ഗോട്ട് മോഡിൽ എമിലിയാനോ, അവിശ്വസനീയ ഗോളുമായി ലോ സെൽസോ; പ്രീമിയർ ലീഗിൽ അർജന്റീന താരങ്ങളുടെ മിന്നും പ്രകടനം | Emiliano Martinez

മാഞ്ചസ്റ്റർ യുണൈറ്റഡും എവർട്ടണും തമ്മിൽ നടന്ന മത്സരത്തിൽ അർജന്റീന താരമായ അലസാൻഡ്രോ ഗർനാച്ചോ നേടിയ ഗോളാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. അവിശ്വസനീയമായ ആംഗിളിൽ നിന്നും താരം നേടിയ പെർഫെക്റ്റ് ഫ്രീകിക്ക് ഗോൾ അതിമനോഹരമായിരുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കോപ്പ അമേരിക്ക വരാനിരിക്കെ താരം ഫോമിലേക്ക് തിരിച്ചെത്തുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നത് അർജന്റീന ആരാധകർക്ക് സന്തോഷം നൽകുന്നതാണ്.

എന്നാൽ ഇന്നലെ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം നടത്തിയ അർജന്റീന താരം അലസാൻഡ്രോ ഗർനാച്ചോ മാത്രമല്ല. ടോട്ടനം ഹോസ്‌പറും ആസ്റ്റൺ വില്ലയും തമ്മിൽ നടന്ന മത്സരത്തിലും അർജന്റീന താരങ്ങളുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. ആസ്റ്റൺ വില്ല ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയം നേടിയ മത്സരത്തിൽ അർജന്റീന താരങ്ങളായ ലോ സെൽസോ, എമിലിയാനോ മാർട്ടിനസ് എന്നിവരാണ് ഗംഭീര പ്രകടനം അവരുടെ ടീമിനായി പുറത്തെടുത്തത്.

മത്സരത്തിൽ ടോട്ടനം ഹോസ്‌പർ നേടിയ ഒരേയൊരു ഗോൾ ലോ സെൽസോയുടെ വകയായിരുന്നു. മത്സരത്തിന്റെ ഇരുപത്തിരണ്ടാം മിനുട്ടിലാണ് ബോക്‌സിന് പുറത്തു നിന്നുള്ള ഒരു ഷോട്ടിലൂടെയാണ് അർജന്റീന താരം ടീമിനായി ഗോൾ കണ്ടെത്തിയത്. എന്നാൽ ആ ലീഡ് നിലനിർത്താൻ ടോട്ടനം ഹോസ്‌പറിനു കഴിഞ്ഞില്ല. മികച്ച മുന്നേറ്റങ്ങൾ അവർ നടത്തിയെങ്കിലും അവർക്കു മുന്നിലെ പ്രധാന പ്രതിബദ്ധം ആസ്റ്റൺ വില്ല ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസായിരുന്നു.

മത്സരത്തിൽ ആസ്റ്റൺ വില്ലക്കായി ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങളിൽ ഒരാളായ എമിലിയാനോ മാർട്ടിനസ് ആറു സേവുകളാണ് നടത്തിയത്. അതിൽ അഞ്ചെണ്ണവും ബോക്‌സിന്റെ ഉള്ളിൽ നിന്നുമുള്ള ഷോട്ടുകളായിരുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം. അതിൽ തന്നെ രണ്ടാം പകുതിയിൽ താരം നടത്തിയ അടുപ്പിച്ചുള്ള രണ്ടു സേവുകൾ പ്രത്യേകം കയ്യടി അർഹിക്കുന്നു. ആസ്റ്റൺ വില്ലയുടെ വിജയമുറപ്പിച്ചതും എമിലിയാനോ മാർട്ടിനസ് തന്നെയായിരുന്നു.

മത്സരത്തിൽ വിജയം നേടിയതോടെ ആസ്റ്റൺ വില്ല പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തേക്ക് മുന്നേറി. അതേസമയം സീസണിൽ മികച്ച ഫോമിൽ കളിച്ചിരുന്ന ടോട്ടനം ഹോസ്‌പർ തോൽവിയോടെ ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്. ടീമിന്റെ പ്രധാന താരമായിരുന്ന ജെയിംസ് മാഡിസണിലെ അഭാവം ടോട്ടനത്തെ ബാധിച്ചിട്ടുണ്ട്. അതേസമയം ഉനെ എമറിയുടെ കീഴിലുള്ള കുതിപ്പ് നിലനിർത്തി ആസ്റ്റൺ വില്ല ചാമ്പ്യൻസ് ലീഗ് യോഗ്യത നെടുമോയെന്നാണ് ഏവരും ഉറ്റു നോക്കുന്നത്.

Emiliano Martinez Saves Lo Celso Goal In Tottenham Vs Aston Villa