കണ്ണുകാണാൻ പറ്റാത്ത പുകയിൽ ഗോൾ നേടി റൊണാൾഡോ, വമ്പൻ പോരാട്ടങ്ങളിൽ താരം ഡബിൾ സ്ട്രോങ്ങ് | Ronaldo

വമ്പൻ പോരാട്ടങ്ങളിൽ റൊണാൾഡോയുടെ പ്രകടനവും ഡബിൾ സ്ട്രോങ്ങാകുന്നത് ഒരുപാട് തവണ നമ്മൾ കണ്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം സൗദി പ്രൊ ലീഗിൽ അൽ നസ്‌റും അൽ അഹ്ലിയും തമ്മിൽ നടന്ന മത്സരത്തിലും സമാനമായ സംഭവം തന്നെയാണ് നടന്നത്. സൗദിയിലെ രണ്ടു വമ്പൻ ടീമുകൾ തമ്മിലുള്ള മത്സരത്തിൽ റൊണാൾഡോ രണ്ടു ഗോളുകൾ നേടിയപ്പോൾ അൽ നസ്ർ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് വിജയം സ്വന്തമാക്കിയത്.

യൂറോപ്പിൽ കളിച്ചിരുന്ന നിരവധി വമ്പൻ താരങ്ങളുള്ള ക്ലബുകളാണ് ഇതു രണ്ടും. റൊണാൾഡോ, മാനെ, ഒറ്റാവിയ, ബ്രോസോവിച്ച്, ലപോർട്ടെ, ടാലിസ്‌ക, ടെല്ലസ് തുടങ്ങിയ താരങ്ങൾ അൽ നസ്റിൽ കളിക്കുമ്പോൾ ഫിർമിനോ, മഹ്റാസ് സെയിന്റ് മാക്‌സിമിൻ, ഫ്രാങ്ക് കെസി, റോജർ ഇബനസ്‌, എഡ്വേർഡ് മെൻഡി തുടങ്ങിയവർ അൽ അഹ്‌ലിയിലും കളിക്കുന്നു. അതുകൊണ്ടു തന്നെ ഈ മത്സരം വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

മത്സരത്തിൽ അൽ നസ്ർ നാലാം മിനുട്ടിൽ തന്നെ മുന്നിലെത്തി. സാദിയോ മാനേയുടെ പാസിൽ നിന്നും റൊണാൾഡോയാണ് ഗോൾ നേടിയത്. ആ ഗോൾ നേടുമ്പോൾ കാണികൾ സ്‌മോക്ക് സ്റ്റിക്ക് ഉപയോഗിച്ച് അൽ അഹ്ലിയുടെ ഗോൾപോസ്റ്റിന്റെ ഭാഗത്ത് മുഴുവൻ പുക നിറഞ്ഞിരിക്കുകയായിരുന്നു. റൊണാൾഡോക്ക് ഗോൾപോസ്റ്റ് കാണാൻ കഴിഞ്ഞോ എന്ന കാര്യം അറിയില്ലെങ്കിലും പന്ത് വരുന്നത് ഗോൾകീപ്പർ കണ്ടിട്ടുണ്ടാവില്ല എന്നുറപ്പാണ്. അതിനെത്തുടർന്ന് തർക്കങ്ങളും ഉണ്ടായിരുന്നു.

അതിനു പിന്നാലെ തന്നെ ടാലിസ്‌ക അൽ നാസറിനെ ലീഡ് ഉയർത്തി. ഫ്രാങ്ക് കെസീയിലൂടെ അൽ അഹ്ലി ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ തന്നെ അൽ നസ്ർ ടാലിസ്‌കയിലൂടെ വീണ്ടും മുന്നിലെത്തി. അതിനു ശേഷം അൻപതാം മിനുട്ടിൽ പെനാൽറ്റിയിലൂടെ മഹ്റാസ് ഒരു ഗോൾ നേടിയെങ്കിലും രണ്ടു മിനിറ്റിനകം റൊണാൾഡോ വീണ്ടും അൽ നാസറിന്റെ ലീഡുയർത്തി. എൺപത്തിയേഴാം മിനുട്ടിൽ അൽ അഹ്ലി മൂന്നാം ഗോൾ നേടിയെങ്കിലും മത്സരത്തിലേക്ക് തിരിച്ചുവരാൻ കഴിഞ്ഞില്ല.

മത്സരം വിജയിച്ചതോടെ അൽ അഹ്ലിയെ മറികടന്ന് അഞ്ചാം സ്ഥാനത്തേക്ക് മുന്നേറാൻ അൽ നസ്റിന് കഴിഞ്ഞു. അൽ നസ്റിന് തൊട്ടു പിന്നിൽ ആറാം സ്ഥാനത്താണ് അൽ അഹ്ലി. രണ്ടു ടീമുകൾക്കും പതിനഞ്ചു പോയിന്റുള്ളപ്പോൾ പതിനെട്ടു പോയിന്റുള്ള കരിം ബെൻസിമ നയിക്കുന്ന അൽ ഇതിഹാദാണ്‌ ഒന്നാം സ്ഥാനത്ത്. നെയ്‌മറുടെ ടീമായ അൽ ഹിലാൽ പതിനേഴു പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിൽക്കുന്നു.

Ronaldo Scored Brace In Al Nassr Win Vs Al Ahli