സൗദിയിൽ വമ്പൻ താരങ്ങളെത്തിയിട്ടും ഈ മുപ്പത്തിയെട്ടുകാരനെ തൊടാൻ കഴിയുന്നില്ല, റൊണാൾഡോ തന്നെ തലപ്പത്ത് | Ronaldo
അത്രയൊന്നും കേട്ടുകേൾവിയില്ലാത്ത സൗദി അറേബ്യൻ ലീഗിലേക്കുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രാൻസ്ഫർ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച ഒന്നായിരുന്നെങ്കിലും താരത്തിന്റെ കോൺഫിഡൻസ് ലെവൽ വർധിക്കാൻ അതു കാരണമായിട്ടുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. സൗദി അറേബ്യയിൽ എത്തിയതിനു ശേഷം മികച്ച പ്രകടനം നടത്തി ഗോളുകൾ അടിച്ചു കൂട്ടുന്ന റൊണാൾഡോ അതേ മികവ് പോർച്ചുഗൽ ദേശീയ ടീമിനൊപ്പവും ആവർത്തിക്കുന്നുണ്ട്.
കഴിഞ്ഞ സീസണിന്റെ പകുതിയിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ലീഗിലെത്തിയത്. അൽ നസ്റിനൊപ്പം കിരീടമൊന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും ലീഗ് അവസാനിക്കുമ്പോൾ പതിനാലു ഗോളുകളുമായി ടോപ് സ്കോറർമാരിൽ അഞ്ചാം സ്ഥാനത്താണ് റൊണാൾഡോ ഉണ്ടായിരുന്നത്. ഒന്നാം സ്ഥാനത്തു വന്ന അബ്ദെറസാക്ക് ഹംദല്ല നേടിയത് ഇരുപത്തിയൊന്ന് ഗോളുകളായിരുന്നു. അപ്പോൾ തന്നെ അടുത്ത സീസണിലെ ടോപ് സ്കോറർ റൊണാൾഡോ ആയിരിക്കുമെന്ന് ആരാധകർ ഉറപ്പിച്ചു.
🚨
Cristiano Ronaldo is the Saudi League TOP SCORER with 9 goals.
Forever standing alone at the top. 🐐 pic.twitter.com/sOa1EY9FMJ
— The CR7 Timeline. (@TimelineCR7) September 22, 2023
എന്നാൽ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി വമ്പൻ താരങ്ങളാണ് സൗദിയിലേക്ക് വന്നത്. നെയ്മർ, ബെൻസിമ, ഫിർമിനോ, മാനെ, മിട്രോവിച്ച്, മാൽക്കം, മഹ്റാസ് തുടങ്ങി യൂറോപ്പിൽ മിന്നും പ്രകടനം നടത്തിയിരുന്ന നിരവധി കളിക്കാർ സൗദി ലീഗിലേക്ക് ചേക്കേറി. ഇതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിഞ്ഞ സീസണിലെ ഗോളടി മികവ് ആവർത്തിക്കാൻ കഴിഞ്ഞാലും ടോപ് സ്കോറർ പദവി നേടാൻ വലിയ വെല്ലുവിളി തന്നെ ഉണ്ടാകുമെന്നാണ് ഏവരും കരുതിയത്.
📊 @Cristiano #Ronaldo and #Sadio_Mané are the top scorers in the Saudi Pro League after 7 games:
🇵🇹 #Ronaldo: ⚽ 9 goals 🅰️ 4 assists
🇸🇳 #Mané: ⚽ 6 goals 🅰️ 1 assist@AlNassrFC_EN #Stats #SaudiArabia #SaudiProLeague #SPL… pic.twitter.com/9ZUxY3Qxe6
— Saudi Football News (@saudifootnews) September 23, 2023
എന്നാൽ ഈ സീസണിൽ ഏഴു മത്സരങ്ങൾ കഴിഞ്ഞപ്പോൾ സൗദി പ്രൊ ലീഗിലെ ടോപ് സ്കോറർമാരിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് റൊണാൾഡോയാണ്. ഒൻപത് ഗോളുകൾ താരം നേടിയപ്പോൾ ആറു ഗോളുകൾ വീതം നേടിയ അൽ ദൗസറി, മാൽക്കം, സാഡിയോ മാനെ, മൂസ ഡെംബലെ തുടങ്ങിയ താരങ്ങൾ രണ്ടാം സ്ഥാനത്തു നിൽക്കുന്നു. ഈ സീസണിലെ ടോപ് സ്കോറർ പട്ടം സ്വന്തമാക്കാൻ മറ്റാരെയും അനുവദിക്കില്ലെന്നുറപ്പിച്ചാണ് റൊണാൾഡോ ഗോൾവേട്ട നടത്തുന്നത്.
“റൊണാൾഡോ തീർന്നു പോയെന്ന് അവർ പറഞ്ഞു, അത് സത്യമല്ല. എന്റെ കാലുകൾ അതു പറയുന്നത് വരെ ഞാൻ കളിച്ചു കൊണ്ടിരിക്കും. ഇനിയുമെന്നിൽ ഒരുപാട് ബാക്കി നിൽക്കുന്നുണ്ട്. ഫുട്ബോൾ കളിക്കാനും ഗോളുകളും വിജയങ്ങളും നേടാനും ഞാൻ ഇഷ്ടപ്പെടുന്നു. അവർ ഞാൻ തീർന്നു പോയെന്ന് പറഞ്ഞു, അത് സത്യമല്ലെന്ന് ഞാൻ തെളിയിച്ചു കൊണ്ടിരിക്കുന്നു.” ഇന്നലെത്തെ മത്സരത്തിനു ശേഷം താരം പറഞ്ഞ വാക്കുകളാണിത്. തന്റെ പോരാട്ടം ഇനിയും തുടരുമെന്ന് ഇതിൽ നിന്നും റൊണാൾഡോ വ്യക്തമാക്കുന്നു.
Ronaldo Leads Saudi Pro League Top Scorer Table