ഏഴു മത്സരങ്ങളിൽ ഗോളോ അസിസ്റ്റോ ഇല്ല, പെപ്ര കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ ഇലവനിൽ തുടരുന്നതിന്റെ കാരണമെന്താണ് | Peprah

ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ തുടങ്ങുന്നതിനു തൊട്ടു മുൻപ്, ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാന ദിവസങ്ങളിലാണ് ഘാന താരമായ ക്വാമ പെപ്രയെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്നത്. ആഫ്രിക്കയിലെയും ഇസ്രെയേലിലെയും വിവിധ ക്ലബുകൾക്കായി കളിച്ചിട്ടുള്ള ഇരുപത്തിരണ്ടു വയസ് മാത്രം പ്രായമുള്ള താരത്തെ സ്വന്തമാക്കിയതിലൂടെ ബ്ലാസ്റ്റേഴ്‌സ് ഭാവിയിലേക്ക് ഉപകാരപ്പെടുന്ന ഒരു സൈനിങ്‌ നടത്തിയെന്നു പലരും കരുതിയെങ്കിലും സീസൺ ആരംഭിച്ചപ്പോൾ കാര്യങ്ങൾ മാറി മറിഞ്ഞു.

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് കളിച്ച ഏഴു മത്സരങ്ങളിലും ഇറങ്ങിയ താരമാണ് പെപ്ര. എന്നാൽ ഇതുവരെ ഒരു ഗോളോ അസിസ്റ്റോ ടീമിനു വേണ്ടി സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ല. ഒരു സ്‌ട്രൈക്കറുടെ പ്രധാന ജോലി ഗോളടിക്കുക എന്നതാണെന്നിരിക്കെ താരത്തിന്റെ മോശം പ്രകടനം ആരാധകരുടെ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. എന്നാൽ താരത്തിന്റെ പ്രകടനം ഇത്തരത്തിലാണെങ്കിലും ടീമിനെ ആദ്യ ഇലവനിൽ പെപ്ര സ്ഥിരമായി ഇറങ്ങുന്നത് ആരാധകർക്ക് അത്ഭുതമാണ്.

ഗോളടിക്കുന്നില്ലെങ്കിലും ഇവാൻ വുകോമനോവിച്ചിന്റെ പദ്ധതികളിൽ പെപ്ര സ്ഥിരസാന്നിധ്യമാകുന്നതും മുഴുവൻ സമയം കളിക്കുന്നതും താരത്തിന്റെ അസാധാരണമായ വർക്ക് റേറ്റ് കാരണമാണ്. സോഫാസ്‌കോറിൽ കഴിഞ്ഞ ഏഴു മത്സരങ്ങളിൽ താരത്തിന്റെ ഹീറ്റ്‌മാപ്പ് എടുത്തു നോക്കിയാൽ മൈതാനത്തിന്റെ എല്ലാ ഭാഗത്തും പെപ്ര എത്തിയിട്ടുണ്ടെന്നു കാണാം. ഈ വളരെ കായികശേഷി കൂടിയ താരത്തിന്റെ ഈ പ്രെസിങ് എതിർടീമിന്റെ കളിയുടെ ഒഴുക്കിനെ ഇല്ലാതാക്കുന്നതാണ്.

ഗോളടിയിൽ പിന്നിലാണെങ്കിലും പെപ്ര വളരെയധികം മുന്നിൽ നിൽക്കുന്ന കാര്യമാണ് ഏരിയൽ ഡുവൽസ്. ഇത് പന്ത് വീണ്ടെടുക്കാൻ ടീമിനെ സഹായിക്കുന്നു. എല്ലാ സ്‌ട്രൈക്കർമാരുടെയും ജോലി ഗോളടിക്കുക എന്നത് മാത്രമായിരിക്കില്ല. എതിരാളികളുടെ മുന്നേറ്റത്തെ മുളയിലേ നുള്ളുകയെന്ന ജോലി യൂറോപ്യൻ ഫുട്ബോളിൽ തന്നെ പല ടീമുകളിലെയും സ്‌ട്രൈക്കർമാർ ചെയ്യാറുണ്ട്. ഇവിടെ ആ ജോലി തന്നെ ഏൽപ്പിച്ചതിലും ഭംഗിയായി പെപ്ര നിർവഹിക്കുന്നുണ്ട്.

പെപ്രയുടെ ഏറ്റവും കരുത്തുറ്റ കാര്യം ഹെഡർ ഗോളുകൾ നേടുന്നതിനുള്ള കഴിവാണ്. അത് താരം മുൻപ് കളിച്ചിട്ടുള്ള ടീമുകളിൽ തെളിയിക്കുകയും ചെയ്‌തിട്ടുണ്ട്‌. എന്നാൽ ബ്ലാസ്റ്റേഴ്‌സിൽ കൂടുതൽ ഹെഡർ ശ്രമം നടത്താൻ താരത്തിന് കഴിഞ്ഞിട്ടില്ല. ഗോളടിമികവ് തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും താരം ടീമിനെ വളരെയധികം സഹായിക്കുന്നുണ്ട് എന്നതിനാൽ തന്നെയാണ് ഇവാൻ പെപ്രയെ വിശ്വസിക്കുന്നത്. ചിലപ്പോൾ നിര്ണായകമായൊരു ഗോൾ നേടിയാകും പെപ്ര അതിനു പ്രതിഫലം നൽകുക.

Reason Peprah Still In Kerala Blasters XI Without Scoring A Goal