ആ റെക്കോർഡിൽ തൊടാൻ മെസിയെ അനുവദിക്കില്ല, ഗോളടിച്ചു കൂട്ടാൻ റൊണാൾഡോ വീണ്ടും പോർച്ചുഗൽ ടീമിനൊപ്പം

ഖത്തർ ലോകകപ്പിനായി മികച്ച ടീമുമായാണ് പോർച്ചുഗൽ ഇറങ്ങിയതെങ്കിലും പ്രതീക്ഷിച്ച പ്രകടനം ടൂർണമെന്റിൽ അവർക്ക് നടത്താൻ കഴിഞ്ഞില്ല. ക്വാർട്ടർ ഫൈനൽ വരെ എത്തിയ പോർച്ചുഗൽ ഈ ടൂർണമെന്റിലെ കറുത്ത കുതിരകളായ മൊറോക്കോയോടാണ് പരാജയപ്പെട്ടത്. ഇതോടെ പോർച്ചുഗൽ ടീമിന്റെ പരിശീലകസ്ഥാനത്തു നിന്നും ഫെർണാണ്ടോ സാന്റോസിനെ പുറത്താക്കി മുൻ ബെൽജിയൻ പരിശീലകനായ റോബർട്ടോ മാർട്ടിനസിനെ നിയമിക്കുകയും ചെയ്‌തു.

ലോകകപ്പിന് ശേഷമുള്ള ആദ്യത്തെ മത്സരങ്ങൾക്ക് പോർച്ചുഗൽ ടീം പ്രഖ്യാപിച്ചപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് ശ്രദ്ധാകേന്ദ്രം. മുപ്പത്തിയെട്ടു വയസുള്ള റൊണാൾഡോക്ക് പുറമെ മറ്റൊരു വെറ്ററൻ താരമായ പെപ്പെയും ടീമിലിടം നേടിയിട്ടുണ്ട്. പ്രായമല്ല താൻ പ്രധാനമായും പരിഗണിക്കുന്നതെന്നും റൊണാൾഡോ ടീമിന് ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണെന്നുമാണ് ടീം പ്രഖ്യാപനത്തിനു ശേഷം റോബർട്ടോ മാർട്ടിനസ് പറഞ്ഞത്.

അതേസമയം പോർച്ചുഗൽ ദേശീയ ടീമിനൊപ്പം കളിക്കുമ്പോൾ തന്റെ പേരിലുള്ള സർവകാല റെക്കോർഡിലേക്ക് കൂടുതൽ ഗോളുകൾ ചേർക്കുകയെന്നത് റൊണാൾഡോ ലക്‌ഷ്യം വെക്കുമെന്നുറപ്പാണ്. നിലവിൽ 196 മത്സരങ്ങളിൽ നിന്നും 118 ഗോളുകൾ പോർച്ചുഗൽ ടീമിനായി നേടിയ റൊണാൾഡോയുടെ പേരിലാണ് ഏറ്റവുമധികം ഇന്റർനാഷണൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ്. നിലവിൽ കളിച്ചു കൊണ്ടിരിക്കുന്ന താരങ്ങളിൽ 98 ഗോളുകൾ നേടിയ മെസി രണ്ടാം സ്ഥാനത്ത് നിൽക്കുന്നു.

തന്റെ നിരവധി റെക്കോർഡുകൾ മെസി തകർത്തിട്ടുണ്ടെങ്കിലും ഈ റെക്കോർഡ് തകർക്കാൻ മെസിയെ അനുവദിക്കരുതെന്ന് തന്നെയാവും റൊണാൾഡോയുടെ ഉദ്ദേശം. അതിനായി ഏറ്റവുമധികം ഗോളുകൾ അടിച്ചു കൂട്ടാനാവും താരം ഈ മത്സരങ്ങളിൽ ശ്രമിക്കുക. യൂറോ കപ്പ് യോഗ്യതക്കായി ഈ മാസം നടക്കുന്ന രണ്ടു മത്സരങ്ങളിൽ ലക്‌സംബർഗ്, ലീച്ചസ്റ്റീൻ എന്നിവരാണ് പോർച്ചുഗലിന്റെ എതിരാളികളെന്നിരിക്കെ റൊണാൾഡോക്ക് ഗോൾവേട്ട നടത്താനും എളുപ്പമാകും.