അർഹിച്ച അംഗീകാരങ്ങൾ തേടിയെത്തുന്നു, ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ആധിപത്യവുമായി ഐഎസ്എൽ ടീം ഓഫ് ദി വീക്ക്

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ച് കഴിഞ്ഞ മത്സരം വളരെ സന്തോഷം നൽകിയ ഒന്നായിരുന്നു. അറുപതു മിനുട്ടിലധികം ഒരു ഗോളിന് പിന്നിൽ നിന്നതിനു ശേഷം എതിരാളിയുടെ മൈതാനത്ത് രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയത്.

എവേ മത്സരത്തിൽ നടത്തിയ ഈ മികച്ച പ്രകടനത്തിന് അർഹിച്ച നേട്ടവും ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ തേടിയെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഐഎസ്എല്ലിലെ അഞ്ചാമത്തെ ഗെയിം വീക്കിലെ മികച്ച ഇലവനെ പ്രഖ്യാപിച്ചതിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളും ഇടം പിടിച്ചിട്ടുണ്ട്.

ഐഎസ്എൽ ടീം ഓഫ് ദി വീക്ക് പ്രഖ്യാപിച്ചപ്പോൾ രണ്ടു ബ്ലാസ്റ്റേഴ്‌സ് താരങ്ങളാണ് അതിൽ ഇടം പിടിച്ചത്. മധ്യനിരയിൽ കളിക്കുന്ന മലയാളി താരം വിബിൻ മോഹനൻ, മൊഹമ്മദൻസിനെതിരെ ബ്ലാസ്റ്റേഴ്‌സിന്റെ വിജയഗോൾ നേടിയ ജീസസ് ജിമിനസ് എന്നിവരാണ് ടീമിലുള്ളത്. ഇതിനു പുറമെ കോച്ചായി മൈക്കൽ സ്റ്റാറെയുമുണ്ട്.

അതേസമയം ബ്രിഡ്‌ജ്‌ ഫുട്ബോളിന്റെ മികച്ച ഇലവനെ പ്രഖ്യാപിച്ചപ്പോൾ മൂന്നു ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ അതിൽ ഇടം പിടിച്ചു. ജീസസ് ജിമിനസ്, വിബിൻ മോഹനൻ എന്നിവർക്ക് പുറമെ റൈറ്റ് ബാക്കായി കളിക്കുന്ന സന്ദീപ് സിങാണ് മികച്ച ഇലവനിൽ ഇടം നേടിയ കേരള ബ്ലാസ്റ്റേഴ്‌സ് താരം.

കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഈ സീസണിൽ നടത്തുന്ന പ്രകടനം ആരാധകർക്ക് വളരെയധികം പ്രതീക്ഷ നൽകുന്നതാണ്. മൈക്കൽ സ്റ്റാറെ എത്തിയതിനു ശേഷം എല്ലാ മേഖലയിലും ടീം മെച്ചപ്പെട്ടുവെന്നത് ടീമിന്റെ കിരീടപ്രതീക്ഷകളെ സജീവമാക്കി നിലനിർത്തുന്നു.