നിർണായക വഴിത്തിരിവ്, കാത്തിരുന്ന ചർച്ചകൾ പൂർത്തിയായി; ബാഴ്‌സ ആരാധകർക്ക് പ്രതീക്ഷക്കു വകയുണ്ട്

പിഎസ്‌ജിയുമായുള്ള കരാർ ഈ സീസണോടെ അവസാനിക്കാനിരിക്കെ ലയണൽ മെസി ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ലോകകപ്പിന് ശേഷം മെസി ഉടനെ തന്നെ പുതിയ കരാർ ക്ലബുമായി ഒപ്പിടുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ഇതുവരെയും അതുണ്ടായില്ല. ചാമ്പ്യൻസ് ലീഗിൽ നിന്നും തുടർച്ചയായ രണ്ടാമത്തെ സീസണിലും പിഎസ്‌ജി പുറത്തുപോയതോടെ മെസിക്കെതിരെ ആരാധകരോഷം ഉയരുന്നുണ്ട്. താരം ക്ലബിൽ തുടരുന്നില്ലെന്ന് തീരുമാനിക്കാൻ അതും കാരണമായിട്ടുണ്ട്.

അതിനിടയിൽ മെസി ബാഴ്‌സലോണയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ഉയർന്നു വന്നിരുന്നു. ബാഴ്‌സലോണ പ്രസിഡന്റും പരിശീലകൻ ലപോർട്ടയും മെസിയെ തിരിച്ചെത്തിക്കുന്നതിനോട് അനുകൂലമായാണ് പ്രതികരിച്ചിട്ടുള്ളത്. എന്നാൽ 2021 സമ്മറിൽ ക്ലബ് നേതൃത്വവുമായി സുഖകരമായ ബന്ധം നിലനിർത്തിയല്ല മെസി ക്ലബ് വിട്ടത്. അതിനാൽ തന്നെ ബാഴ്‌സലോണയ്ക്ക് ആഗ്രഹമുണ്ടായാലും മെസി ക്ലബ്ബിലേക്ക് തിരിച്ചു വരില്ലെന്ന സൂചനകളും ഉണ്ടായിരുന്നു.

എന്നാൽ ഇക്കാര്യത്തിൽ വലിയൊരു വഴിത്തിരിവ് ഇപ്പോൾ ഉണ്ടായിട്ടുണ്ട്. കാറ്റലൻ ജേർണലിസ്റ്റായ ജോയൻ ഫോണ്ടസിന്റെ റിപ്പോർട്ടുകൾ പ്രകാരം ബാഴ്‌സലോണ പ്രസിഡന്റ് ലപോർട്ട മെസിയെ വിളിക്കുകയും 2021ൽ സംഭവിച്ച കാര്യങ്ങൾക്ക് ക്ഷമാപണം നടത്തുകയും ചെയ്‌തിട്ടുണ്ട്‌. യോൻ ലപോർട്ടയുമായി നടത്തിയ സംഭാഷണത്തിൽ ലയണൽ മെസി വളരെയധികം സന്തോഷവാനാണെന്നും ക്ലബ്ബിലേക്ക് മടങ്ങി വരാൻ താൽപര്യമുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതേസമയം ബാഴ്‌സലോണയ്ക്ക് മെസിയെ സ്വന്തമാക്കാൻ വലിയൊരു പ്രതിസന്ധി സാമ്പത്തികമായ പ്രശ്‌നങ്ങളാണ്. നിലവിൽ തന്നെ ബാഴ്‌സലോണയുടെ വേതനബ്ബിൽ വളരെ കൂടുതലാണ്. ഇക്കാര്യം പറഞ്ഞ് ലാ ലിഗ നേതൃത്വം ക്ലബിന് മേൽ ഒരുപാട് സമ്മർദ്ദം ചെലുത്തുന്നുണ്ട്. അതേസമയം മെസിക്കും കുടുംബത്തിനും ബാഴ്‌സയിലേക്ക് തിരിച്ചു വരാൻ ആഗ്രഹമുണ്ടെന്നിരിക്കെ ഇതിന് ഏതെങ്കിലും തരത്തിൽ പ്രതിവിധി ഉണ്ടാകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.