“ഇനിയും ഇതുപോലെയുള്ള നുണകൾ സഹിക്കാൻ ഒരുക്കമല്ല”- ഒടുവിൽ ആഞ്ഞടിച്ച് മെസിയുടെ പിതാവ്

ലയണൽ മെസിയുടെ ഭാവിയുമായി ബന്ധപ്പെട്ടു നിരവധി അഭ്യൂഹങ്ങൾ ഫുട്ബോൾ ലോകത്ത് ഉയർന്നു വരുന്നുണ്ട്. താരം ഇതുവരെയും പിഎസ്‌ജിയുമായി പുതിയ കരാർ ഒപ്പിടുകയോ മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറാൻ തയ്യാറാവുകയോ ചെയ്‌തിട്ടില്ലെന്നതാണ് അഭ്യൂഹങ്ങൾ ശക്തമാകാനുള്ള കാരണം. ഖത്തർ ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിച്ച് ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്ന തലത്തിലേക്ക് ഉയരുന്നതിനു പിന്നാലെയാണ് മെസി കരിയറിൽ അനിശ്ചിതത്വം നേരിടുന്നത്.

അതിനിടയിൽ പിഎസ്‌ജി പരിശീലകനുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ലയണൽ മെസി കഴിഞ്ഞ ദിവസം പരിശീലനമൈതാനം വിട്ടുവെന്ന അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. അതിനിടയിൽ ഇതടക്കം മെസിയുമായി ബന്ധപ്പെട്ടു വന്ന മൂന്നു വാർത്തകൾ താരത്തിന്റെ പിതാവ് കഴിഞ്ഞ ദിവസം നിഷേധിക്കുകയുണ്ടായി. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ വാർത്തകൾ നിഷേധിച്ച അദ്ദേഹം ഇത്തരം വ്യാജമായ കഥകൾക്കെതിരെ രൂക്ഷമായ വിമർശനവും നടത്തി.

പരിശീലകനുമായുള്ള പ്രശ്‌നങ്ങളെ തുടർന്ന് ലയണൽ മെസി പിഎസ്‌ജി ട്രെയിനിങ് ഗ്രൗണ്ട് വിട്ടതും കരാർ പുതുക്കാൻ മെസി മുന്നോട്ടു വെച്ച കണ്ടീഷനുകൾ പിഎസ്‌ജിക്ക് സ്വീകാര്യമല്ലെന്നതും അൽ ഹിലാലിനോട് മെസി അറുനൂറു മില്യൺ യൂറോ പ്രതിഫലം ആവശ്യപ്പെട്ടതുമാണ് മെസിയുടെ പിതാവ് നിഷേധിച്ച വാർത്തകൾ. ഇതെല്ലാം വ്യാജമായ വാർത്തകളാണെന്നും കൂടുതൽ ഫോളോവേഴ്‌സിനെ ഉണ്ടാക്കാനുള്ള ഇത്തരം ശ്രമങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ലയണൽ മെസി ഈ സീസണിന് ശേഷം എവിടെയാവും കളിക്കുകയെന്ന കാര്യത്തിൽ ഇപ്പോഴും യാതൊരു നിശ്ചയവുമില്ല. താരം പിഎസ്‌ജിയിൽ സന്തോഷവാനാണെന്നാണ് പരിശീലകനായ ക്രിസ്റ്റഫെ ഗാൾട്ടിയർ പറയുന്നതെങ്കിലും മെസി ക്ലബ് വിടാനുള്ള സാധ്യതകൾ തന്നെയാണ് കാണുന്നത്. യൂറോപ്പിൽ തന്നെ തുടരാനാണ് മെസിക്ക് താൽപര്യമുള്ളതെങ്കിലും താരത്തിന്റെ പ്രതിഫലം ക്ലബുകൾക്ക് വലിയൊരു തടസമാണ്. അതുകൊണ്ടാണ് താരത്തിന്റെ ഭാവി അനിശ്ചിതത്വത്തിൽ തുടരുന്നതും.