റഫറി പെനാൽറ്റി നൽകിയപ്പോൾ തീരുമാനം തെറ്റാണെന്ന് പറഞ്ഞു, സത്യസന്ധതയുടെ പ്രതിരൂപമായി റൊണാൾഡോ | Ronaldo
ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും വാർത്തകളിൽ നിറയുകയാണ്. അൽ നസ്റിൽ എത്തിയതിനു ശേഷം ഗോളുകൾ അടിച്ചു കൂട്ടുന്ന താരം ഇത്തവണ ഗോൾ നേടിയതിന്റെ പേരിലല്ല. മറിച്ച് ഗോൾ വേണ്ടെന്നു വെച്ചതിന്റെ പേരിലാണ് വാർത്തകളിൽ നിറയുന്നത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ റൊണാൾഡോയെ ഫൗൾ ചെയ്തതിന് പെനാൽറ്റി ലഭിച്ചപ്പോൾ റഫറിയുടെ തീരുമാനം തെറ്റാണെന്നു പറഞ്ഞ് ആ പെനാൽറ്റി തീരുമാനം റൊണാൾഡോ തിരുത്തുകയായിരുന്നു.
അൽ നസ്റും പേഴ്സപോളീസും തമ്മിൽ നടന്ന എഎഫ്സി ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെയായിരുന്നു സംഭവം നടന്നത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഇറാനിയൻ ക്ലബിന്റെ ബോക്സിലേക്ക് നടത്തിയ മികച്ചൊരു മുന്നേറ്റത്തിനിടയിൽ റൊണാൾഡോ ഫൗൾ ചെയ്യപ്പെട്ടു. താരം പെനാൽറ്റി ബോക്സിൽ വീണതോടെ റഫറി പെനാൽറ്റി വിധിക്കുകയും അതിനെതിരെ പ്രതിഷേധവുമായി ഇറാനിയൻ ക്ലബിന്റെ താരങ്ങൾ റഫറിയെ സമീപിക്കുകയും ചെയ്തു.
Beau geste de fair-play de Cristiano Ronaldo qui admet qu'il n'y a pas pénalty sur lui. 🇵🇹🫡pic.twitter.com/YnHvmGi2kS
— As Quinas 🇵🇹 (@AsQuinasOff) November 27, 2023
ഇതുവരെ കണ്ടിട്ടില്ലാത്തൊരു റൊണാൾഡോയെയാണ് ശേഷം കാണാൻ കഴിഞ്ഞത്. ഇറാനിയൻ ക്ലബിന്റെ താരങ്ങൾക്കൊപ്പം റഫറിയെ സമീപിച്ച റൊണാൾഡോ പെനാൽറ്റി നൽകാനുള്ള തീരുമാനം തെറ്റാണെന്നും താൻ ഫൗൾ ചെയ്യപ്പെട്ടിട്ടില്ലെന്നും ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു. ഒടുവിൽ റഫറി വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കുകയും അതൊരു പെനാൽറ്റി അല്ലെന്ന തീരുമാനം എടുക്കുകയും ചെയ്തതോടെ ഫുട്ബോൾ ലോകത്ത് ഒരു അസാധാരണ സംഭവമാണ് നടന്നത്.
Cristiano Ronaldo waved off his own penalty against Persepolis, telling the referee himself he didn't believe it was a foul. 👀
Not something you see every day in football. 👏 pic.twitter.com/do8L58tFYJ
— CBS Sports Golazo ⚽️ (@CBSSportsGolazo) November 27, 2023
റൊണാൾഡോയുടെ പ്രവൃത്തിക്ക് പല രീതിയിലുള്ള പ്രതികരണമാണ് വരുന്നത്. കളിക്കളത്തിൽ സത്യസന്ധത പുലർത്തുന്നതിന്റെ വലി ഉദാഹരണമാണ് റൊണാൾഡോയെന്നാണ് പലരും പറയുന്നത്. താരത്തിന്റെ പ്രവൃത്തി എല്ലാവർക്കും മാതൃകയാണെന്നും പലരും ചൂണ്ടിക്കാട്ടുന്നു. അതേസമയം മുൻപ് ഇല്ലാത്ത പെനാൽറ്റിക്ക് വേണ്ടി ഡൈവ് ചെയ്യുകയും അതിനു വേണ്ടി വാദിക്കുകയും ചെയ്തിട്ടുള്ള റൊണാൾഡോ ഷോ നടത്തിയതാണെന്നും വീഡിയോ പരിശോധിച്ചാൽ ആ പെനാൽറ്റി എന്തായാലും ഒഴിവാക്കുമെന്നും ചിലപ്പോൾ ഡൈവ് ചെയ്തതിന് റൊണാൾഡോക്ക് കാർഡ് ലഭിക്കുമായിരുന്നുവെന്നും പലരും പറയുന്നു.
എന്തായാലും റൊണാൾഡോയുടെ ചെയ്തത് എല്ലാവരും പിന്തുടർന്നാൽ ഫുട്ബോളിലെ പല തെറ്റായ തീരുമാനങ്ങളും ഇല്ലാതാവുമെന്നതിൽ സംശയമില്ല. എന്തായാലും പെനാൽറ്റി വേണ്ടെന്നു വെച്ചത് അൽ നസ്റിന്റെ വിജയത്തെ ഇല്ലാതാക്കി. മത്സരത്തിന്റെ പതിനേഴാം മിനുട്ടിൽ അലി അൽ ഔജാമി ചുവപ്പുകാർഡ് കണ്ടു പുറത്തു പോയതിനാൽ പത്ത് പേരുമായി കളിച്ച അൽ നസ്ർ ഗോൾരഹിത സമനില വഴങ്ങി. എങ്കിലും ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി അൽ നസ്ർ അടുത്ത റൗണ്ടിലേക്ക് മുന്നേറി.
Ronaldo Told Referee To Correct Penalty Decision