ഗോളടിക്കുന്നവരേക്കാൾ ഹീറോയായി ലിസാൻഡ്രോ മാർട്ടിനസ്, വീണ്ടുമോരു മാൻ ഓഫ് ദി മാച്ച് പ്രകടനം

തന്നെക്കുറിച്ച് വിമർശനങ്ങൾ ഉന്നയിച്ച എല്ലാവരെക്കൊണ്ടും അത് മാറ്റിപ്പറയിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ലിസാൻഡ്രോ മാർട്ടിനസിനു കഴിഞ്ഞിട്ടുണ്ട്. അയാക്‌സിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയ താരം പ്രീമിയർ ലീഗിന് ചേരുമോയെന്ന സംശയം പലരും ഉയർത്തിയിരുന്നു. എന്നാൽ പ്രീമിയർ ലീഗിൽ എത്തിയതിനു ശേഷം ഓരോ മത്സരത്തിലും ഒന്നിനൊന്നു മികച്ച പ്രകടനമാണ് അർജന്റീന താരം നടത്തിക്കൊണ്ടിരിക്കുന്നത്.

കറബാവോ കപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ അതിഗംഭീര പ്രകടനമാണ് ലിസാൻഡ്രോ മാർട്ടിനസ് നടത്തിയത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് വിജയം നേടി മാഞ്ചസ്റ്റർ യുണൈറ്റഡ് ഫൈനൽ ഏറെക്കുറെ ഉറപ്പിച്ച മത്സരത്തിൽ മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത് ലിസാൻഡ്രോ മാർട്ടിനസായിരുന്നു. വിക്ടർ ലിൻഡ്‌ലോഫിനൊപ്പം ആദ്യ ഇലവനിൽ ഇറങ്ങിയ താരം പ്രതിരോധനിരയിൽ മികച്ച പ്രകടനം നടത്തിയതിനൊപ്പം ആക്രമണനിരയെയും സഹായിച്ചു.

മത്സരത്തിൽ 119 ടച്ചുകൾ നടത്തിയ ലിസാൻഡ്രോ മാർട്ടിനസ് നാല് ക്ലിയറൻസുകൾ നടത്തി. പതിനൊന്നിൽ എട്ടു ഡുവൽസും താരം വിജയിച്ചു. 95 പാസുകൾ കൃത്യമായി പൂർത്തിയാക്കാനും ലിസാൻഡ്രോ മാർട്ടിനസിനായി. അഞ്ചു ടാക്കിളുകൾ നടത്തിയ താരം ഒൻപതു റിക്കവറീസും മത്സരത്തിൽ നടത്തി. മത്സരത്തിലെ ഡിഫൻഡർമാരുടെ പ്രകടനം കണക്കിലെടുക്കുമ്പോൾ എല്ലാ കണക്കിലും ലിസാൻഡ്രോ മാർട്ടിനസ് തന്നെയാണ് മുന്നിൽ നിന്നത്. താരത്തിന് മാൻ ഓഫ് ദി മാച്ച് ലഭിക്കാനും ഇതാണ് കാരണമായത്.

അർജന്റീനക്കൊപ്പം ലോകകപ്പ് നേടിയതിനു പിന്നാലെയാണ് ലിസാൻഡ്രോ മാർട്ടിനസ് മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടിയും മിന്നുന്ന പ്രകടനം നടത്തുന്നത്. ഇന്നലത്തെ മത്സരത്തിലെ പ്രകടനത്തോടെ താരത്തെ വിമർശിച്ചവരടക്കം മുഴുവനായും അംഗീകരിക്കുന്ന കാഴ്‌ചയും കണ്ടു. മാഞ്ചസ്റ്റർ യുണൈറ്റഡിലും അർജന്റീനയിലെയും പ്രധാന പ്രതിരോധതാരമാകാൻ തനിക്ക് കഴിയുമെന്ന് ഉറപ്പിക്കുന്ന പ്രകടനമാണ് ലിസാൻഡ്രോ മാർട്ടിനസ് ഓരോ മത്സരത്തിലും നടത്തുന്നത്.