“അടുത്ത ലോകകപ്പ് കളിക്കുകയല്ല, കിരീടം നേടുകയാണ് ലക്‌ഷ്യം”- ഉറച്ച തീരുമാനവുമായി നെയ്‌മർ

ഖത്തർ ലോകകപ്പിൽ കിരീടം നേടുമെന്ന് പ്രതീക്ഷിക്കപ്പെട്ട ടീമുകളിൽ ഒന്നായിരുന്നു ബ്രസീൽ. നിരവധി മികച്ച താരങ്ങളടങ്ങിയ ടീം ഒരു മത്സരം പോലും തോൽക്കാതെ ലാറ്റിനമേരിക്കയിൽ ഒന്നാം സ്ഥാനക്കാരായാണ് ഖത്തറിലെത്തിയത്. ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തിയെങ്കിലും ക്വാർട്ടർ ഫൈനലിൽ അപ്രതീക്ഷിതമായി ക്രൊയേഷ്യയോട് തോറ്റ് പുറത്തു പോകാനായിരുന്നു ബ്രസീലിന്റെ വിധി. ആരാധകർക്ക് വലിയ നിരാശയാണ് ഇത് സമ്മാനിച്ചത്.

ഖത്തർ ലോകകപ്പിന് മുൻപ് ഇനിയൊരു ലോകകപ്പ് കളിക്കാൻ താൻ ഉണ്ടാകുമോ എന്ന കാര്യത്തിൽ ടീമിലെ സൂപ്പർതാരമായ നെയ്‌മർ സംശയം പ്രകടിപ്പിച്ചിരുന്നു. ഇനിയൊരു ലോകകപ്പ് ആകുമ്പോഴേക്കും തന്റെ ഫോം നിലനിർത്താൻ കഴിയുമോയെന്ന് ഉറപ്പില്ലെന്നാണ് താരം പറഞ്ഞത്. ഇതോടെ ഖത്തർ ലോകകപ്പിന് ശേഷം നെയ്‌മർ ദേശീയടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കുമെന്ന സംശയങ്ങളും ആരാധകർക്ക് ഉണ്ടായിരുന്നു. എന്നാൽ ടീമിനൊപ്പം തുടരാൻ തന്നെയാണ് നെയ്‌മർ തീരുമാനിച്ചത്.

ഇപ്പോൾ ബ്രസീലിയൻ ആരാധകർക്ക് കൂടുതൽ സന്തോഷം നൽകുന്ന പ്രതികരണമാണ് നെയ്‌മർ നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ 2026 ലോകകപ്പിലും താൻ കളിക്കുമെന്ന കാര്യത്തിൽ നെയ്‌മർ ഉറപ്പു നൽകുന്നുണ്ട്. 2026 ലോകകപ്പിൽ പങ്കെടുക്കാനുള്ള ആഗ്രഹം താങ്കൾക്കുണ്ടോ എന്ന ചോദ്യത്തിനു നെയ്‌മറുടെ മറുപടി 2026 ലോകകപ്പ് നേടാനുള്ള ആഗ്രഹമാണ് തനിക്കുള്ളതെന്നാണ് താരം പറഞ്ഞത്.

റിപ്പോർട്ടുകൾ പ്രകാരം ടിറ്റെ സ്ഥാനമൊഴിഞ്ഞതിനു പകരക്കാരനായി യൂറോപ്പിൽ നിന്നുള്ള മികച്ച പരിശീലകരെയാണ് ബ്രസീൽ നോട്ടമിടുന്നത്. റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആൻസലോട്ടിയാണ് ലിസ്റ്റിലുള്ള പ്രധാനി. യൂറോപ്പിലെ എല്ലാ പ്രധാന ലീഗുകളിലും കഴിവ് തെളിയിച്ചിട്ടുള്ള ആൻസലോട്ടിക്ക് ബ്രസീൽ പോലെ പ്രതിഭയുള്ള ഒരു സംഘത്തെ ലഭിച്ചാൽ അവർ അടുത്ത ലോകകപ്പിൽ കിരീടം നേടാനുള്ള സാധ്യത വർധിക്കുമെന്നതിൽ യാതൊരു സംശയവുമില്ല.