കാനുള്ള സാധ്യതയുമുണ്ട്.