ബൊളീവിയയോട് പ്രതികാരം ചെയ്‌ത്‌ ലയണൽ മെസി, അടുത്ത ലോകകപ്പിലും കളിക്കുമെന്ന് അർജന്റീന നായകൻ

ലോകകപ്പ് യോഗ്യത മത്സരത്തിൽ ബൊളീവിയക്കെതിരെ ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ലയണൽ മെസിയുടെ വിളയാട്ടമാണ് കണ്ടത്. എതിരില്ലാത്ത ആറു ഗോളുകൾക്ക് അർജന്റീന വിജയം നേടിയ മത്സരത്തിൽ മെസി ഹാട്രിക്ക് സ്വന്തമാക്കി.

മത്സരത്തിന്റെ പത്തൊമ്പതാം മിനുട്ടിൽ ലയണൽ മെസിയിലൂടെയാണ് അർജന്റീന ഗോൾവേട്ടക്ക് തുടക്കം കുറിക്കുന്നത്. അതിനു ശേഷം ആദ്യപകുതിയിൽ തന്നെ ലൗടാരോ, അൽവാരസ് എന്നിവരുടെ ഗോളുകൾക്ക് അസിസ്റ്റ് നൽകിയതും ലയണൽ മെസിയാണ്.

തിയാഗോ അൽമാഡ അർജന്റീനയുടെ നാലാമത്തെ ഗോൾ നേടിയപ്പോൾ അതിനു ശേഷം രണ്ടു ഗോളുകൾ കൂടി നേടി മെസി ഹാട്രിക്ക് നേട്ടം പൂർത്തിയാക്കി. വർഷങ്ങൾക്ക് മുൻപ് ബൊളീവിയയുടെ മൈതാനത്ത് ആറു ഗോളുകൾക്ക് തോൽവി വഴങ്ങിയതിന്റെ പ്രതികാരമായി ഇന്നത്തെ മത്സരം.

മത്സരത്തിന് ശേഷം ലയണൽ മെസി പറഞ്ഞ വാക്കുകൾ ആരാധകർക്ക് കൂടുതൽ ആവേശം നൽകുന്നതാണ്. 2026 ലോകകപ്പിൽ ഉണ്ടാകുമോയെന്ന ചോദ്യത്തോട് അനുകൂലമായി പ്രതികരിച്ച ലയണൽ മെസി അടുത്ത ലോകകപ്പ് എന്തായാലും തന്റെ അവസാനത്തേതാകുമെന്നും പറഞ്ഞു.

മുപ്പത്തിയേഴുകാരനായ ലയണൽ മെസി ഇപ്പോഴും മാരകമായ ഫോമിലാണ് കളിക്കുന്നത്. താരത്തിന് വേണ്ടത്ര പിന്തുണ നൽകാൻ അർജന്റീന ടീമിനും കഴിയുന്നുണ്ട്. പരിക്കിന്റെ ബുദ്ധിമുട്ടുകൾ ഒന്നുമുണ്ടായില്ലെങ്കിൽ അടുത്ത ലോകകപ്പിലും മെസിയുടെ മാസ്‌മരിക പ്രകടനം ആസ്വദിക്കാൻ കഴിയും.