നെയ്‌മറെ വിൽക്കാൻ തീരുമാനിച്ച് പിഎസ്‌ജി, മെസിയും ക്ലബ് വിടാൻ തയ്യാറെടുക്കുന്നു

ഫുട്ബോൾ ലോകത്തിലെ തന്നെ ഏറ്റവും മികച്ച മുന്നേറ്റനിര താരങ്ങൾ ഉണ്ടെങ്കിലും പിഎസ്‌ജിയുടെ ഈ സീസണിലെ ഫോം അത്ര മികച്ചതല്ല. ലോകകപ്പ് വരെ ടീം മികച്ച പ്രകടനം നടത്തിയെങ്കിലും അതിനു ശേഷം സ്ഥിരതയില്ലാത്ത കളിയാണ് കാഴ്‌ച വെക്കുന്നത്. പ്രമുഖ താരങ്ങളുടെ പരിക്കും താരങ്ങൾ തമ്മിൽ ഒത്തിണക്കം ഇല്ലാത്തതും ടീമിനുള്ളിലെ പ്രശ്‍നങ്ങളുമെല്ലാം ടീമിനെ ബാധിക്കുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മൊണോക്കോയുമായി നടന്ന കഴിഞ്ഞ ലീഗ് മത്സരത്തിൽ പിഎസ്‌ജി തോൽവി വഴങ്ങിയതിനു ശേഷം ടീമിലെ സൂപ്പർതാരമായ നെയ്‌മർ ഡ്രസിങ് റൂമിൽ കടുത്ത ഭാഷയിൽ പ്രതികരിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെ നെയ്‌മറെ ടീമിൽ നിന്നും ഒഴിവാക്കാനുള്ള തീരുമാനം ക്ലബ് എടുത്തുവെന്നാണ് ഫ്രഞ്ച് മാധ്യമമായ ഫൂട്ട്മെർകാടോ വെളിപ്പെടുത്തുന്നത്. ക്ലബ് നേതൃത്വത്തിനു നെയ്‌മരുടെ രീതികൾ ഇനിയും സഹിക്കാൻ കഴിയില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഇതിനു പിന്നാലെ ലയണൽ മെസി പിഎസ്‌ജിയുമായി കരാർ പുതുക്കുന്നില്ലെന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ലയണൽ മെസിയുടെ കരാർ ഈ സീസണോടെ അവസാനിക്കാൻ പോവുകയാണെങ്കിലും അത് പുതുക്കാൻ പിഎസ്‌ജി നേതൃത്വം ശ്രമം നടത്തുന്നുണ്ട്. എന്നാൽ മെസി പിഎസ്‌ജിയിലേക്ക് ചേക്കേറാനുള്ള ഒരു കാരണം നെയ്‌മർ ക്ലബിലുള്ളത് കൊണ്ടാണ്. നെയ്‌മറെ പിഎസ്‌ജി ഒഴിവാക്കിയാൽ സുഹൃത്തിനൊപ്പം ക്ലബ് വിടാനാണ് മെസിയും ഒരുങ്ങുന്നത്.

ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം പിഎസ്‌ജിയിലെ സ്ഥിതിഗതികൾ വളരെ ആശങ്ക ഉണ്ടാക്കുന്നതാണ്. താരങ്ങളും ക്ലബ് നേതൃത്വവും തമ്മിൽ നടക്കുന്ന വടംവലികൾ ക്ലബിന്റെ പ്രകടനത്തെ മോശമായി സ്വാധീനിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗിൽ നിന്നും നേരത്തെ പുറത്തായ പിഎസ്‌ജി ഈ സീസണിൽ മികച്ച പ്രകടനം നടത്താൻ ശ്രമിക്കുന്ന സമയത്താണ് ഈ പ്രതിസന്ധികൾ ഉണ്ടാകുന്നതെന്നത് ആരാധകർക്ക് ആശങ്ക സമ്മാനിക്കുന്നു.