സൗദി അറേബ്യ രണ്ടും കൽപ്പിച്ചു തന്നെ, അടുത്ത ലക്ഷ്യം ഡി പോളും വരാനെയും | Saudi Arabia
കഴിഞ്ഞ ലോകകപ്പിനു ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കി തുടങ്ങി വെച്ച വിപ്ലവം സമ്മർ ട്രാൻസ്ഫർ ജാലകത്തിലും തുടരുകയാണ് സൗദി അറേബ്യ. ഫുട്ബോൾ ആരാധകർ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള സൈനിംഗുകളാണ് സൗദി അറേബ്യ നടത്തിയത്. വമ്പൻ തുകയെറിഞ്ഞ് കരിം ബെൻസിമ, നെയ്മർ, ഫിർമിനോ, മാനെ തുടങ്ങി നിരവധി താരങ്ങളാണ് സൗദിയിലേക്ക് ചേക്കേറിയിരിക്കുന്നത്. സൗദി ഗവണ്മെന്റ് തന്നെയാണ് ഇതിനുള്ള തുക ക്ലബുകൾക്ക് നൽകുന്നത്.
ഇത്രയും താരങ്ങളെ സ്വന്തമാക്കിയ സൗദി അറേബ്യ പുതിയ താരങ്ങൾക്കായി ശ്രമം തുടങ്ങിയിട്ടുണ്ട്. നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ ലോകകപ്പുകൾ നേടിയ ഫ്രാൻസ്, അർജന്റീന ടീമിലെ താരങ്ങളെയാണ് സൗദി നോട്ടമിട്ടിരിക്കുന്നത്. ഫ്രാൻസിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിരോധതാരം റാഫേൽ വരാനെ, അർജന്റീനയിൽ നിന്നും അത്ലറ്റികോ മാഡ്രിഡ് മധ്യനിര താരം റോഡ്രിഗോ ഡി പോൾ എന്നിവരെയാണ് സൗദി അറേബ്യ നോട്ടമിട്ടിരിക്കുന്നത്.
Understand Al Ahli have opened talks to sign Rodrigo de Paul. He's the main target after Piotr Zielinski deal collapsed, deal on 🟢🇸🇦 #AlAhli
Negotiations with Atlético Madrid are not easy but Al Ahli are really trying. pic.twitter.com/hoYGAbOl2z
— Fabrizio Romano (@FabrizioRomano) August 21, 2023
അർജന്റീനയുടെ ലോകകപ്പ് വിജയത്തിൽ നിർണായക പങ്കു വഹിച്ച റോഡ്രിഗോ ഡി പോളിനെ അൽ അഹ്ലിയാണ് സ്വന്തമാക്കാൻ തയ്യാറെടുക്കുന്നത്. അത്ലറ്റികോ മാഡ്രിഡുമായുള്ള ചർച്ചകളിൽ പോസിറ്റിവായ ഫലം ലഭിക്കാൻ സാധ്യത കുറവാണെങ്കിലും അവർ ശ്രമം തുടരുന്നുണ്ട്. അതേസമയം റാഫേൽ വരാനെക്ക് സൗദി അറേബ്യയിലേക്ക് ചേക്കേറാൻ താൽപര്യമുണ്ട്. വരാനെയുടെ ഫ്രഞ്ച് സഹതാരങ്ങളായ കരിം ബെൻസിമ, കാന്റെ എന്നിവർ കളിക്കുന്ന അൽ ഇതിഹാദാണ് താരത്തിനായി ശ്രമം നടത്തുന്നത്.
🚨 Al Ittihad are in 'preliminary negotiations' with Man United for Raphael Varane. pic.twitter.com/XwGHagktVl
— SPORTbible (@sportbible) August 21, 2023
ദേശീയ ടീമിൽ നിന്നും വിരമിച്ച താരമാണ് റാഫേൽ വരാനെ. അതുകൊണ്ടു തന്നെ സൗദി അറേബ്യയിലേക്കുള്ള ട്രാൻസ്ഫർ അടുത്ത വർഷം നടക്കുന്ന യൂറോ കപ്പിലെ സ്ഥാനത്തെ ബാധിക്കുമെന്ന ആശങ്ക താരത്തിനില്ല. എന്നാൽ താരം ക്ലബ് വിടുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടിയാകും. അതേസമയം ഡി പോളിനെ സംബന്ധിച്ച് അടുത്ത വർഷം കോപ്പ അമേരിക്ക നടക്കാനിരിക്കെയാണ്. സൗദി അറേബ്യയിലേക്ക് ചേക്കേറിയാൽ അത് താരത്തിന്റെ ടീമിലെ സ്ഥാനത്തെ ബാധിച്ചേക്കും.
Saudi Arabia Target Varane And De Paul