റയൽ മാഡ്രിഡ് റഫറിമാരെ വാങ്ങുന്നുവെന്നു പറഞ്ഞ ബാഴ്‌സലോണയ്ക്ക് കിട്ടിയത് എട്ടിൻറെ പണി, റഫറിമാർക്ക് കോഴ കൊടുത്ത കേസിൽ അന്വേഷണം

ബാഴ്‌സലോണ ആരാധകർ എക്കാലവും പരാതിപ്പെട്ടിരുന്നു കാര്യമാണ് റഫറിമാർ റയൽ മാഡ്രിഡിന്റെ പക്ഷത്തു നിൽക്കുന്നുവെന്നത്. റഫറിമാരുടെ സഹായം കാരണം റയൽ മാഡ്രിഡ് നിരവധി കിരീടങ്ങൾ എടുത്തിട്ടുണ്ടെന്നും തങ്ങൾക്ക് പല കിരീടങ്ങളും നഷ്‌ടമായെന്നും ബാഴ്‌സലോണ ആരാധകർ ആരോപണങ്ങൾ നടത്തിയിരുന്നു. ഇപ്പോൾ ഈ ആരോപണങ്ങൾ അവരുടെ നേർക്ക് തന്നെ തിരിഞ്ഞു കൊത്തുന്നതാണ് കാണുന്നത്.

കഴിഞ്ഞ ദിവസം സ്പെയിനിലെ കോടതി പുറപ്പെടുവിച്ച പ്രസ്‌താവന പ്രകാരം റഫറിമാർക്ക് പണം നൽകിയ വിഷയത്തിൽ ബാഴ്‌സലോണക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്. 2001 മുതൽ 2018 വരെ റഫറി അസോസിയേഷന്റെ വൈസ് പ്രസിഡന്റിന്റെ പേരിലുള്ള കമ്പനിയിലേക്ക് ബാഴ്‌സലോണ പണം നൽകിയിട്ടുണ്ട്. ഏതാണ്ട് ഏഴു മില്യൺ പൗണ്ടിലധികം ബാഴ്‌സലോണ നൽകിയതിൽ ക്രമക്കേടുകൾ നടന്നെന്നാണ് കണ്ടെത്തൽ.

ബാഴ്‌സലോണക്കെതിരെ ആദ്യം ആരോപണം വന്നപ്പോൾ റയൽ മാഡ്രിഡ് പ്രതികരിച്ചിരുന്നില്ല. നിരവധി ലാ ലിഗ ടീമുകൾ പങ്കെടുത്ത യോഗത്തിൽ നിന്നും റയൽ മാഡ്രിഡ് വിട്ടു നിന്നിരുന്നു. എന്നാൽ പുതിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ റയൽ മാഡ്രിഡ് അടിയന്തിര യോഗം നാളെ ചേരുന്നുണ്ട്. ബാഴ്‌സലോണക്കെതിരെ റയൽ മാഡ്രിഡും നിലപാട് സ്വീകരിക്കാനുള്ള സാധ്യതയാണ് കാണുന്നത്.

ആരോപണം വന്നപ്പോൾ തന്നെ ബാഴ്‌സലോണ പ്രസിഡന്റ് യോൻ ലപോർട്ടയോട് രാജി വെക്കാൻ ലാ ലിഗ പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ റസ്സൽ, ബാർട്ടമോ എന്നീ പ്രസിഡന്റുമാരുടെ കാലത്തു നടന്ന ഇടപാടുകളെ കുറിച്ച് തനിക്ക് വിവരമില്ലെന്നാണ് ലപോർട്ട പറയുന്നത്. നീതിയുക്തമായി മത്സരങ്ങൾ നടത്തുന്നതിനൊപ്പമേ എന്നും നിന്നിട്ടുള്ളൂവെന്നാണ് സാവി ഇക്കാര്യത്തിൽ പ്രതികരിച്ചത്.

ഈ വാർത്ത പുറത്തു വന്നതോടെ ബാഴ്‌സലോണ മുൻപ് വിജയിച്ച പല മത്സരങ്ങളെയും ആരാധകർ എടുത്തു പുറത്തിട്ട് വിമർശിക്കുന്നുണ്ട്. ചെൽസിക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിലെ വിവാദ വിജയമടക്കമുള്ളവ ചൂണ്ടിക്കാട്ടി ബാഴ്‌സലോണയ്ക്ക് റഫറിമാരുടെ സഹായം ലഭിച്ചുവെന്നാണ് ആരാധകർ പറയുന്നത്.