കേരളത്തിലെ ഒരു ക്ലബ്ബിനെ തോൽപ്പിക്കാൻ ബൊറൂസിയ ഡോർട്ട്മുണ്ട് മൂന്നു തവണ രംഗത്തിറങ്ങി, ഒടുവിൽ വിജയം ബ്ലാസ്റ്റേഴ്‌സിന്

ഇന്റർനാഷണൽ ബ്രേക്ക് കാരണം ക്ലബ് ഫുട്ബോൾ മത്സരങ്ങൾ ഒന്നും നടക്കുന്നില്ലെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ വളരെയധികം ആവേശത്തിലാണ്. കുറച്ചു ദിവസങ്ങളായി ട്വിറ്ററിൽ നടന്ന ഫിയാഗോ ഫാൻസ്‌ കപ്പ് ടൂർണമെന്റിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെ കീഴടക്കി കേരള ബ്ലാസ്റ്റേഴ്‌സാണ് വിജയം നേടിയത്.

ട്വിറ്ററിൽ നടത്തുന്ന വോട്ടിങ്ങിലൂടെ വിജയിയെ കണ്ടെത്തുന്ന ഫിയാഗോ ഫാൻസ്‌ കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ മോഡലിൽ തന്നെയാണ് നടക്കുന്നത്. നിരവധി ടീമുകളുമായി മത്സരിച്ചാണ് ഒടുവിൽ കേരള ബ്ലാസ്റ്റേഴ്‌സും ബൊറൂസിയ ഡോർട്ട്മുണ്ടും ഫൈനലിൽ എത്തിയത്.

ഫൈനലിൽ ഇഞ്ചോടിഞ്ചു പോരാട്ടം നടന്നപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് 50.3 ശതമാനം വോട്ടുകൾ നേടി വിജയം നേടി. ബൊറൂസിയ ഡോർട്ട്മുണ്ടിന് 49.7 ശതമാനം വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് തോൽപ്പിച്ചതെന്നത് അവിശ്വസനീയം തന്നെയാണ്.

മാത്രമല്ല, ആഗോളതലത്തിൽ വലിയ ഫാൻബേസുള്ള ബൊറൂസിയ ഡോർട്ട്മുണ്ട് മൂന്നു തവണ അവരുടെ ഒഫീഷ്യൽ ട്വിറ്റർ പേജിലൂടെ വോട്ടിനായി അഭ്യർത്ഥിച്ചിരുന്നു. അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടു തവണ മാത്രമാണ് ഒഫീഷ്യൽ പേജിലൂടെ വോട്ട് അഭ്യർത്ഥിച്ചത്.

ബൊറൂസിയ ഡോർട്ട്മുണ്ട് പരമാവധി ശ്രമിച്ചിട്ടും ബ്ലാസ്റ്റേഴ്‌സിനെതിരെ വിജയിക്കാൻ കഴിഞ്ഞത് ഈ ക്ലബിന്റെ ആരാധകർ എത്രത്തോളം കരുത്തരാണെന്നത് വ്യക്തമാക്കുന്നു. ഇന്ത്യയിൽ മാത്രമല്ല, ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടാനുള്ള കരുത്ത് തങ്ങൾക്കുണ്ടെന്ന് ആരാധകർ ഒരിക്കൽക്കൂടി വ്യക്തമാക്കി.