ബ്രസീലിനായി ഗോളടിച്ചു കൂട്ടുന്ന യുവതാരം ബാഴ്സലോണയിലേക്ക്
ബ്രസീലിയൻ ക്ലബായ അത്ലറ്റികോ പരാനെന്സിന്റെ യുവതാരമായ വിക്റ്റർ റോക്യൂവിനെ ബാഴ്സലോണ സ്വന്തമാക്കാനൊരുങ്ങുന്നു. പതിനേഴുകാരനായ താരം 2022 കോപ്പ ലിബർട്ടഡോസ് ഫൈനലിൽ ടീമിനെ എത്തിക്കാൻ സഹായിച്ചെങ്കിലും ഫൈനലിൽ ഫ്ളമങ്ങോയോട് തോൽവി വഴങ്ങിയിരുന്നു. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സൗത്ത് അമേരിക്കൻ അണ്ടർ 20 ടൂർണമെന്റിൽ ബ്രസീലിനായി ഗോളുകൾ അടിച്ചു കൂട്ടുന്നതിനിടയാണ് താരത്തിനായി ബാഴ്സലോണ രംഗത്തു വന്നിരിക്കുന്നത്.
ക്ലബിനായി നടത്തിയ മികച്ച പ്രകടനമാണ് ബ്രസീലിന്റെ അണ്ടർ 20 ടീമിലേക്ക് വിളി വരാൻ താരത്തെ സഹായിച്ചത്. ടൂർണമെന്റിൽ ഇതുവരെ മൂന്നു ഗോളുകൾ താരം നേടിക്കഴിഞ്ഞു. ഇതിനു പിന്നാലെയാണ് റോബർട്ട് ലെവൻഡോസ്കിക്ക് ബാക്കപ്പ് എന്ന നിലയിൽ താരത്തെ പരിഗണിക്കാൻ ബാഴ്സലോണ നീക്കങ്ങൾ നടത്തുന്നത്. ഹോളണ്ട് താരമായ മെംഫിസ് ഡീപേയ് ബാഴ്സലോണ വിട്ട് അത്ലറ്റ്കോ മാഡ്രിഡിലേക്ക് ചേക്കേറിയതും റോക്യൂവിൽ താൽപര്യം വർധിക്കാൻ കാരണമായി.
ഈ ഫെബ്രുവരിയിലാണ് ബ്രസീലിയൻ താരത്തിന് പതിനെട്ടു വയസ് തികയുന്നത്. അതും സാമ്പത്തിക പ്രതിസന്ധിയും ഉള്ളതിനാൽ തന്നെ ഈ ജാലകത്തിൽ ബാഴ്സലോണയ്ക്ക് താരത്തെ സ്വന്തമാക്കാൻ കഴിയില്ല. അതേസമയം താരത്തെക്കുറിച്ച് മികച്ച സ്കൗട്ടിങ് റിപ്പോർട്ടുകൾ ലഭിക്കുന്നതിനാൽ ട്രാൻസ്ഫർ നേരത്തെ ഉറപ്പിച്ചു വെക്കാൻ കാറ്റലൻ ക്ലബിന് താൽപര്യമുണ്ട്. നേരത്തെ പതിനാറുകാരനായ എൻഡ്രിക്കിനെ റയൽ മാഡ്രിഡ് സ്വന്തമാക്കിയതു പോലെ റോക്യൂവിന്റെ ട്രാൻസ്ഫർ ഉറപ്പിക്കാനാണ് ബാഴ്സലോണ ഒരുങ്ങുന്നത്.
Last night in a meeting with ex Portugese player DECO, Barcelona board talked about the signing of a 17 year old Brazilian striker "Victor Roque" from Athletico Paranaense for under €25m. pic.twitter.com/hJRMCxFJH2
— Lionel Murdock (@MurdockDevil) January 24, 2023
സ്ട്രൈക്കറായും വിങ്ങിലും കളിക്കാൻ കഴിയുന്ന റോക്യൂവിനു ബാഴ്സയിലേക്ക് ചേക്കേറാനാണ് ആഗ്രഹമെന്ന് റിപ്പോർട്ടുകൾ പറയുന്നു. മുപ്പതു മില്യൺ യൂറോയാണ് താരത്തിനായി ബ്രസീലിയൻ ക്ലബ് ആവശ്യപ്പെടുന്നത്. ഈ തുക മൂന്നു തവണയായി നൽകുന്ന ഡീലിനു അവർക്ക് സമ്മതമാണെന്നും റിപ്പോർട്ടുകളുണ്ട്. അതുകൊണ്ടു തന്നെ ജനുവരിയിൽ താരം എത്തിയില്ലെങ്കിലും അടുത്ത സമ്മറിൽ ടീമിലെത്തുമെന്ന കാര്യത്തിൽ സംശയമില്ല.