“അടുത്ത ലോകകപ്പിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിട്ടില്ല”- ഭാവി പരിപാടികൾ വെളിപ്പെടുത്തി ലയണൽ മെസി | Messi

ഖത്തർ ലോകകപ്പിൽ ഐതിഹാസികമായി തന്നെ ലയണൽ മെസി അർജന്റീനക്ക് കിരീടം സ്വന്തമാക്കി നൽകി. ആദ്യത്തെ മത്സരം തോറ്റെങ്കിലും പിന്നീടുള്ള മത്സരങ്ങളിൽ മെസി മുന്നിൽ നിന്ന് നയിച്ച് പൊരുതിയാണ് അർജന്റീന വിജയങ്ങൾ നേടി കിരീടം സ്വന്തമാക്കിയത്. ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ നേടിയ മെസിയായിരുന്നു ടൂർണമെന്റിലെ രണ്ടാമത്തെ ടോപ് സ്കോററും.

ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം നേടിയില്ലായിരുന്നെങ്കിൽ ഒരുപക്ഷെ മെസി ദേശീയ ടീമിൽ നിന്നും വിരമിച്ചേനെ. എന്നാൽ കിരീടം നേടിയതോടെ ഇനിയും അർജന്റീനക്കൊപ്പം തുടരാനാണ് മെസി തീരുമാനിച്ചത്. അടുത്ത വർഷം നടക്കുന്ന കോപ്പ അമേരിക്കയിൽ താനുണ്ടാകുമെന്ന് മെസി വെളിപ്പെടുത്തിയിട്ടുണ്ട്. അതിനിടയിൽ അടുത്ത ലോകകപ്പിൽ ഉണ്ടാകുമോയെന്ന ചോദ്യത്തിന് മെസി നൽകിയ മറുപടി ഇങ്ങിനെയാണ്‌.

“അടുത്ത ലോകകപ്പിനെ കുറിച്ച് ഞാൻ ചിന്തിക്കുന്നേയില്ല, കാരണം അതു വളരെ ദൂരത്താണ്. അടുത്ത വർഷം നടക്കുന്ന കോപ്പ അമേരിക്കയെക്കുറിച്ചാണെങ്കിൽ അതെ. അതൊരു നല്ല അനുഭവമായിരിക്കാൻ സാധ്യതയുണ്ട്. അതിനു ശേഷം നമുക്ക് നോക്കാം. ഞാനപ്പോൾ എങ്ങിനെയിരിക്കുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം. വർഷങ്ങൾ കടന്നു പോകുമ്പോൾ എന്റെ തോന്നലുകൾ എങ്ങിനെയാണെന്ന് ശ്രദ്ധിച്ചേ മതിയാകൂ.” മെസി പറഞ്ഞു.

“എനിക്ക് ഏറ്റവും ഇഷ്‌ടമുള്ള കാര്യം ഫുട്ബോൾ കളിക്കുകയാണ്. അത് സാധിക്കുന്നതിന്റെ പരമാവധി എനിക്ക് ആസ്വദിക്കണം. അതിനുമപ്പുറത്തേക്കുള്ള കാര്യങ്ങളെക്കുറിച്ച് എനിക്ക് ആലോചിക്കേണ്ടതില്ല.” മെസി അതിനൊപ്പം കൂട്ടിച്ചേർത്തു. ഇന്റർ മിയാമിയിൽ താൻ വളരെയധികം സന്തോഷവാനാണെന്നും മെസി പറഞ്ഞു. വളരെ സമാധാനവും സന്തോഷവും അമേരിക്കൻ ക്ലബിനൊപ്പം അനുഭവിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി.

അടുത്ത ലോകകപ്പ് നടക്കുമ്പോൾ ലയണൽ മെസിക്ക് മുപ്പത്തിയൊമ്പതു വയസായിരിക്കും പ്രായം. അതുകൊണ്ടു തന്നെ ആ സമയത്തേക്ക് ഫിറ്റ്നസ് നിലനിർത്താൻ താരത്തിന് കഴിയുമോയെന്ന കാര്യത്തിൽ സംശയമുണ്ട്. ഇപ്പോൾ തന്നെ പരിക്കിന്റെ പ്രശ്‌നങ്ങൾ ചെറുതായി താരത്തെ വലക്കുന്നതിനാൽ അടുത്ത ലോകകപ്പിനെക്കുറിച്ച് മെസി ഇപ്പോൾ ചിന്തിക്കുന്നുണ്ടാകില്ലെന്ന് തീർച്ചയാണ്. എന്നാൽ താരം കളിക്കണമെന്നാണ് ആരാധകരുടെ ആഗ്രഹം.

Messi About Playing Next World Cup