ഗർനാച്ചോ റൊണാൾഡോ ആരാധകനെന്നു വിലയിരുത്താൻ വരട്ടെ, സ്പെയിനെ തഴഞ്ഞ് അർജന്റീനയെ തിരഞ്ഞെടുക്കാൻ കാരണമിതാണ്

മാഞ്ചസ്റ്റർ യുണൈറ്റഡിൽ തരംഗമായി മാറുന്ന കളിക്കാരനാണ് അലസാൻഡ്രോ ഗർനാച്ചോ. പതിനെട്ടാം വയസിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സീനിയർ ടീമിലിടം നേടിയ താരത്തിന് ആദ്യ ഇലവനിൽ സ്ഥിരമായി ഇടം ലഭിക്കുന്നില്ലെങ്കിലും നിരന്തരം അവസരങ്ങൾ ലഭിക്കുന്നുണ്ട്. പരിചയസമ്പത്ത് വർധിച്ചു വരുന്നതോടെ ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായി മാറാൻ കഴിവുള്ള ഗർനാച്ചോ ബാലൺ ഡി ഓർ അടക്കമുള്ള പുരസ്‌കാരങ്ങൾ നേടുമെന്ന് പലരും വിലയിരുത്തുന്നു.

അർജന്റീനയിൽ വേരുകളുള്ള ഗർനാച്ചോ സ്പെയിനിലാണ് ജനിച്ചു വളർന്നത്. ഗെറ്റാഫെ, അത്ലറ്റികോ മാഡ്രിഡ് അക്കാദമികളിൽ കളിച്ചിട്ടുള്ള താരം സ്പെയിൻ യൂത്ത് ടീമിന് വേണ്ടിയും ഇറങ്ങിയിട്ടുണ്ട്. അർജന്റീനയുടെ യൂത്ത് ടീമിന് വേണ്ടിയും കളിച്ചിട്ടുള്ള താരം സീനിയർ ടീമെന്ന നിലയിലും അർജന്റീനക്ക് വേണ്ടി കളിക്കാനാണ് തീരുമാനിച്ചത്. സ്പെയിൻ താരത്തിനായി ശ്രമം നടത്തിയെങ്കിലും ഗർനാച്ചോ അത് പരിഗണിച്ചില്ല.

ഇതുവരെ അർജന്റീനക്കായി അരങ്ങേറിയിട്ടില്ലാത്ത താരം സ്പൈനിലേക്ക് പോകുമോയെന്ന ആശങ്കയുണ്ടെങ്കിലും അത് സംഭവിക്കില്ലെന്നാണ് അർജന്റീന യൂത്ത് ടീമിന്റെ കോർഡിനേറ്റർ ബെർണാർഡോ റോമിയോ പറയുന്നത്. താരം അർജന്റീനക്ക് വേണ്ടി കളിക്കാൻ ഉറപ്പിച്ചു കഴിഞ്ഞുവെന്നും ഗർനാച്ചോയുടെ വീട്ടിൽ തങ്ങൾ സന്ദർശനം നടത്തിയപ്പോൾ നിറയെ മെസിയുടെ ചിത്രങ്ങൾ ആയിരുന്നുവെന്നും അദ്ദേഹം കഴിഞ്ഞ ദിവസം ഡി സ്പോർട്ട്സ് റേഡിയോയോട് വ്യക്തമാക്കി.

ഗർനാച്ചോയെ ടീമിലെത്തിക്കാൻ വേണ്ടി സ്പെയിൻ മാനേജർ സംസാരിച്ചിരുന്നെന്നും എന്നാൽ താരം ഭവ്യതയോടു കൂടിത്തന്നെ അത് നിഷേധിച്ച് അർജന്റീനക്ക് വേണ്ടി കളിക്കാനുള്ള തീരുമാനം വെളിപ്പെടുത്തിയെന്നും റോമിയോ വ്യക്തമാക്കി. അർജന്റീനയെ സംബന്ധിച്ച് ഇടതുവിങ്ങിലേക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച താരമാണ് ഗർനാച്ചോ എന്നിരിക്കെ താരം ദേശീയ ടീമിൽ ഉണ്ടാകുമെന്നത് ആരാധകർക്ക് ആവേശമാണ്.

ഈ സീസണിൽ കൂടുതലും പകരക്കാരനായിരുന്ന താരം 29 മത്സരങ്ങൾ കളിച്ച് ഒൻപതു ഗോളുകളിൽ പങ്കാളിയായിട്ടുണ്ട്. അതേസമയം അർജന്റീന ദേശീയ ടീമിനായി കളിക്കുകയെന്ന താരത്തിന്റെ ആഗ്രഹം ഇത്തവണയും നടക്കാൻ സാധ്യതയില്ല. സൗത്താംപ്റ്റനുമായുള്ള മത്സരത്തിനിടെ പരിക്കേറ്റ താരത്തിന് അർജന്റീന ടീമിനൊപ്പമുള്ള മത്സരങ്ങൾ നഷ്‌ടമാകുമെന്നു തീർച്ചയായിട്ടുണ്ട്.