ബെൻസിമയുടെ പകരക്കാരനായി രണ്ടു താരങ്ങളെ ലക്ഷ്യമിട്ട് റയൽ മാഡ്രിഡ്
നിരവധി വർഷങ്ങളായി റയൽ മാഡ്രിഡ് മുന്നേറ്റനിരയിലെ സജീവമായ സാന്നിധ്യമായിരുന്നു കരിം ബെൻസിമ. 2009ൽ താരം ക്ലബിലെത്തിയതിനു ശേഷം പിന്നീട് മറ്റൊരു സ്ട്രൈക്കറെ കുറിച്ച് റയൽ മാഡ്രിഡിനു ചിന്തിക്കേണ്ടി വന്നിട്ടില്ല. റൊണാൾഡോയുള്ള സമയത്ത് താരത്തിന് അവസരങ്ങളും സ്പേസുകളും ഒരുക്കി നൽകുന്ന ശൈലിയിൽ കളിച്ച ബെൻസിമ റൊണാൾഡോ പോയതിനു ശേഷം ടീമിന്റെ പ്രധാന താരമാവുകയും അർഹിച്ച ബാലൺ ഡി ഓർ നേട്ടം സ്വന്തമാക്കുകയും ചെയ്തു.
എന്നാൽ ഇനി കൂടുതൽ കാലം കരിം ബെൻസിമയെ റയൽ മാഡ്രിഡിന് ആശ്രയിക്കാൻ കഴിയില്ലെന്ന കാര്യം തീർച്ചയാണ്. ഇപ്പോഴും മികച്ച പ്രകടനം റയൽ മാഡ്രിഡ് ജേഴ്സിയിൽ നടത്തുന്നുണ്ടെങ്കിലും മുപ്പത്തിയഞ്ചുകാരനായ താരത്തിനെ പരിക്കിന്റെ പ്രശ്നങ്ങൾ നിരന്തരമായി വലക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ബെൻസിമക്ക് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങൾ റയൽ മാഡ്രിഡ് ആരംഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇഎസ്പിഎന്നിന്റെ റിപ്പോർട്ടുകൾ പ്രകാരം യുവന്റസിന്റെ സെർബിയൻ സ്ട്രൈക്കർ ദൂസൻ വ്ലാഹോവിച്ച്, ടോട്ടനം ഹോസ്പറിന്റെ ബ്രസീലിയൻ താരം റിച്ചാർലിസൺ എന്നിവരെയാണ് ബെൻസിമക്ക് പകരക്കാരനായി റയൽ മാഡ്രിഡ് നോട്ടമിടുന്നത്. ബെൻസിമയുടെ കരാർ 2024 വരെയുണ്ടെങ്കിലും അതിനു മുൻപ് തന്നെ ഇതിലൊരു താരത്തെയെത്തിച്ച് ടീമുമായി ഒത്തിണക്കമുണ്ടാക്കാൻ സഹായിക്കാനാണ് റയൽ മാഡ്രിഡ് ഒരുങ്ങുന്നത്.
🚨Real Madrid are tracking Juventus' Serbian forward Dusan Vlahovic, 23, and Tottenham's Brazil World Cup star Richarlison, 25, as long-term replacements for former France international striker Karim Benzema, 35.
— Ekrem KONUR (@Ekremkonur) February 14, 2023
⚪#HalaMadrid ⚫#ForzaJuve ⚪#THFC pic.twitter.com/ZCAGECnkOO
റയൽ മാഡ്രിഡ് ലക്ഷ്യമിട്ട രണ്ടു താരങ്ങൾക്കും അവരുടെ ക്ലബുമായി കരാറുള്ളത് തിരിച്ചടിയാണ്. എന്നാൽ വ്ലാഹോവിച്ചിനെ കാര്യത്തിൽ റയലിന് പ്രതീക്ഷയുണ്ട്. യുവന്റസ് പോയിന്റ് വെട്ടിക്കുറയ്ക്കൽ അടക്കമുള്ള നടപടികൾ നേരിട്ടതിനാൽ അടുത്ത സമ്മറിൽ താരം ക്ലബ് വിടാനുള്ള ആഗ്രഹം പ്രകടിപ്പിച്ചേക്കാം. റയൽ മാഡ്രിഡിനെ പോലെയൊരു ടീം വിളിച്ചാൽ അത് നിഷേധിക്കാൻ ഈ രണ്ടു താരങ്ങളും തയ്യാറാകില്ലെന്നതും ലോസ് ബ്ലാങ്കോസിനു പ്രതീക്ഷയാണ്.