പരിശീലകൻ ശ്രമിച്ചിട്ടും നിന്നില്ല, രോഷാകുലനായി ട്രെയിനിങ് ഗ്രൗണ്ട് വിട്ട് ലയണൽ മെസി

കഴിഞ്ഞ ദിവസം നടന്ന പിഎസ്‌ജി ട്രെയിനിങ് സെഷനിൽ ലയണൽ മെസി പങ്കെടുത്തില്ലെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. റെന്നാസിനെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി നടന്ന സെഷനിൽ നിന്നും താരം വിട്ടു നിന്നതോടെ പരിക്ക് പറ്റിയിട്ടുണ്ടാകുമോ എന്ന ആശങ്ക ഉയർന്നു വരികയും ചെയ്‌തു. ഏതാനും ദിവസങ്ങൾ കഴിഞ്ഞാൽ ലോകകപ്പിന് ശേഷം അർജന്റീന ആദ്യമായി കളിക്കാനിരിക്കെ മെസിക്ക് പരിക്കുണ്ടെന്ന വാർത്തയിൽ ആരാധകർ നിരാശരാവുകയും ചെയ്‌തു.

എന്നാൽ പരിക്ക് കാരണമല്ല ലയണൽ മെസി പിഎസ്‌ജി ട്രെയിനിങ് ഗ്രൗണ്ട് വിട്ടതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പിഎസ്‌ജി പരിശീലകനായ ക്രിസ്റ്റഫെ ഗാൾട്ടിയാർ പരിശീലനത്തിൽ പരീക്ഷിച്ച ചില സെഷനുകളിൽ ലയണൽ മെസി ഒട്ടും തൃപ്‌തനായില്ലെന്നും അതുകൊണ്ടാണ് ട്രെയിനിങ് ഗ്രൗണ്ടിൽ നിന്നും പോയതെന്നുമാണ് പുതിയ വിവരങ്ങൾ. മെസി പിഎസ്‌ജിയോട് അകലുകയാണെന്ന് ഇതിൽ നിന്നും വ്യക്തമാണ്.

പരിശീലനസെഷനിൽ ഗാൾട്ടിയാർ നൽകിയ 2v2 സെഷനാണ് ലയണൽ മെസിയെ അസ്വസ്ഥനാക്കിയത്. അത് തന്റെ അഭിരുചിക്ക് ചേർന്നതല്ലെന്നതിനു പുറമെ ടീമിനെ മെച്ചപ്പെടുത്താൻ ഗുണം ചെയ്യുന്നതല്ലെന്നുമാണ് താരം മനസിലാക്കിയത്. ക്രിസ്റ്റഫെ ഗാൾട്ടിയാരുടെ രീതികളിൽ താൽപര്യമില്ലാതെ മെസി ട്രെയിനിങ് ശേഷം വെട്ടിക്കുറയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. പരിശീലകൻ താരത്തെ നിലനിർത്താൻ പരമാവധി ശ്രമിച്ചെങ്കിലും മെസി കളിക്കളം വിട്ടു.

റെന്നാസിനെതിരെ നടക്കുന്ന മത്സരത്തിനുള്ള സ്‌ക്വാഡ് പ്രഖ്യാപിക്കാത്തതിനാൽ ലയണൽ മെസി കളിക്കുമോയെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. അതേസമയം മെസി ആരാധകരെ സംബന്ധിച്ച് പിഎസ്‌ജിക്കൊപ്പമുള്ള മത്സരത്തിൽ താരം കളിക്കരുതെന്നാവും ആഗ്രഹം. അതിൽ കളിച്ച് പരിക്കേറ്റാൽ അർജന്റീനയുടെ മത്സരം നഷ്‌ടമാകുമെന്നത് തീർച്ചയാണ്. ലോകകപ്പിന് ശേഷമുള്ള ആദ്യത്തെ മത്സരമായതിനാൽ തന്നെ മെസി ഇറങ്ങണമെന്നാവും അവർ ആഗ്രഹിക്കുക.