പ്ലാൻ ചെയ്‌ത കാര്യങ്ങൾ കൃത്യമായി നടപ്പിലാക്കിയതിൽ സന്തോഷമുണ്ട്, സൗന്ദര്യമുള്ള ഫുട്ബോൾ കളിക്കുന്നതിലല്ല കാര്യമെന്ന് ഇവാൻ വുകോമനോവിച്ച് | Vukomanovic

ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് അവസാനം വരെ പൊരുതിയാണ് വിജയം സ്വന്തമാക്കിയത്. പോയിന്റ് ടേബിളിൽ അവസാന സ്ഥാനങ്ങളിൽ നിൽക്കുന്ന ഹൈദരാബാദ് എഫ്‌സിക്കെതിരെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ അനായാസം വിജയം നേടാമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയതെങ്കിലും കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ആക്രമണത്തിൽ ഹൈദരാബാദ് മുന്നിട്ടു നിന്ന മത്സരത്തിൽ ഒരേയൊരു ഗോളിൽ കടിച്ചു തൂങ്ങിയാണ് ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയത്.

ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്‌സിന് ചെറിയൊരു മേധാവിത്വം അവകാശപ്പെടാൻ കഴിഞ്ഞിരുന്നെങ്കിലും ഗോൾ നേടിയതിനു ശേഷമുള്ള രണ്ടാം പകുതിയിൽ അവർ പിൻവലിഞ്ഞാണ് കളിച്ചത്. അത് ഹൈദരാബാദ് ആക്രമണങ്ങളെ കൂടുതൽ ശക്തമാക്കുകയും ചെയ്‌തു. എന്നാൽ താൻ ഉദ്ദേശിച്ച പദ്ധതിയും തന്ത്രങ്ങളും കൃത്യമായി കളിക്കളത്തിൽ നടപ്പിലാക്കാൻ കഴിഞ്ഞുവെന്നാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മത്സരത്തിനു ശേഷം പറഞ്ഞത്. സൗന്ദര്യമുള്ള ഫുട്ബോളിനേക്കാൾ പോയിന്റുകളാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.

“ഒരുമിച്ച് പൊരുത്തണമെന്നും പന്തിനായി ഒരുപാട് ഓടേണ്ടി വരുമെന്നും ഞങ്ങൾക്ക് അറിയാമായിരുന്നു. ഗോൾ വഴങ്ങാതെ, ക്ലീൻ ഷീറ്റ് നേടാൻ വേണ്ടി പ്രതിരോധത്തിലൂന്നിയുള്ള കളിയാണ് കാഴ്‌ച വെക്കേണ്ടതെന്നും അറിയാമായിരുന്നു. അതാണ് ഞങ്ങളുടെ മനസിലുണ്ടായിരുന്നത്. എതിരാളികളെ കടന്നുപോകാൻ അനുവദിക്കാതെ ശക്തമായി പ്രതിരോധിക്കുന്ന മനോഭാവമുള്ള ഇതുപോലെയുള്ള താരങ്ങളുടെ ഗ്രൂപ്പുള്ളത് ഒരു പരിശീലകനെന്ന നിലയിൽ സന്തോഷം നൽകുന്ന കാര്യമാണ്.”

“ബ്രേക്കിനു ശേഷം താളം വീണ്ടെടുക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. മികച്ച താരങ്ങളുള്ള, ഒന്നും നഷ്ടപ്പെടാനില്ലാത്ത ഹൈദരാബാദ് എഫ്‌സിയെ നേരിടുക ബുദ്ധിമുട്ടാണെന്ന് അറിയാമായിരുന്നു. എന്തായാലും അവസാനം മൂന്നു പോയിന്റ് നേടി, അതു മാത്രമാണ് പ്രധാനപ്പെട്ടത്. ഐഎസ്എൽ തുടങ്ങുമ്പോൾ തന്നെ പോയിന്റ് നേടിയെടുക്കുക ബുദ്ധിമുട്ടാണെന്ന് വ്യക്തമായിരുന്നു. ചിലപ്പോൾ നമ്മൾ ഫുട്ബോളിന്റെ സൗന്ദര്യത്തെ മറക്കേണ്ടി വരും, കാരണം ടേബിളിൽ ഒന്നാം സ്ഥാനത്തു നിൽക്കാൻ പോയിന്റുകളാണ് വേണ്ടത്.” അദ്ദേഹം വ്യക്തമാക്കി.

നിലവിൽ ഏഴു മത്സരങ്ങളിൽ നിന്നും പതിനാറു പോയിന്റുകളുമായി പോയിന്റ് ടേബിളിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്തു നിൽക്കുന്നുണ്ടെങ്കിലും അതിനു താഴെയുള്ള മൂന്നു ടീമുകളും കുറവ് മത്സരങ്ങളാണ് കളിച്ചിട്ടുള്ളത് എന്നതിനാൽ അവർക്ക് മുന്നിലെത്താൻ അവസരമുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരവും സ്വന്തം മൈതാനത്ത് വെച്ചാണ്. ചെന്നൈയിൻ എഫ്‌സിക്കെതിരെയുള്ള ആ മത്സരത്തിനു ശേഷം ബ്ലാസ്റ്റേഴ്‌സ് കരുത്തരായ ഗോവക്കെതിരെ എവേ മത്സരമാണ് കളിക്കുക.

Vukomanovic Enforced His Plans Against Hyderabad FC