ആ പ്രതീക്ഷയും കൈവിടാൻ സമയമായി, ആരാധകർ കയ്യടിയോടെ സ്വീകരിച്ച തീരുമാനം ബ്ലാസ്റ്റേഴ്‌സ് മാറ്റിയേക്കും

ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും പുറത്തായ കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ഇനി മുന്നിലുള്ളത് സൂപ്പർലീഗാണ്. കേരളത്തിൽ വെച്ച് നടക്കുന്ന ടൂർണമെന്റിൽ വിജയം നേടാമെന്നും അതിലൂടെ ഐഎസ്എല്ലിൽ നിന്നും പുറത്തായതിന്റെ ക്ഷീണം മാറ്റാമെന്നും ബ്ലാസ്റ്റേഴ്‌സ് കരുതുന്നു. കോഴിക്കോടും മഞ്ചേരിയിലുമായി നടക്കുന്ന ടൂർണമെന്റിൽ മലബാറിൽ നിന്നു കൂടിയുള്ള ആരാധകരുടെ പിന്തുണയിൽ കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സുള്ളത്.

സൂപ്പർലീഗ് ടൂർണമെന്റ് ഇതിനു മുൻപ് നടന്നപ്പോൾ ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീമിനെ ഇറക്കിയില്ലായിരുന്നു. എന്നാൽ ഇത്തവണ സൂപ്പർ ലീഗിന് ബ്ലാസ്റ്റേഴ്‌സ് വിദേശതാരങ്ങൾ അടക്കമുള്ള മെയിൻ ടീമിനെയാണ് ഇറക്കാൻ തീരുമാനിച്ചത്. സൂപ്പർകപ്പ് വിജയികൾക്ക് അതിനു ശേഷം കഴിഞ്ഞ സീസണിലെ ഐ ലീഗ് ജേതാക്കളായ ഗോകുലം കേരളയുമായി മത്സരമുണ്ട്. അതിൽ വിജയം നേടിയാൽ എഎഫ്‌സി കപ്പിന് യോഗ്യത ലഭിക്കുമെന്നതാണ് സീനിയർ ടീമിനെ ഇറക്കുന്നതിലെ പ്രധാന ഉദ്ദേശം.

അതേസമയം സീനിയർ ടീമിനെ ഇറക്കുന്ന കാര്യത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇപ്പോൾ സംശയങ്ങൾ നിലനിൽക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികൾ സൂപ്പർകപ്പ് നടക്കുന്ന വേദികൾ സന്ദർശിച്ചിരുന്നു. മൈതാനങ്ങളുടെ നിലവാരമില്ലായ്‌മയിലാണ് ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികൾ ആശങ്ക പ്രകടിപ്പിക്കുന്നത്. മൈതാനം മികച്ച രീതിയിൽ ഒരുക്കി നല്ല സൗകര്യങ്ങൾ ലഭിച്ചാലേ സീനിയർ ടീമിനെ ബ്ലാസ്റ്റേഴ്‌സ് ഇറക്കുന്നുണ്ടാകൂ.

കേരള ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്റ്റർ സ്‌കിങ്കിസ് ഏതാനും ദിവസങ്ങൾക്കു മുൻപേ തന്നെ സൂപ്പർകപ്പ് വേദികളെക്കുറിച്ചുള്ള തന്റെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. നിലവിൽ നടത്തുന്ന മൈതാനം അപര്യാപ്തമാണെന്നു കരുതുന്നതായും മത്സരങ്ങൾ ഗോവയിലേക്ക് മാറ്റുകയാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞിരുന്നു. നേരത്തെ കൊച്ചി, തിരുവനന്തപുരം സ്റ്റേഡിയങ്ങളെ സൂപ്പർകപ്പിനു പരിഗണിച്ചിരുന്നെങ്കിലും അതെല്ലാം ഒഴിവാക്കിയാണ് കോഴിക്കോടും മഞ്ചേരിയും തിരഞ്ഞെടുത്തത്.