“എനിക്കവനിൽ വളരെയധികം വിശ്വാസമുണ്ട്”- ബാഴ്‌സയുടെ വിജയത്തിൽ താരമായ ഡെംബലയെ പ്രശംസിച്ച് സാവി

മികച്ച ഫോമിൽ കളിക്കുന്ന റയൽ സോസിഡാഡിന്റെ വെല്ലുവിളിയെ മറികടന്ന് ബാഴ്‌സലോണ കോപ്പ ഡെൽ റേ സെമി ഫൈനലിലേക്ക് മുന്നേറിയപ്പോൾ ടീമിനു വേണ്ടി താരമായത് ഫ്രഞ്ച് മുന്നേറ്റനിരതാരമായ ഒസ്മാനെ ഡെംബലെ ആയിരുന്നു. എതിരില്ലാത്ത ഒരു ഗോളിന് ബാഴ്‌സലോണ വിജയം നേടിയ മത്സരത്തിൽ ടീമിനായി ഗോൾ നേടിയതു മാത്രമല്ല, ബാഴ്‌സലോണയുടെ മുഴുവൻ ആക്രമണവും താരത്തിലൂടെയാണ് മുന്നോട്ടു പോയിരുന്നത്.

നാൽപതാം മിനുട്ടിൽ ബ്രെയ്‌സ്‌ മെൻഡസ് ചുവപ്പുകാർഡ് നേടി പുറത്തു പോയതിനെ തുടർന്ന് റയൽ സോസിഡാഡ് പത്ത് പേരുമായി കളിക്കേണ്ടി വന്ന മത്സരത്തിൽ ഒരു ഗോൾ നേടിയ ഡെംബലെ രണ്ട് വമ്പൻ അവസരങ്ങൾ സൃഷ്‌ടിക്കുകയും ചെയ്‌തിരുന്നു. മൂന്നു കീ പാസുകൾ നൽകിയ താരം നാല് ലോങ്ങ് പാസിന് ശ്രമിച്ച് നാലെണ്ണവും കൃത്യമായി പൂർത്തിയാക്കി. ആറു ഗ്രൗണ്ട് ഡുവൽസിൽ വിജയിക്കാനും ഒസ്മാനെ ഡെംബലെക്ക് കഴിഞ്ഞു.

താനിവിടെ എത്തിയതിനു ശേഷം ഡെംബലെ വളരെയധികം പക്വത കൈവരിച്ചു എന്നും താരത്തിൽ വളരെയധികം നിലവാരം കാണുന്നുണ്ടെന്നും സാവി മത്സരത്തിന് ശേഷം പറഞ്ഞു. ഡെംബലെയിൽ വളരെയധികം വിശ്വാസമുള്ള താൻ താരത്തിന് വേണ്ട ടൂളുകൾ നൽകുക മാത്രമാണ് ചെയ്യുന്നതെന്നു കൂടി വ്യക്തമാക്കിയ സാവി ഫുൾ ബാക്കുകൾക്ക് വലിയ ഭീഷണിയാണ് ഡെംബലെ ഉണ്ടാകുന്നതെന്നും കൂട്ടിച്ചേർത്തു. സാവിക്ക് പുറമെ ബാൾഡെയും ഡെംബലെയെ പ്രശംസിച്ചു.

മത്സരത്തിൽ വിജയം നേടിയതോടെ ബാഴ്‌സലോണ സെമി ഫൈനലിലേക്ക് മുന്നേറി. ഈ സീസണിൽ രണ്ടാമത്തെ കിരീടം നേടാൻ ടീമിനുള്ള അവസരമാണ് കോപ്പ ഡെൽ റേ. നേരത്തെ റയൽ മാഡ്രിഡിനെ ഫൈനലിൽ കീഴടക്കി സ്‌പാനിഷ്‌ സൂപ്പർ കപ്പ് ബാഴ്‌സലോണ സ്വന്തമാക്കിയിരുന്നു. ലയണൽ മെസി പോയതോടെ തകർന്നു പോയ ബാഴ്‌സലോണ സാവിയുടെ കീഴിൽ തിരിച്ചു വരവിന്റെ ലക്ഷണങ്ങൾ കാണിച്ചു കൊണ്ടിരിക്കുന്നുണ്ട്.