പണി വരുന്നുണ്ട് റയാനേ, ബെംഗളൂരു താരത്തിന്റെ വംശീയാധിക്ഷേപത്തിനെതിരെ പരാതി നൽകി ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യത്തെ മത്സരത്തിനു പിന്നാലെ വിവാദങ്ങളും ഉയർന്നു. മത്സരത്തിന്റെ എൺപത്തിരണ്ടാം മിനുട്ടിൽ ബെംഗളൂരു താരമായ റയാൻ വില്യംസ് കേരള ബ്ലാസ്റ്റേഴ്‌സ് താരമായ ഐബാൻ ഡോഹ്‌ലിങ്ങിനെതിരെ വംശീയമായ അധിക്ഷേപം നടത്തുകയുണ്ടായി. “സ്മെല്ലിങ് റാറ്റ്” എന്നർത്ഥം വരുന്ന ആംഗ്യമാണ്‌ രണ്ടു പേരും തമ്മിൽ കളിക്കളത്തിലുണ്ടായ ചെറിയൊരു ഉരസലിനിടെ റയാൻ വില്യംസ് ഐബാനോട് നടത്തിയത്.

മത്സരത്തിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് ആരാധകക്കൂട്ടായ്‌മയായ മഞ്ഞപ്പട ഇക്കാര്യം ചൂണ്ടിക്കാണിച്ച് രംഗത്തു വന്നിരുന്നു. വളരെ പ്രകടമായ വംശീയാധിക്ഷേപമാണ് റയാൻ വില്യംസ് നടത്തിയതെന്നും താരത്തിനെതിരെ നടപടി എടുക്കണമെന്നും അവർ സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടു. വംശീയാധിക്ഷേപം ഒരിക്കലും വെച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്നും ഇതുമായി ബന്ധപ്പെട്ട് പരാതി നൽകാൻ കേരള ബ്ലാസ്റ്റേഴ്‌സ് നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും അവർ പറഞ്ഞിരുന്നു.

സംഭവം സോഷ്യൽ മീഡിയയിൽ പടർന്നു പിടിച്ചതിനു പിന്നാലെ ഔദ്യോഗികമായ പ്രതികരണവുമായി ബ്ലാസ്റ്റേഴ്‌സ് നേതൃത്വവും എത്തിയിട്ടുണ്ട്. സംഭവത്തിൽ നിരാശയും ആശങ്കയും വെളിപ്പെടുത്തുന്നുവെന്നും മത്സരത്തിന്റെ സമയത്തു തന്നെ ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും ബ്ലാസ്റ്റേഴ്‌സ് നേതൃത്വം വ്യക്തമാക്കുന്നു. ബെംഗളൂരു താരത്തിന്റെ ആംഗ്യം വളരെ മോശമായ ഒന്നായിരുന്നുവെന്നും വംശീയാധിക്ഷേപം അടക്കമുള്ള കാര്യങ്ങൾക്ക് ഫുട്ബോൾ മൈതാനത്ത് ഇടമില്ലെന്നും അവർ അറിയിച്ചു.

സംഭവത്തിൽ ഔദ്യോഗികമായ പരാതി നൽകിയിട്ടുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്‌സ് നേതൃത്വം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ ഒരു അന്വേഷണം നടത്തണമെന്നും സംഭവം ഗൗരവത്തിൽ തന്നെ എടുക്കണമെന്നും പ്രസ്‌താവനയിൽ പറയുന്നു. അതുപോലെ ഇതുമായി ബന്ധപ്പെട്ട വേണ്ട നടപടി ബെംഗളൂരു എഫ്‌സിയും എടുക്കണമെന്നും ബ്ലാസ്റ്റെസ്റ്റ്സ് പറഞ്ഞു. ഫുട്ബോൾ പരസ്‌പരബഹുമാനവും മികച്ച സംസ്‌കാരവും വളർത്തിയെടുക്കുന്നതിനു വേണ്ടി ഉപയോഗിക്കണമെന്നും അവർ വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ഇന്ത്യൻ ഫുട്ബോളിന്റെ ഔദ്യോഗിക പ്രസ്‌താവനകളൊന്നും വന്നിട്ടില്ല. ബ്ലാസ്റ്റേഴ്‌സ് പരാതി നൽകിയ സ്ഥിതിക്ക് ഇക്കാര്യത്തിൽ അന്വേഷണം നടക്കുമെന്നുറപ്പാണ്. റയാൻ വില്യംസ് കുറ്റക്കാരനാണെന്നു വ്യക്തമായാൽ താരത്തിനെതിരെ നടപടിയുണ്ടാകും. ചിലപ്പോൾ മൂന്നു മത്സരം വരെ ഓസ്‌ട്രേലിയൻ താരം പുറത്തിരിക്കേണ്ടി വന്നേക്കാം.

Kerala Blasters Filed Complaint Against Ryan Williams Racicst Gesture