പിഎസ്‌ജി സഹതാരങ്ങളുമായി വാക്കേറ്റമുണ്ടായെന്ന് സമ്മതിച്ച് നെയ്‌മർ

മൊണോക്കോക്കെതിരായ മത്സരത്തിനു ശേഷം പിഎസ്‌ജി സഹതാരങ്ങളുമായി ഡ്രസിങ് റൂമിൽ വെച്ച് വാക്കേറ്റമുണ്ടായെന്നു സ്ഥിരീകരിച്ച് ടീമിലെ സൂപ്പർതാരം നെയ്‌മർ. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ ഇതുപോലെയുള്ള പ്രശ്‌നങ്ങൾ ടീമിനകത്ത് സ്വാഭാവികമായും ഉണ്ടാകുന്നതാണെന്നും അതിനെ ഗൗരവത്തിൽ കാണാതെ വിജയങ്ങൾക്ക് വേണ്ടി പൊരുതാൻ ടീം ഒറ്റക്കെട്ടായി നിൽക്കുമെന്നും താരം പറഞ്ഞു.

“അങ്ങിനെ സംഭവിച്ചിരുന്നു. ഞങ്ങൾ ആ സമയത്ത് പറഞ്ഞ കാര്യങ്ങൾ പരസ്‌പരം അംഗീകരിച്ചിരുന്നില്ല, അതുകൊണ്ടു തന്നെ അതേക്കുറിച്ച് ചർച്ച നടത്തി. ഞാനെന്റെ സുഹൃത്തുക്കളുമായി എല്ലാ ദിവസവും സംസാരിക്കാറുണ്ട്, എന്റെ കാമുകിയുമായി സംസാരിക്കുന്നത് പോലെ തന്നെയാണത്. ഞങ്ങളെല്ലാവരും ഫുട്ബോളിനെ കുറിച്ച് സംസാരിക്കാറുണ്ട്. ഫുട്ബോൾ ആശയവിനിമയം നടത്തി ടീമിനെ മെച്ചപ്പെടുത്തൽ കൂടിയാണ്.”

“ഞങ്ങൾ ഏതാനും മത്സരങ്ങളിൽ തോൽവി വഴങ്ങിയതിന്റെ നിരാശയിൽ ആയിരുന്നു. എല്ലാ മത്സരങ്ങളിലും വിജയം നേടണമെന്നാണ് ആഗ്രഹിക്കുന്നത്. ഇതുപോലെയുള്ള തോൽവികൾ വരുമ്പോൾ അത് വേദനയുണ്ടാക്കും, അതുകൊണ്ടു തന്നെ ചർച്ചകൾ സ്വാഭാവികമാണ്. അത് ടീമിനെ മെച്ചപ്പെടുത്താൻ വളരെയധികം സഹായിക്കും. കഴിഞ്ഞ ദിവസം നടന്ന കാര്യങ്ങൾ എല്ലാം ശരിപ്പെടുത്താൻ സഹായിച്ചു. ഞങ്ങൾ ചിന്തിക്കുന്നത് എല്ലാവര്ക്കും മനസിലായി.” നെയ്‌മർ പറഞ്ഞു.

ലോകകപ്പിന് മുൻപ് പിഎസ്‌ജിയിൽ ഏറ്റവും മികച്ച ഫോമിൽ കളിച്ചിരുന്ന നെയ്‌മർ ലോകകപ്പിന് ശേഷം ഒരു ഗോൾ മാത്രമാണ് ടീമിനായി നേടിയിട്ടുള്ളത്. എന്നാൽ തന്റെ ഫോം വീണ്ടെടുക്കാൻ കഴിയുമെന്ന പ്രതീക്ഷ താരം പ്രകടിപ്പിച്ചു. ചില മത്സരങ്ങൾ മോശമായി കടന്നു പോകുന്നുണ്ടെങ്കിലും പ്രൊഫെഷണൽ എന്ന രീതിയിൽ അത് മനസിലാക്കാൻ കഴിയുമെന്നും ഫോം മോശമാകുമ്പോൾ മറ്റുള്ളവരുടെ അഭിപ്രായത്തെ താൻ മാനിക്കുന്നുവെന്നും താരം പറഞ്ഞു.