ബ്രസീൽ ടീം പരിശീലകനാകുമോ, ഒരു കാര്യത്തിൽ ഉറപ്പു നൽകി കാർലോ ആൻസലോട്ടി

ഖത്തർ ലോകകപ്പിൽ ബ്രസീൽ ക്വാർട്ടർ ഫൈനലിൽ തോൽവി വഴങ്ങി പുറത്തു പോയതോടെ പരിശീലകനായ ടിറ്റെ ടീമിൽ നിന്നും സ്ഥാനമൊഴിഞ്ഞിരുന്നു. ആറു വർഷത്തോളം ബ്രസീൽ ടീമിന്റെ മാനേജരായിരുന്ന അദ്ദേഹത്തിന് ഇതുവരെ ലഭിച്ചതിലെ ഏറ്റവും കരുത്തുറ്റ സ്‌ക്വാഡാണ് ലോകകപ്പിനായി ലഭിച്ചത്. ലോകകപ്പിൽ കിരീടം നേടാൻ ഏറ്റവുമധികം സാധ്യതയുണ്ടായിരുന്ന ടീമായ ബ്രസീൽ ക്വാർട്ടറിൽ അപ്രതീക്ഷിത തോൽവി വഴങ്ങിയതോടെ അദ്ദേഹം സ്ഥാനമൊഴിഞ്ഞു.’

ടിറ്റെക്ക് പകരക്കാരനെ കണ്ടെത്താൻ ബ്രസീൽ ശ്രമങ്ങൾ തുടർന്നു വരികയാണ്. ബ്രസീലിൽ നിന്നുള്ള പരിശീലകർക്ക് പകരം യൂറോപ്പിൽ നിന്നുള്ള മികച്ച മാനേജർമാരെയാണ് ബ്രസീൽ നോട്ടമിടുന്നത്. അതിൽ പ്രധാനപ്പെട്ട ഒരു പേരായി ഉയർന്നു വന്നത് നിലവിൽ റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആൻസലോട്ടിയാണ്. ഈ സീസണോടെ റയൽ മാഡ്രിഡ് വിടാൻ സാധ്യതയുള്ള അദ്ദേഹം കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കേ അതേക്കുറിച്ച് പ്രതികരിച്ചു.

“ബ്രസീൽ ടീമുമായി ഞാനൊരു തരത്തിലുള്ള ബന്ധവും പുലർത്തുന്നില്ല. അങ്ങിനെ സംഭവിച്ചാൽ ഞാൻ നിങ്ങളെ എന്തായാലും അറിയിക്കുന്നതായിരിക്കും.” കാർലോ ആൻസലോട്ടി പറഞ്ഞു. ബ്രസീൽ ടീമിന്റെ പരിശീലകനാവുന്ന കാര്യം അദ്ദേഹം ഒറ്റയടിക്ക് നിഷേധിച്ചില്ലെന്നത് കാനറിപ്പടയുടെ ആരാധകർക്ക് പ്രതീക്ഷ നൽകുന്ന കാര്യമാണ്. അദ്ദേഹത്തിന് പകരക്കാരെ റയൽ മാഡ്രിഡ് തേടിത്തുടങ്ങിയെന്ന അഭ്യൂഹങ്ങളും ഇതിനൊപ്പം ചേർത്തു വായിക്കാം.

കാർലോ ആൻസലോട്ടി പരിശീലകനായി വരണമെന്നായിരിക്കും ഓരോ ബ്രസീൽ ആരാധകനും ആഗ്രഹിക്കുന്നുണ്ടാവുക. യൂറോപ്പിലെ അഞ്ചു പ്രധാന ലീഗുകളിലും കിരീടം സ്വന്തമാക്കിയ പരിശീലകനെന്ന മറ്റാർക്കും സ്വന്തമാക്കാൻ കഴിയാത്ത നേട്ടം സ്വന്തം പേരിലുള്ള ആൻസലോട്ടി ഇതുവരെ ഒരു ദേശീയ ടീമിന്റെയും മാനേജറായിട്ടില്ല. ദേശീയ ടീം മാനേജരായി സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കാൻ അദ്ദേഹത്തിനു ലഭിക്കുന്ന ഏറ്റവും മികച്ച അവസരമാണ് ബ്രസീൽ ടീം.