ഒരുപാട് സന്തോഷിക്കേണ്ട, വലിയൊരു പ്രതിസന്ധിയാണ് വരാനിരിക്കുന്നത്; കേരള ബ്ലാസ്റ്റേഴ്‌സിന് മുന്നറിയിപ്പുമായി ഇവാൻ വുകോമനോവിച്ച് | Vukomanovic

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ നിലവിലെ കുതിപ്പ് ആരാധകർക്ക് വളരെയധികം ആവേശവും പ്രതീക്ഷയും നൽകുന്നതാണ്. ഈ സീസണിൽ ഏഴു മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ അതിൽ അഞ്ചെണ്ണത്തിലും വിജയിച്ച ടീം ഒരെണ്ണത്തിൽ സമനിലയും ഒന്നിൽ തോൽവിയും വഴങ്ങി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് നിൽക്കുന്നത്. മറ്റുള്ള ടീമുകൾക്ക് ബ്ലാസ്‌റ്റേഴ്‌സിനെ മറികടക്കാൻ അവസരമുണ്ടെങ്കിലും ഇത്രയും മികച്ച പ്രകടനം ടീമിൽ നിന്നും വന്നത് സന്തോഷം തന്നെയാണ്.

ബെംഗളൂരു, ജംഷഡ്‌പൂർ, ഒഡിഷ, ഈസ്റ്റ് ബംഗാൾ, ഹൈദരാബാദ് എന്നീ ടീമുകൾക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയത്. ഇതിൽ ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരമൊഴികെ ബാക്കിയെല്ലാം ബ്ലാസ്റ്റേഴ്‌സ് സ്വന്തം മൈതാനത്താണ് കളിച്ചത്. മുംബൈ സിറ്റിക്കെതിരെ എവേ മത്സരത്തിൽ തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങിയത് നോർത്ത്ഈസ്റ്റിനെതിരെയാണ്. അതേസമയം ടീമിന്റെ ഇപ്പോഴത്തെ നിലയിൽ ഒരുപാട് സന്തോഷിക്കാൻ കഴിയില്ലെന്നും കടുത്ത പോരാട്ടങ്ങൾ വരുന്നുണ്ടെന്നുമാണ് ഇവാൻ പറയുന്നത്.

“ഡിസംബറിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് ചില കടുപ്പമേറിയ കളികൾ വരാനുണ്ട്. 16 പോയിന്റു നേടിയതും, പട്ടികയിൽ ഒന്നാമതെത്തിയതും ടീമിനു വളരെയധികം പ്രചോദനം നൽകുന്നു. ഒരുപക്ഷേ ഇത് കേരളത്തിൽ മുമ്പ് നടന്നിട്ടില്ലായിരിക്കാം, നമ്മൾ ഇത് ശീലിക്കുകയും വിനയത്തോടു കൂടി തുടരുകയും വേണം. ഇനിയും പതിനഞ്ചു മത്സരങ്ങൾ നമ്മൾ കളിക്കാൻ ബാക്കിയുണ്ട്.” കഴിഞ്ഞ മത്സരത്തിനു ശേഷം സംസാരിക്കുമ്പോൾ ഇവാൻ വുകോമനോവിച്ച് പറഞ്ഞു.

വുകോമനോവിച്ചിന്റെ മുന്നറിയിപ്പ് ഗൗരവത്തിലെടുക്കേണ്ട ഒന്നാണെന്ന് ഡിസംബറിൽ വരാനിരിക്കുന്ന മത്സരങ്ങൾ പരിശോധിച്ചാൽ മനസ്സിലാക്കാവുന്ന കാര്യമാണ്. ചെന്നൈയിൻ എഫ്‌സിക്കെതിരെ അടുത്ത ദിവസം വരാനിരിക്കുന്ന മത്സരം കഴിഞ്ഞാൽ ഡിസംബറിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ എഫ്‌സി ഗോവ, പഞ്ചാബ് എഫ്‌സി, മുംബൈ സിറ്റി, മോഹൻ ബഗാൻ എന്നിവരാണ്. ഇതിൽ പഞ്ചാബിന് എതിരെയുള്ള മത്സരമൊഴികെ ബാക്കിയെല്ലാം ബ്ലാസ്റ്റേഴ്‌സിന് കടുപ്പമേറിയതാണ്.

നിലവിലെ ടോപ് സിക്‌സ് ടീമുകൾക്കെതിരെയുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനവും ഇതിനൊപ്പം പരിശോധിക്കേണ്ടതാണ്. മുംബൈ സിറ്റി, ഒഡിഷ എഫ്‌സി, നോർത്ത്ഈസ്റ്റ് യുണൈറ്റഡ് എന്നീ ടീമുകളോടാണ് ബ്ലാസ്റ്റേഴ്‌സ് ബ്ലാസ്റ്റേഴ്‌സ് ഇതുവരെ മത്സരിച്ചിരിക്കുന്നത്. അതിൽ ഒഡിഷയോട് മാത്രമാണ് ടീമിന് വിജയം നേടാൻ കഴിഞ്ഞിട്ടുള്ളത്. അതുകൊണ്ടു തന്നെ ഡിസംബർ ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു മാസം തന്നെയാണ്.

Vukomanovic Warns About December Schedule