അർജന്റീന ടീം ബംഗ്ലാദേശിൽ കളിക്കും, ഇന്ത്യക്കും പ്രതീക്ഷ

ഖത്തർ ലോകകപ്പിൽ അർജന്റീനക്കായി ആർത്തു വിളിച്ച രാജ്യങ്ങളാണ് ഇന്ത്യയും ബംഗ്ലദേശും പാകിസ്ഥാനും ശ്രീലങ്കയുമെല്ലാം. സ്വന്തം രാജ്യത്തു നിന്നും ലഭിക്കുന്നതിനു തുല്യമായ പിന്തുണയാണ് ഈ രാജ്യങ്ങളിൽ നിന്നും അർജന്റീനക്ക് ലഭിച്ചത്. ലോകകപ്പ് ഫൈനൽ കഴിഞ്ഞ് അർജന്റീന കിരീടം നേടിയതിനു ശേഷം അർജന്റീന ടീമിന്റെ ഒഫിഷ്യൽ ട്വിറ്റർ അക്കൗണ്ടിൽ ഈ രാജ്യങ്ങൾക്ക് നന്ദി പറഞ്ഞുള്ള പോസ്റ്റും വന്നിരുന്നു. ഇത് ഈ രാജ്യങ്ങളിലെ ഫുട്ബോൾ പ്രേമികൾക്ക് ആവേശം നൽകുന്നതായിരുന്നു.

ഇതിനു പിന്നാലെ അർജന്റീന ഫുട്ബോൾ ടീം ബംഗ്ലാദേശിലേക്കെത്താൻ പോവുന്നു എന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ബംഗ്ലാദേശ് ഫുട്ബോൾ ഫെഡറേഷൻ മേധാവിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അർജന്റീന ഫുട്ബോൾ ടീം രാജ്യത്തേക്ക് വരുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണെന്നും വ്യവസ്ഥകൾ അംഗീകരിക്കപ്പെട്ടാൽ ലോകകപ്പ് ജേതാക്കൾ രാജ്യത്ത് കളിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ക്ലബ് ഫുട്ബോൾ മത്സരങ്ങൾ കഴിഞ്ഞ് ജൂണിൽ വരുന്ന ബ്രേക്കിലാണ് അർജന്റീന ബംഗ്ലാദേശിൽ വരാൻ സാധ്യതയുള്ളത്. വ്യവസ്ഥകൾ ധാരണയിലെത്തിയാൽ മാത്രമേ ഇതിന്റെ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ. ബംഗ്ലാദേശ് ഫുട്ബോൾ ടീമുമായാണോ അതോ മറ്റേതെങ്കിലും ടീമുമായാണോ അർജന്റീന മത്സരം കളിക്കുക എന്നറിയേണ്ടതുണ്ട്. ലോകകപ്പിൽ അർജന്റീനക്ക് വലിയ പിന്തുണ നൽകിയതിന്റെ പേരിൽ പരിശീലകൻ സ്‌കലോണിയടക്കം ബംഗ്ലാദേശ് ആരാധകരെ കുറിച്ച് പരാമർശം നടത്തിയിരുന്നു.

അതേസമയം അർജന്റീന ഫുട്ബോൾ ടീം ബംഗ്ലാദേശിലേക്ക് വരുന്നത് ഇന്ത്യക്കും പ്രതീക്ഷ നൽകുന്ന കാര്യമാണ്. ഇന്ത്യയിലെ അധികാരികൾ ശക്തമായ ശ്രമം നടത്തിയാൽ അതിനൊപ്പം ഇന്ത്യയിലും ഒരു മത്സരം നടത്താൻ കഴിയുമെന്നതിൽ സംശയവുമില്ല. ലോകകപ്പിൽ അർജന്റീനക്ക് നൽകിയ പിന്തുണയിൽ ഇന്ത്യയും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനു മുൻപ് 2011ൽ ഇന്ത്യയിൽ വെച്ച് അർജന്റീനയും വെനസ്വലയും തമ്മിൽ ഒരു മത്സരം നടന്നിട്ടുമുണ്ട്.