വിരമിക്കൽ തീരുമാനമെടുത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ, അൽ നസ്ർ നേതൃത്വത്തെ അറിയിച്ചു | Ronaldo

ഫുട്ബോൾ ലോകത്തെ തന്നെ ഞെട്ടിച്ചാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപ്യൻ ഫുട്ബോൾ വിട്ട് സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയത്. മാഞ്ചസ്റ്റർ യുണൈറ്റഡുമായി ഉടക്കി ക്ലബ് വിട്ട താരത്തിന് യൂറോപ്പിൽ തുടരാനുള്ള ആഗ്രഹമുണ്ടായിരുന്നെങ്കിലും വലിയ ക്ലബുകളൊന്നും താൽപര്യം പ്രകടിപ്പിച്ചില്ല. ഖത്തർ ലോകകപ്പിനു പിന്നാലെ സൗദി അറേബ്യ വമ്പൻ ഓഫറുമായി വന്നതോടെ റൊണാൾഡോ സമ്മതം മൂളുകയായിരുന്നു.

സൗദി അറേബ്യയിലേക്ക് ചേക്കേറിയ റൊണാൾഡോ മിന്നുന്ന പ്രകടനമാണ് അവിടെ നടത്തുന്നത്. റൊണാൾഡോക്ക് പിന്നാലെ യൂറോപ്പിൽ നിന്നും ഒരു വമ്പൻ താരനിര സൗദി ലീഗിലേക്ക് എത്തിയിരുന്നു. ഈ സീസണിലും റൊണാൾഡോ മിന്നുന്ന പ്രകടനം നടത്തുന്ന സാഹചര്യത്തിൽ താരം യൂറോപ്പിലേക്ക് തിരിച്ചു വരാനുള്ള സാധ്യതയുണ്ടെന്ന് പലരും കരുതിയിരുന്നു. യൂറോപ്പിൽ ഒരു ആട്ടം കൂടി നടത്തി റൊണാൾഡോ വിരമിക്കണമെന്നാണ് പലരുടേയും ആഗ്രഹം.

എന്നാൽ ആരാധകരുടെ ആഗ്രഹം നടക്കാനുള്ള യാതൊരു സാധ്യതയുമില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിലവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം താൻ അൽ നസ്റിൽ തന്നെ വിരമിക്കുമെന്ന് റൊണാൾഡോ ക്ലബ് നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. സൗദി സ്പോർട്ട്സ് മീഡിയ ഫെഡറേഷനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ വിരമിക്കൽ എപ്പോഴായിരിക്കും എന്ന കാര്യത്തിൽ റൊണാൾഡോ തീരുമാനമൊന്നും എടുത്തിട്ടില്ല.

2023 ജനുവരിയിലാണ് റൊണാൾഡോ അൽ നസ്റിലേക്ക് ചേക്കേറുന്നത്. അതിനു ശേഷം ഇതുവരെ 29 ഗോളുകൾ ക്ലബിനായി റൊണാൾഡോ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ കിരീടമൊന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും ഈ സീസൺ അൽ നസ്ർ തുടങ്ങിയത് തന്നെ ഒരു കിരീടനേട്ടത്തോടെയാണ്. സൗദി ലീഗിലും മികച്ച പ്രകടനം നടത്തി കിരീടം നേടാനാണ് റൊണാൾഡോ ലക്ഷ്യമിടുന്നത്. സൗദി ലീഗിൽ ഒൻപത്‌ ഗോളുകൾ നേടി നിലവിലെ ടോപ് സ്കോററും റൊണാൾഡോയാണ്.

റൊണാൾഡോയുടെ നിലവിലെ പ്രധാനപ്പെട്ടൊരു ലക്‌ഷ്യം അടുത്ത യൂറോ കപ്പാണ്. മികച്ച താരങ്ങൾ അണിനിരക്കുന്ന പോർച്ചുഗൽ ടീമിനൊപ്പം കിരീടം സ്വന്തമാക്കുകയെന്ന ലക്ഷ്യമാണ് റൊണാൾഡൊക്കുള്ളത്. ആ ടൂർണമെന്റിന് ശേഷമേ റൊണാൾഡോ വിരമിക്കുന്നതിനെ കുറിച്ച് തീരുമാനമെടുക്കൂ. എന്നാൽ ഇപ്പോഴും മികച്ച ഫോമിൽ കളിക്കുന്നതിനാൽ അടുത്ത ലോകകപ്പിൽ താരം ഇറങ്ങിയാലും അതിൽ അത്ഭുതപ്പെടാൻ കഴിയില്ല.

Ronaldo Told Al Nassr He Will Retire At Club