പതിനഞ്ചാം കിരീടം അകലെയല്ല, ചാമ്പ്യൻസ് ലീഗ് വിജയം റയൽ മാഡ്രിഡിന് എളുപ്പമാകും

ചാമ്പ്യൻസ് ലീഗിലെ രാജാക്കന്മാരാണെന്ന് എതിരാളികൾ പോലും സമ്മതിക്കുന്ന ടീമാണ് റയൽ മാഡ്രിഡ്. തുടർച്ചയായ മൂന്നു ചാമ്പ്യൻസ് ലീഗുകളുൾപ്പെടെ പതിനാലു കിരീടങ്ങളാണ് റയൽ മാഡ്രിഡ് തങ്ങളുടെ ഷെൽഫിലെത്തിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിൽ അതിഗംഭീര തിരിച്ചുവരവുകൾ നടത്തി പതിനാലാം കിരീടം നേടിയ റയൽ മാഡ്രിഡിന് ഈ സീസണിലും ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാൻ കഴിയുമെന്ന് ലിവർപൂളിനെതിരായ മത്സരത്തോടെ അവർ തെളിയിച്ചു കഴിഞ്ഞു.

ഇന്ന് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ നറുക്കെടുപ്പ് കഴിഞ്ഞപ്പോഴും ഇത്തവണയും കിരീടം നേടാനുള്ള സാധ്യത റയൽ മാഡ്രിഡിനു കാണുന്നുണ്ട്. റയൽ മാഡ്രിഡിന്റെ നിലവിലെ ഫോമും എതിരാളികളായി വരാൻ സാധ്യതയുള്ള ടീമുകളുടെ ഫോമും കണക്കിലെടുക്കുമ്പോൾ ഒരു ഘട്ടത്തിൽ മാത്രമേ ലോസ് ബ്ലാങ്കോസ് വിയർക്കേണ്ടി വരികയുള്ളൂവെന്നാണ് നറുക്കെടുപ്പിനു ശേഷം വ്യക്തമാകുന്നത്.

ക്വാർട്ടർ ഫൈനലിൽ പ്രീമിയർ ലീഗ് ക്ലബായ ചെൽസിയാണ് റയൽ മാഡ്രിഡിന്റെ എതിരാളികൾ. ഈ സീസണിൽ മോശം ഫോമിലായിരുന്ന ചെൽസി ഇപ്പോൾ തിരിച്ചു വരവിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിട്ടേയുള്ളൂ. ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ എത്തിയ താരങ്ങളെക്കൊണ്ട് പുതിയൊരു ടീം സൃഷ്‌ടിക്കുന്ന പോട്ടർക്ക് സുസംഘിടതരായി നിൽക്കുന്ന റയൽ മാഡ്രിഡിനെ തടുക്കാൻ പ്രയാസമാണ്. കഴിഞ്ഞ സീസണിലും ചെൽസിയെ റയൽ മാഡ്രിഡ് ക്വാർട്ടറിൽ തോൽപ്പിച്ചിരുന്നു.

സെമി ഫൈനൽ ഘട്ടത്തിലാണ് റയൽ മാഡ്രിഡ് വിയർക്കാൻ സാധ്യതയുള്ളത്. സെമിയിൽ മാഞ്ചസ്റ്റർ സിറ്റിയോ ബയേൺ മ്യൂണിക്കോ ആയിരിക്കും റയൽ മാഡ്രിഡിന്റെ എതിരാളികളായി വരാൻ സാധ്യതയുള്ളത്. നിലവിൽ ഈ രണ്ടു ടീമുകളും മികച്ച ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. എങ്കിലും റയൽ മാഡ്രിഡിന്റെ ആത്മവിശ്വാസത്തിനു പകരം വെക്കാൻ മറ്റാർക്കും കഴിയില്ലെന്നത് അവർക്ക് മുൻ‌തൂക്കം നൽകുന്നു.

ഫൈനലിൽ എത്തുകയാണെങ്കിൽ ഇറ്റലിയിൽ നിന്നുള്ള നാപ്പോളി, ഇന്റർ മിലാൻ, എസി മിലാൻ എന്നീ ക്ലബുകളും പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയുമാണ് റയൽ മാഡ്രിഡിന് എതിരാളികളായി വരിക. ഇതിലൊരു ക്ലബും അടുത്ത കാലത്തൊന്നും ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ കളിച്ചിട്ടില്ല. ഫൈനലുകളിൽ വിജയിക്കാൻ നന്നായി അറിയാവുന്ന റയൽ മാഡ്രിഡിനൊപ്പം കഴിഞ്ഞ വർഷം ഇതിനേക്കാൾ വലിയ വെല്ലുവിളികളെ മറികടന്നു കിരീടം നേടിയ താരങ്ങളും പരിശീലകൻ ആൻസലോട്ടിയുമുണ്ടെന്നിരിക്കെ ഒന്നും അപ്രാപ്യമല്ല.