“ആരെങ്കിലുമൊന്നു തൊട്ടാൽ ഞാൻ ലോകചാമ്പ്യനാണെന്ന് പറയും”- ലോകകപ്പിനു ശേഷം മെസിയെ സഹിക്കാൻ പറ്റുന്നില്ലെന്ന് മുൻ ഫ്രഞ്ച് താരം | Messi

ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ കിരീടനേട്ടം ഐതിഹാസികമായ രീതിയിലായിരുന്നു. സൗദി അറേബ്യക്കെതിരായ ആദ്യത്തെ മത്സരം തോറ്റതോടെ എല്ലാവരും എഴുതിത്തള്ളിയ ടീം അതിനു ശേഷം അവിശ്വസനീയമായ രീതിയിൽ ഉയർത്തെഴുന്നേറ്റു വന്നാണ് കിരീടം സ്വന്തമാക്കിയത്. ഒരുപാട് വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം നേടിയ കിരീടമായതിനാൽ തന്നെ അർജന്റീന താരങ്ങളും ആരാധകരും അതിൽ മതിമറന്ന് ആഘോഷിക്കുകയും ചെയ്‌തിരുന്നു.

എന്നാൽ ലോകകപ്പ് നേടിയതിനു ശേഷം അർജന്റീന ടീമിന്റെയും നായകനായ ലയണൽ മെസിയുടെയും മനോഭാവത്തിൽ വലിയ മാറ്റങ്ങളുണ്ടെന്നാണ് മുൻ ഫ്രഞ്ച് താരമായ ജെറോം റോത്തൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. കുറച്ചുകൂടി നിലവാരം അർജന്റീന താരങ്ങൾ കാണിക്കണമെന്നും അതിന്റെ കാരണവും താരം പറയുന്നു. ഫ്രഞ്ച് മാധ്യമമായ ആർഎംസി സ്പോർട്ടിനോട് സംസാരിക്കുമ്പോഴാണ് ജെറോം റോത്താൻ മെസിക്കും അർജന്റീനക്കുമെതിരെ പരാമർശങ്ങൾ നടത്തിയത്.

“അർജന്റീനയുടെ പെരുമാറ്റത്തെക്കുറിച്ച് പറയുമ്പോൾ, മറ്റുള്ളവരെ ആദ്യം ആക്രമിക്കുന്നത് അവരാണ്. ഈ ടീമിലെ താരമായ ലയണൽ മെസിയിൽ നിന്നു തന്നെ അത് തുടങ്ങുന്നു. ഇപ്പോൾ അവൻ ഒരു ലോക ചാമ്പ്യനാണ്, രണ്ട് വർഷം മുമ്പ് പിഎസ്‌ജിയിൽ എത്തിയ അദ്ദേഹത്തിന് ലോകകപ്പിന് മുന്നോടിയായി നല്ല വിശ്രമം ലഭിച്ചു. വളരെ നല്ല സ്വഭാവമുള്ള താരമെന്ന പ്രതിച്ഛായയും അർജന്റീന താരത്തിനുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അവൻ മാറി.”

“കാരണം ഇപ്പോൾ അവന്റെ യഥാർത്ഥ വ്യക്തിത്വം പുറത്തുവരുന്നു, അവൻ പിടി കൊടുത്തിരിക്കുന്നു. ഇന്ന് നിങ്ങൾക്ക് അവനെ തൊടാൻ പോലും കഴിയില്ല. അവനെതിരെ തിരിയുമ്പോഴെല്ലാം റോഡ്രിഗോയോട് പറഞ്ഞതു പോലെ “ഞാനൊരു ലോകചാമ്പ്യനാണ്” എന്നവൻ പറയുന്നു. ഇത് അർജന്റീനക്കാരുടെ യഥാർത്ഥ ചിത്രം പ്രതിഫലിപ്പിക്കുന്നു. അർജന്റീനിയൻ ദേശീയത അങ്ങനെയാണ്, മറ്റൊരാൾ കാരണം നിങ്ങൾ ഉയർന്നതായി തോന്നുന്നു. അവർക്ക് കൂടുതൽ നിലവാരം കാണിക്കാം.” റോത്തൻ പറഞ്ഞു.

ലയണൽ മെസി പിഎസ്‌ജിയിൽ ഉണ്ടായിരുന്ന സമയത്തു തന്നെ രൂക്ഷമായ വിമർശനങ്ങൾ താരത്തിനെതിരെ നടത്തിയിരുന്ന വ്യക്തിയാണ് ജെറോം റോത്തൻ. എന്നാൽ നിലവിൽ അദ്ദേഹം നടത്തിയ വിമർശനങ്ങൾ ലോകകപ്പിൽ ഫ്രാൻസ് ആർജന്റീനയോട് തോൽവി വഴങ്ങിയതിന് ഒരു ഫ്രഞ്ച് താരത്തിനുള്ള നിരാശയായാണ് പലരും കണക്കാക്കുന്നത്. അതേസമയം മെസിയുടെ തണുപ്പൻ മനോഭാവത്തിനു ലോകകപ്പിനു മുൻപ് തന്നെ മാറ്റമുണ്ടായിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല.

Messi Behaviour Changed After World Cup Says Rothen