എനിക്ക് ഒന്നും ആസ്വദിക്കാൻ കഴിഞ്ഞിരുന്നില്ല, അർജന്റീന പരിശീലകസ്ഥാനം ഒഴിയുമെന്നു പറഞ്ഞതിനെക്കുറിച്ച് സ്‌കലോണി

കഴിഞ്ഞ വർഷം അർജന്റീന ആരാധകരെ മുഴുവൻ ഞെട്ടിച്ചാണ് ലയണൽ സ്‌കലോണി ദേശീയ ടീമിൽ തുടരാൻ സാധ്യതയില്ലെന്ന് അറിയിച്ചത്. കോപ്പ അമേരിക്ക ടൂർണമെന്റിന് ശേഷം അർജന്റീന ടീമിന്റെ പരിശീലകസ്ഥാനം അദ്ദേഹം ഒഴിയുമെന്ന അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. എന്നാൽ കോപ്പ അമേരിക്ക കിരീടവും നേടി അർജന്റീന ടീമിനൊപ്പം തുടരുന്ന അദ്ദേഹം അങ്ങിനെ പറഞ്ഞത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കി.

“അതൊരു മോശം വർഷമായിരുന്നു, ഞാനത് ഒട്ടും ആസ്വദിച്ചിരുന്നില്ല. വളരെ ബുദ്ധിമുട്ടേറിയ ആറു യോഗ്യത മത്സരങ്ങളിൽ ഞാൻ സമയം ചിലവഴിച്ചു, എന്നാൽ വ്യക്തിപരമായി എനിക്കൊട്ടും സുഖം ഉണ്ടായിരുന്നില്ല. ബുദ്ധിമുട്ടേറിയ നിരവധി കാര്യങ്ങളിലൂടെ ഞാൻ കടന്നു പോയി, ഒരുപാട് കാര്യങ്ങൾ എന്റെ മനസിലേക്ക് കടന്നു വരികയും ചെയ്‌തു.”

“കളിക്കാരുമായും ഡയറക്റ്റേഴ്‌സുമായും എന്റെ ഫാമിലിയോടും ഇതേക്കുറിച്ച് എനിക്ക് സംസാരിക്കണമായിരുന്നു. എനിക്ക് തോന്നുന്നതിനെക്കുറിച്ച് അവരോട് സംസാരിക്കണമായിരുന്നു, കുറച്ച് സമയം എനിക്ക് വേണമായിരുന്നു. നവംബർ മുതൽ മാർച്ച് വരെ മത്സരങ്ങളൊന്നും ഉണ്ടായിരുന്നില്ല. കോച്ചിങ് സ്റ്റാഫിന് കാര്യങ്ങൾ മനസ്സിലായിരുന്നു.”

“ഞാൻ നൂറു ശതമാനം തയ്യാറായിരുന്നില്ല. അതുകൊണ്ടു തന്നെ ഏതാനും മാസങ്ങൾക്ക് ശേഷം ഞാൻ തുടരാനുള്ള അവസ്ഥയിൽ ആയിരിക്കില്ലെന്നു ചിന്തിച്ചു. കോപ്പ അമേരിക്ക ടൂർണമെന്റ് വരുന്നതിനാൽ അർജന്റീന ടീമിന് നൂറു ശതമാനം തന്നെ ആവശ്യമായിരുന്നു. ഞാനതിനു തയ്യാറല്ലെന്നു തോന്നിയതിനാൽ എനിക്കത് എല്ലാവരെയും അറിയിക്കണമായിരുന്നു.” സ്‌കലോണി പറഞ്ഞു.

സ്‌കലോണിയുടെ പ്രശ്‌നങ്ങൾ എന്തു തന്നെയായാലും അത് കൃത്യമായി പരിഹരിക്കപ്പെട്ടുവെന്നു വേണം മനസിലാക്കാൻ. കോപ്പ അമേരിക്കക്ക് ശേഷവും അർജന്റീന ടീമിനൊപ്പം തുടരുന്ന അദ്ദേഹം അടുത്ത ലോകകപ്പ് വരെ ദേശീയ ടീമിനെ നയിക്കുമെന്ന് ഉറപ്പാണ്. അർജന്റീന ടീമിനെ ഏറ്റവും മികച്ച ഫോമിലേക്ക് നയിച്ച പരിശീലകനാണ് ലയണൽ സ്‌കലോണി.