മഞ്ഞക്കാർഡ് നൽകിയ റഫറിയോട് വീഡിയോ പരിശോധിക്കാൻ റാമോസ്, വീഡിയോ പരിശോധിച്ച റഫറി നൽകിയത് ചുവപ്പുകാർഡ് | Ramos

സമകാലീന ഫുട്ബോളിലെ ഏറ്റവും മികച്ച ഡിഫെൻഡർമാരിൽ ഒരാളാണെങ്കിലും സെർജിയോ റാമോസും ചുവപ്പു കാർഡും തമ്മിൽ അഭേദ്യമായൊരു ബന്ധമുണ്ട്. കരിയറിൽ ഏറ്റവുമധികം ചുവപ്പു കാർഡുകൾ നേടിയ ഫുട്ബോൾ താരങ്ങളിൽ ഒരാളായ സെർജിയോ റാമോസ് അതിന്റെ പേരിൽ ആരാധകരിൽ നിന്നും ഒരുപാട് കളിയാക്കലുകൾക്ക് വിധേയനായിട്ടുണ്ട്. അതിനിടയിൽ കഴിഞ്ഞ ദിവസത്തെ മത്സരത്തിനിടയിൽ താരത്തിന് സംഭവിച്ചത് വീണ്ടും രൂക്ഷമായ ട്രോളുകൾ ഏറ്റു വാങ്ങുകയാണ്.

കഴിഞ്ഞ ദിവസം റയൽ സോസിഡാഡും റാമോസ് ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്ന ക്ലബായ സെവിയ്യയും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം നടന്നത്. മത്സരം തൊണ്ണൂറാം മിനുട്ടിലേക്ക് അടുക്കുന്ന സമയത്ത് സോസിഡാഡ് താരമായ ബ്രൈസ് മെൻഡസ് നടത്തിയ നീക്കം തടയാൻ റാമോസ് ഫൗൾ ചെയ്‌തു. റഫറി ഓടിയെത്തി നേരത്തെ തന്നെ ഒരു മഞ്ഞക്കാർഡ് വാങ്ങിയ താരത്തിന് രണ്ടാമത്തെ മഞ്ഞക്കാർഡും ചുവപ്പുകാർഡും നൽകുകയും ചെയ്‌തു.

എന്നാൽ അതൊരു ഫൗളല്ലെന്നും താൻ പന്തിലാണ് തട്ടിയതെന്നുമാണ് സെർജിയോ റാമോസ് ഉറച്ചു വിശ്വസിച്ചിരുന്നത്. തന്റെ നിരപരാധിത്വം തെളിയിക്കാൻ വേണ്ടി വാദിച്ച സ്‌പാനിഷ്‌ താരം റഫറിയോട് വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കാൻ ആവശ്യപ്പെടുകയായിരുന്നു. സെവിയ്യ താരങ്ങളും റാമോസിനു പിന്നിൽ അടിയുറച്ചു നിന്നു താരത്തിനു വേണ്ടി വാദിച്ചതോടെ റഫറി വീഡിയോ ദൃശ്യം പരിശോധിച്ചു. അതിനു ശേഷമാണ് രസകരമായ സംഭവം നടന്നത്.

വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച റഫറി തിരിച്ചെത്തി താരത്തിന് രണ്ടാമത് നൽകിയ മഞ്ഞക്കാർഡ് ഒഴിവാക്കുന്നുവെന്ന് കാണിക്കുകയും അതിനു പിന്നാലെ ഡയറക്റ്റ് റെഡ് കാർഡ് നൽകുകയും ചെയ്‌തു. അത്രയും ഗുരുതരമായ ഒരു ഫൗളാണ് റാമോസ് നടത്തിയതെന്ന് വീഡിയോ പരിശോധിച്ചപ്പോഴാണ് റഫറിക്ക് മനസിലായത്. രണ്ടു മഞ്ഞക്കാർഡിനുള്ള ഫൗളിന് ഒരു മത്സരത്തിൽ വിലക്ക് ലഭിക്കേണ്ട റാമോസ്‌ നേരിട്ടു ചുവപ്പുകാർഡ് നേടിയതോടെ കൂടുതൽ മത്സരങ്ങൾ പുറത്തിരിക്കേണ്ടി വരും.

സംഭവം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ട്രോളുകൾ ഏറ്റു വാങ്ങുന്നുണ്ട്. മഞ്ഞക്കാർഡ് റാമോസിന് ഇഷ്‌ടമല്ലെന്നും അതുകൊണ്ടു തന്നെ റഫറിയോട് വീഡിയോ ദൃശ്യങ്ങൾ പരിശോധിപ്പിച്ച് നേരിട്ട് ചുവപ്പുകാർഡ് നേടിയതോടെ താരം സന്തോഷവാനായി എന്നുമാണ് പലരും പറയുന്നത്. റാമോസിന് പുറമെ ജീസസ് നവാസിനും നേരിട്ട് ചുവപ്പുകാർഡ് ലഭിച്ച മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് സെവിയ്യ പരാജയപ്പെടുകയാണ് ചെയ്‌തത്‌.

Sergio Ramos Got Red Card In Funny Incident