“രണ്ടു കളി തോറ്റാൽ പിന്നെ ആരാധകർ പിന്നിലുണ്ടാകില്ല, ഇന്ത്യയിൽ കേരള ബ്ലാസ്റ്റേഴ്‌സിന് മാത്രമേ ശക്തമായ ആരാധക പിന്തുണയുള്ളൂ”

ഇന്ത്യൻ ഫുട്ബോൾ ക്ലബുകൾക്ക് ശക്തമായ ആരാധകപിന്തുണയുടെ ബലം ഇപ്പോഴില്ലെന്നു നിരീക്ഷിച്ച് എഴുത്തുകാരനുമായ ജോയ് ഭട്ടാചാര്യ. ഇന്ത്യയിൽ ഫുട്ബോൾ ഒരു സംസ്‌കാരം പോലെ വളരണമെങ്കിൽ ഇപ്പോഴുള്ളത് പോലെ ഇന്ത്യൻ സൂപ്പർ ലീഗ് ആറു മാസം കൂടുമ്പോൾ സംഘടിപ്പിച്ചാൽ മതിയാവില്ലെന്നും വിദേശലീഗുകൾ പോലെ പത്തു മാസം സംഘടിപ്പിക്കണമെന്നും അദ്ദേഹം തന്റെ അഭിപ്രായമായി ഉന്നയിച്ചു,

”ഇന്ത്യൻ ഫുട്ബോൾ ക്ലബുകൾക്ക് രണ്ടു കളികൾ തോൽക്കുമ്പോൾ തന്നെ ആരാധകരെ നഷ്‌ടമാകുന്ന അവസ്ഥയാണുള്ളത്. കേരള ബ്ലാസ്റ്റേഴ്‌സ് ഒഴികെ മറ്റൊരു ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബിനും ശക്തമായ ആരാധകപിന്തുണയില്ല. ഈസ്റ്റ് ബംഗാളിനും മോഹൻ ബഗാനും മുൻപുണ്ടായിരുന്ന ആരാധകർ ബംഗ്ലാദേശ് പശ്ചാത്തലം ഉള്ളവരായിരുന്നു. ആ തലമുറ ഇപ്പോഴില്ല, ബംഗാളിൽ ജനിച്ചു വളർന്ന പുതിയ തലമുറക്ക് എല്ലാ ടീമും ഒരുപോലെയാണ്.”

“ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിങ്ങൾ ലിവർപൂൾ ആരാധകനായിരുന്നെങ്കിൽ നിങ്ങളുടെ കുഞ്ഞിനെ ജേഴ്‌സിയണിയിച്ച് ഗ്യാലറിയിലേക്ക് കൊണ്ട് പോകുന്നതടക്കം ആ ബന്ധം തുടർന്നു കൊണ്ടിരിക്കും. അതൊരു ആജീവനാന്ത ബന്ധമാണ്. അതുപോലൊരു ഫുട്ബോൾ സംസ്‌കാരം ഇവിടെയും വളരണം. അതിനു ഇപ്പോഴുള്ളതു പോലെ ഇന്ത്യൻ സൂപ്പർ ലീഗ് ആറു മാസം നടന്നാൽ പോരാ, മറ്റു രാജ്യങ്ങളിൽ ഫുട്ബോൾ ലീഗുകൾ പത്തു മാസമാണ്. “

“ഫുട്ബോൾ ലോകകപ്പ് ഇവിടേക്ക് അത്രയെളുപ്പം കൊണ്ടുവരാൻ കഴിയുന്ന ഒന്നല്ല. അതിനു കൃത്യമായ ആസൂത്രണം വേണം. തന്റെ കാലത്ത് ലോകകപ്പ് നടത്തണമെന്ന് ഒരു ഭരണാധികാരി ആഗ്രഹിച്ചാൽ അത് നടക്കാനും പോകുന്നില്ല.” അദ്ദേഹം പറഞ്ഞു. ഐഎസ്എല്ലിനെ അപേക്ഷിച്ച് ഇന്ത്യൻ പ്രീമിയർ ലീഗ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ ജീവിതശൈലിയുടെ ഭാഗമായി വന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.