ലക്‌ഷ്യം ഐഎസ്എൽ പ്രവേശനം, കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആധിപത്യമവസാനിപ്പിക്കാൻ മറ്റൊരു ക്ലബ് കൂടി

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും മികച്ച ഫാൻസ്‌ ഉള്ള ക്ലബാണ് കേരള ബ്ലാസ്റ്റേഴ്‌സ് എങ്കിലും ഇതുവരെ ഒരു കിരീടം പോലും സ്വന്തമാക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ നേതൃത്വത്തിനെതിരെ വിമർശനങ്ങൾ ഉയരുന്നുമുണ്ട്.

ബ്ലാസ്റ്റേഴ്‌സ് നേതൃത്വം കൃത്യതയോടെയുള്ള പ്രവർത്തനങ്ങൾ നടത്തുന്നില്ലെന്ന ആരോപണം ആരാധകർ ഉയർത്തുന്നുണ്ട്. ഈ സീസണിലെ മോശം ഫോം കാരണം കഴിഞ്ഞ മത്സരത്തിൽ ഒരുപാട് ആരാധകർ സ്റ്റേഡിയത്തിലേക്ക് വരാതെ വിട്ടു നിന്നിരുന്നു.

ബ്ലാസ്റ്റേഴ്‌സ് ഈ നിലയിൽ തന്നെ പോവുകയാണെങ്കിൽ കേരളത്തിൽ നിന്നു തന്നെ അവർക്ക് വലിയ വെല്ലുവിളി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത്തവണ സൂപ്പർ ലീഗ് കേരള കിരീടം നേടിയ കാലിക്കറ്റ് എഫ്‌സിയുടെ ഉടമകൾ അതിനു ശേഷം സംസാരിച്ചത് തങ്ങളുടെ ലക്‌ഷ്യം ഐഎസ്എൽ ആണെന്നാണ്.

ആദ്യം ഐ ലീഗിൽ പങ്കെടുക്കാനുള്ള നിലവാരത്തിലേക്ക് ഉയരാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അതിനു ശേഷം ഐഎസ്എൽ ലക്‌ഷ്യം വെക്കുന്നുണ്ടെന്നുമാണ് കാലിക്കറ്റ് എഫ്‌സി ടീമിന്റെ ഉടമയായ വികെ മാത്യുസ് പറഞ്ഞത്.

നിലവിൽ ഗോകുലം കേരള ഐ ലീഗിൽ പങ്കെടുത്ത് ഐഎസ്എല്ലിലേക്ക് എത്താനുള്ള ശ്രമം നടത്തുന്നുണ്ട്. കേരളത്തിൽ നിന്നും മറ്റൊരു ടീം കൂടി ഐഎസ്എല്ലിൽ കളിക്കാൻ തുടങ്ങിയാൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരിൽ ചോർച്ചയുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല.