ഇത് നേരെ കുപ്പത്തൊട്ടിയിലേക്ക് പോകുന്നു, സ്റ്റാറെയെ പുറത്താക്കുമെന്ന് അഭ്യൂഹങ്ങളോട് പ്രതികരിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് മോശം ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. നിരവധി വർഷങ്ങളുടെ അനുഭവസമ്പത്തുള്ള മൈക്കൽ സ്റ്റാറെ പരിശീലകനായി എത്തിയ ആദ്യത്തെ നാളുകൾ പ്രതീക്ഷ നൽകിയെങ്കിലും ഇപ്പോൾ ടീം വളരെ മോശമാണ്.

ഈ സീസണിൽ എട്ടു മത്സരങ്ങൾ കളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് അതിൽ രണ്ടെണ്ണത്തിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്. രണ്ടു മത്സരങ്ങളിൽ സമനില വഴങ്ങിയപ്പോൾ നാല് മത്സരങ്ങളിലാണ് കൊമ്പന്മാർ എതിരാളികളോട് കീഴടങ്ങിയത്.

നിലവിൽ പോയിന്റ് ടേബിളിൽ പത്താം സ്ഥാനത്തു നിൽക്കുന്ന ബ്ലാസ്റ്റേഴ്‌സിൽ നിന്നും പരിശീലകനായ മൈക്കൽ സ്റ്റാറെയെ പുറത്താക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. നവംബറിലെ മത്സരങ്ങളിലെ ഫലങ്ങൾ അനുകൂലമായില്ലെങ്കിൽ സ്റ്റാറെ പുറത്തു പോകുമെന്നായിരുന്നു അഭ്യൂഹങ്ങൾ.

എന്നാൽ ഈ അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ബ്ലാസ്റ്റേഴ്‌സ് സിഇഒ അഭിക് ചാറ്റർജി തന്നെ കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. സ്റ്റാറെയെ പുറത്താക്കാൻ സാധ്യതയുണ്ടെന്ന ട്വിറ്ററിലെ പോസ്റ്റ് റീട്വീറ്റ് ചെയ്‌ത അദ്ദേഹം ഈ വാർത്ത കുപ്പത്തൊട്ടിയിലേക്കെന്നാണ് അതിനൊപ്പം കുറിച്ചത്.

സിഇഒയുടെ മറുപടിയിൽ നിന്നും മൈക്കൽ സ്റ്റാറെയെ പുറത്താക്കാൻ ബ്ലാസ്റ്റേഴ്‌സിന് യാതൊരു പദ്ധതിയും ഇല്ലെന്നാണ് മനസിലാക്കേണ്ടത്. ടീം മോശം ഫോം തുടരുകയാണെങ്കിൽ ആരാധകരിൽ നിന്നും ക്ലബ് ഉടമകൾക്ക് വലിയ സമ്മർദ്ദമുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല.